ടൈറ്റാനിക്കിലെ ആ സീൻ വരുമ്പോഴേക്കും അവർ ടി.വി ഓഫാക്കും, ഞാൻ പിന്നെയത് കാണുന്നത് അന്നാണ്: സിജു വിൽസൺ
Entertainment
ടൈറ്റാനിക്കിലെ ആ സീൻ വരുമ്പോഴേക്കും അവർ ടി.വി ഓഫാക്കും, ഞാൻ പിന്നെയത് കാണുന്നത് അന്നാണ്: സിജു വിൽസൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd August 2024, 11:14 am

ലോക വ്യാപാകമായി ഏറ്റവും സ്വീകര്യത നേടി ഗംഭീര വിജയമായ ഹോളിവുഡ് ചിത്രമാണ് ടൈറ്റാനിക്. ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രം 27 വർഷങ്ങൾക്കിപ്പുറവും ബോക്സ്‌ ഓഫീസ് കളക്ഷനിൽ മുന്നിട്ട് നിൽക്കുന്നുണ്ട്.

ടൈറ്റാനിക്കിൽ ഏറെ ശ്രദ്ധ നേടിയ റൊമാന്റിക് സീനായിരുന്ന് റോസിന്റെ ചിത്രം വരയ്ക്കുന്ന ജാക്കിന്റെ രംഗം. ലിയനാർഡോ ഡിക്രാപിയോയും കേറ്റ് വിൻസ്‌ലെറ്റുമായിരുന്നു പ്രധാന അഭിനേതാക്കൾ.

ചിത്രത്തിലെ ഈ രംഗം പണ്ട് തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് നടൻ സിജു വിൽസൺ. ആദ്യമായി വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ടൈറ്റാനിക് കാണുമ്പോൾ ആ സീൻ വന്നപ്പോൾ അവർ ടി. വി ഓഫാക്കിയെന്നും പിന്നീട് താൻ പ്ലസ് ടുവൊക്കെ കഴിഞ്ഞ ശേഷമാണ് ടൈറ്റാനിക് പൂർണമായി കാണുന്നതെന്നും സിജു പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു സിജു വിൽസൺ.

‘ടൈറ്റാനിക് ആദ്യമായി കാണുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ചെറുപ്പത്തിൽ വി.സി.ആറിൽ കാസറ്റ് ഇട്ടിട്ടാണ് ടൈറ്റാനിക് കണ്ടത്. അത് കാണുന്ന സമയത്ത്, പടത്തിൽ ജാക്ക് റോസിനെ വരയ്ക്കുന്ന സീനിലേക്ക് പതിയെ എത്തിക്കൊണ്ടിരിക്കുകയാണ്.

മൂഡ് ക്രീയേഷൻ വരുമ്പോഴേക്കും നമുക്ക് ചെറുതായിട്ട് തോന്നും എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന്. പക്ഷെ അപ്പോഴേക്കും ഒറ്റ ഓഫാവലാണ് ടി.വി.

 

അത് കഴിഞ്ഞ് ഞാൻ പ്ലസ്ടുവിൽ എത്തിയ സമയത്തെങ്ങാനുമാണ് ഫുൾ മൂവി കാണുന്നത്. സത്യത്തിൽ ആ സീനെല്ലാം കഴിഞ്ഞതിന് ശേഷമാണല്ലോ സിനിമയിലെ മെയിൻ പാർട്ടൊക്കെ വരുന്നത്. അന്നാണ് അതൊക്കെ കാണുന്നത്. ആ ചിത്രം വരയ്ക്കുന്ന സീൻ എത്തുമ്പോൾ കട്ടാണ്. പക്ഷെ ബാക്കി കപ്പൽ തകരുന്നതും കാര്യങ്ങൾ എല്ലാം നടക്കുന്നതും ആ സീൻ കഴിഞ്ഞിട്ടാണല്ലോ. അതൊന്നും അന്ന് കാണാൻ പറ്റിയില്ല.

കാരണം വീട്ടുക്കാർ പിന്നീട് അത് വെക്കില്ല. വീട്ടുകാരും ബാക്കി കാണില്ല. വീട്ടുകാർക്കും ഇങ്ങനെ ഒരു സീൻ ഉള്ളതൊന്നും അറിയില്ല. അങ്ങോട്ട് എത്തുമ്പോഴേക്കും ഒരൊറ്റ ഓഫാക്കലാണ്,’ സിജു വിൽ‌സൺ പറയുന്നു.

 

Content Highlight: Siju Wilson Talk About Titanic Movie Scene