ഫലസ്തീന്‍ അനുകൂല കത്തില്‍ ഒപ്പുവെച്ചു; ന്യൂയോര്‍ക് ടൈംസ് പോളിസി ലംഘനത്തില്‍ സ്റ്റാഫ് റൈറ്ററുടെ രാജി
World News
ഫലസ്തീന്‍ അനുകൂല കത്തില്‍ ഒപ്പുവെച്ചു; ന്യൂയോര്‍ക് ടൈംസ് പോളിസി ലംഘനത്തില്‍ സ്റ്റാഫ് റൈറ്ററുടെ രാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th November 2023, 6:06 pm

വാഷിങ്ടണ്‍: ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ അപലപിച്ച് എഴുതിയ തുറന്ന കത്തില്‍ ഒപ്പിട്ട ‘ദ ന്യൂയോര്‍ക്ക് ടൈംസ്’ലെ സ്റ്റാഫ് റൈറ്റര്‍ ജാസ്മിന്‍ ഹ്യൂസ് രാജിവച്ചു. പത്രത്തിന്റെ പോളിസിക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നതാണ് ജാസ്മിന്‍ ഹ്യൂസ് രാജി വെക്കാന്‍ കാരണമായത്. ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കിയും ഇസ്രഈല്‍ അധിനിവേശത്തെ എതിര്‍ത്തുകൊണ്ടുമായിരുന്നു തുറന്ന കത്ത് എഴുതിയത്.

ജാസ്മിന്‍ ഹ്യൂസിന് ശക്തമായ ബോധ്യങ്ങളുണ്ടെന്നും അവയെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ എഡിറ്റര്‍ ജേക്ക് സില്‍വര്‍സ്റ്റീന്‍ പറഞ്ഞു. എന്നാല്‍ തുറന്ന കത്തും ഫലസ്തീന്‍ അനുകൂല നിലപാടുകളും പൊതുജന പ്രതിഷേധം സംബന്ധിക്കുന്ന ടൈംസിന്റെ നയത്തിന്റെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ നയങ്ങള്‍ താന്‍ പൂര്‍ണമായും പിന്തുണക്കുന്നതാണെന്നും അത് സ്ഥാപനത്തിന്റെ പ്രതിബദ്ധതയുടെ ഒരു പ്രധാന ഭാഗമാണെന്നും സില്‍വര്‍സ്റ്റീന്‍ പറഞ്ഞു.

ഈ വര്‍ഷത്തില്‍ തന്നെ ഹ്യൂസ് മറ്റൊരു പൊതു കത്തില്‍ ഒപ്പിട്ടിരുന്നെന്നും അത് വാര്‍ത്താ സ്ഥാപനത്തിന്റെ നിയമങ്ങള്‍ ലംഘിച്ചിരുന്നെന്നും സില്‍വര്‍സ്റ്റീന്‍ ചൂണ്ടിക്കാട്ടി. ആ കത്ത് പത്ര സ്ഥാപനം ട്രാന്‍സ്ജെന്‍ഡര്‍ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് സമൂഹത്തില്‍ ആശങ്ക പ്രചരിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ പൊതു നിലപാട് എടുക്കുന്നതും പൊതു പ്രതിഷേധങ്ങളില്‍ പങ്കുചേരാനുള്ള ഹ്യൂസിന്റെ ആഗ്രഹവും ടൈംസിലെ ഒരു പത്രപ്രവര്‍ത്തകയായിരിക്കുന്നതിന് അനുയോജ്യമല്ലെന്നും താന്‍ ഹ്യൂസിനോട് സംസാരിച്ചതായി സില്‍വര്‍സ്റ്റീന്‍ പറഞ്ഞു. തുടര്‍ന്ന് ഹ്യൂസ് രാജിവെക്കണം എന്ന നിഗമനത്തിലേക്ക് ഇരുവരും എത്തുകയായിരുന്നെന്ന് സില്‍വര്‍സ്റ്റീന്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ടൈംസ് മാഗസിനില്‍ എഴുത്തുകാരിയായും എഡിറ്ററായും പ്രവര്‍ത്തിച്ച ഹ്യൂസിന് വിയോള ഡേവിസിന്റെയും വൂപ്പി ഗോള്‍ഡ്ബെര്‍ഗിന്റെയും പ്രൊഫൈലുകള്‍ തയ്യാറാക്കിയതിന് പ്രൊഫൈല്‍ റൈറ്റിങിനുള്ള ദേശീയ മാഗസിന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2020ല്‍ 30 വയസ്സിന് താഴെയുള്ള പത്രപ്രവര്‍ത്തകര്‍ക്കുള്ള അമേരിക്കന്‍ സൊസൈറ്റി ഓഫ് മാഗസിന്‍ എഡിറ്റേഴ്സ് നെക്സ്റ്റ് അവാര്‍ഡും ജാസ്മിന്‍ ഹ്യൂസ് നേടിയിട്ടുണ്ട്.

Content Highlight: signed the pro-Palestinian letter; Staff writer resigns over New York Times policy violation