Advertisement
Kerala News
ചികിത്സക്കായി 3 കോടിയിലധികം പിരിച്ചുനല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് രോഗിയുടെ കുടുംബം വക ഇന്നോവ ക്രിസ്റ്റ സമ്മാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 05:03 am
Saturday, 1st March 2025, 10:33 am

കോഴിക്കോട്: രോഗ ബാധിതനായ ഒരു കുട്ടിയുടെ ചികിത്സക്കായി പൊതുജനങ്ങളില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ പിരിച്ചുനല്‍കിയ സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തകന് രോഗിയുടെ കുടുംബം ഇന്നോവ ക്രിസ്റ്റ കാര്‍ സമ്മാനിച്ചു. സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഷമീര്‍ കുന്നമംഗലത്തിനാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 3 കോടിയലധികം പിരിവിട്ടു നല്‍കിയ രോഗിയുടെ കുടുംബം സമ്മാനമായി കാര്‍ നല്‍കിയത്.

ഫെബ്രുവരി 27ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഷാമില്‍ മോന്‍ ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങില്‍ കുടുംബം കാറിന്റെ താക്കോല്‍ കൈമാറി. ഷമീര്‍ കുന്നമംഗലത്തിന്റെ യാത്രയയപ്പും വേദിയില്‍ വെച്ച് നടന്നു. കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം രോഗിയുടെ കുടുംബത്തില്‍ നിന്നും കാര്‍ സമ്മാനമായി സ്വീകരിച്ച ഷമീര്‍ കുന്നമംഗലത്തിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റ പോലുള്ളൊരു കാര്‍ സമ്മാനമായി നല്‍കാന്‍ കഴിവുള്ള കുടുംബത്തിന് വേണ്ടിയാണോ പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ചത് എന്നാണ് വിമര്‍ശകരുടെ ചോദ്യം. വലിയ തുക ചികിത്സക്ക് ആവശ്യമുള്ള കുടുംബത്തില്‍ നിന്ന് കാര്‍ സമ്മാനമായി സ്വീകരിച്ചതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ഷമീര്‍ കുന്നമംഗലം രംഗത്തെത്തി. ഷാമില്‍മോന് വേണ്ടി പിരിച്ചെടുത്ത തുകയില്‍ നിന്ന് ഒരു രൂപ പോലും ഈ കാറിന് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ഷമീര്‍ കുന്നമംഗലം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

തന്റെ പഴയ കാര്‍ ഇത്തരത്തിലുള്ള നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തി കേടായിട്ടുണ്ടെന്നും പല തവണ വഴിയില്‍ ബ്രേക്ക് ഡൗണായിട്ടുണ്ടെന്നും ഷമീര്‍ പറയുന്നു. രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാര്‍ സമ്മാനിച്ചതെന്നും അത് പുതിയ കാര്‍ അല്ലെന്നും അദ്ദേഹം പറയുന്നു.

ഏകദേശം 12 ലക്ഷം രൂപ മാത്രം വില വരുന്ന ഉപയോഗിച്ച കാറാണ് രോഗിയുടെ കുടുംബം തനിക്ക് സമ്മാനിച്ചതെന്നും വിമര്‍ശകര്‍ പങ്കുവെച്ച ചിത്രത്തിലുള്ള ‘ജസ്റ്റ് ഡെലിവേര്‍ഡ്’ എന്ന് രേഖപ്പെടുത്തിയത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കാറിന് പകരം തന്റെ പഴയ കാറിന്റെ താക്കോല്‍ ചടങ്ങില്‍ വെച്ച് തന്നെ കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിമിന് കൈമാറിയിട്ടുണ്ടെന്നും പരിപാടിയുടെ വീഡിയോകള്‍ സഹിതം ഷമീര്‍ കുന്നമംഗലം വ്യക്തമാക്കി. സമ്മാനമായി ലഭിച്ച കാറും വീഡിയോയില്‍ ഷമീര്‍ കുന്നമംഗലം പ്രദര്‍ശിപ്പിച്ചു. എട്ട് വര്‍ഷം പഴക്കമുള്ള 2017 മോഡല്‍ വാഹനമാണ് ഇതെന്ന് വീഡിയോയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട ചിലര്‍ പറയുന്നുണ്ട്.

content highlights: Innova Crysta gift from the patient’s family to the charity worker shammer kunnamangalam who paid more than 3 crores for the treatment