സ്പിരിറ്റിന് ശേഷം അഭിനയിക്കാത്തതിന്റെ കാരണം അതാണ്: സിദ്ധാര്‍ത്ഥ് ഭരതന്‍
Entertainment
സ്പിരിറ്റിന് ശേഷം അഭിനയിക്കാത്തതിന്റെ കാരണം അതാണ്: സിദ്ധാര്‍ത്ഥ് ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th February 2024, 9:50 am

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. സംവിധായകന്‍ ഭരതന്റെയും കെ.പി.എ.സി. ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മളിന് ശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. 2012 നിദ്ര എന്ന സിനിമയിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. 2012ല്‍ രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന സിനിമയില്‍ സിദ്ധാര്‍ത്ഥിന്റെ സമീര്‍ എന്ന കഥാപാത്രം നിരവധി പ്രശംസ നേടിക്കൊടുത്തു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗമാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ സിനിമ. ചിത്രത്തിലെ വേലക്കാരന്റെ വേഷം താരത്തിന്റെ കരിയര്‍ ബെസ്റ്റാണെന്നാണ് പ്രേക്ഷകപ്രതികരണം.

സ്പിരിറ്റിന് ശേഷം അഭിനേതാവ് എന്ന നിലയില്‍ അധികം സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം താരം വ്യക്തമാക്കുകയാണ്. ഭ്രമയുഗത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സ്പിരിറ്റിന് ശേഷം എന്തുകൊണ്ട് അഭിനയത്തില്‍ അധികം ശ്രദ്ധ നല്‍കിയില്ല എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘സമീറിനെപ്പോലെയൊരു വേഷം വരുമായിരുന്നെങ്കില്‍ ഞാന്‍ അഭിനയിക്കുമായിരുന്നു. കിട്ടാത്തതുകൊണ്ട് തന്നെയാണ് ചെയ്യാതിരുന്നത്. പോകുന്നിടത്തെല്ലാം സമീര്‍ അടിപൊളിയാണെന്ന് പത്തുവര്‍ഷമായി കേട്ടുകൊണ്ടിരിക്കുകയാണ്. അത് ഇനി ബ്രേക്കായി. ഇനി വേലക്കാരന്‍ അടിപൊളിയാണെന്ന് എല്ലാവരും പറയും’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന സിനിമയെന്ന പ്രത്യേകതയും സിനിമക്കുണ്ട്.ക്രിസ്റ്റോ സേവിയറാണ് ചിത്രത്തിന്റെ സംഗീതം. ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഭാഷണമെഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ്.

Content Highlight: Sidharth Bharathan explains why he don’t concentrate on acting after Spirit