അച്ഛൻ തിയേറ്റർ റെന്റിനെടുത്ത് കാണിച്ചു തന്ന ആ ചിത്രം എനിക്കന്ന് കത്തിയില്ല, പക്ഷെ താഴ്‌വാരവും വൈശാലിയും വർക്കായി: സിദ്ധാർത്ഥ് ഭരതൻ
Entertainment
അച്ഛൻ തിയേറ്റർ റെന്റിനെടുത്ത് കാണിച്ചു തന്ന ആ ചിത്രം എനിക്കന്ന് കത്തിയില്ല, പക്ഷെ താഴ്‌വാരവും വൈശാലിയും വർക്കായി: സിദ്ധാർത്ഥ് ഭരതൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd December 2024, 8:50 am

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഭരതൻ. കുറഞ്ഞ കാലയളവ് കൊണ്ട് അദ്ദേഹം ചെയ്തു വെച്ചതെല്ലാം ക്ലാസിക് സിനിമകളാണ്. അമരം, വൈശാലി, താഴ്‌വാരം തുടങ്ങിയ ഭരതൻ ചിത്രങ്ങളും ഇന്നും മലയാളികളുടെ ചർച്ചയിൽ ഇടം നേടുന്നവയാണ്. ഭരതന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടനും ഭരതന്റെ മകനുമായ സിദ്ധാർത്ഥ് ഭരതൻ.

ഭരതന്റെ ആദ്യ ചിത്രം ‘പ്രയാണം’ പതിമൂന്നാം വയസിലാണ് താൻ കാണുന്നതെന്നും അതൊരു പ്രൈവറ്റ് സ്ക്രീനിങ് ആയിരുന്നുവെന്നും സിദ്ധാർത്ഥ് ഭരതൻ പറയുന്നു. താഴ്‌വാരവും വൈശാലിയുമെല്ലാം ചെറുപ്പത്തിൽ തന്നെ കണ്ടിട്ടുണ്ടെന്നും ആ  സിനിമകൾ അന്ന് തന്നെ നന്നായി ഇഷ്ടമായെന്നും സിദ്ധാർത്ഥ് പറഞ്ഞു. വണ്ടർവാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പതിമൂന്ന് വയസായപ്പോഴാണ് അച്ഛന്റെ ആദ്യ ചിത്രമായ പ്രയാണം ഞാൻ കാണുന്നത്. കുറെകാലത്തിന് ശേഷം ആ സിനിമ കാണാൻ അച്ഛനും നല്ല ആകാംക്ഷയിൽ ആയിരുന്നു. കുറേനാളുകൾക്ക് ശേഷം ആ സിനിമയുടെ ഒരു പ്രിന്റ് കിട്ടിയിട്ടുണ്ട് , നമുക്ക് കാണാമെന്ന് പറഞ്ഞിട്ടാണ് അച്ഛൻ വരുന്നത്.

അന്ന് ഏതോ ഒരു തിയേറ്റർ പുള്ളി റെന്റിന് എടുത്തു. ഞാനും അച്ഛനും സഹോദരിയും പിന്നെ ശശി എന്നെങ്ങാൻ പേരുള്ള അച്ഛന്റെ ഒരു ശിഷ്യനുമാണ് ആ സിനിമയുടെ സ്‌ക്രീനിങ്ങിന് ഉണ്ടായിരുന്നുന്നത്. അത്രയും ഒരു പ്രൈവറ്റ് സ്ക്രീനിങ് പോലെ. വെറുതെ ഒന്ന് കാണാൻ വേണ്ടിയാണ്. പടം അന്ന് വർക്കായെങ്കിലും എനിക്ക് വലുതായിട്ടൊന്നും കത്തിയില്ല.

പക്ഷെ പിന്നീട് അതൊരു നല്ല സിനിമയാണെന്ന് ഞാൻ മനസിലാക്കിയിരുന്നു. ചെറുപ്പത്തിൽ തന്നെയാണ് ഞാൻ താഴ്‌വാരം  കാണുന്നത്. അതെനിക്ക് വലിയ ഇഷ്ടമായി. ചെറുപ്പത്തിൽ തന്നെയാണ് വൈശാലി കാണുന്നത്. വൈശാലിയും ചെറുപ്പത്തിൽ എനിക്ക് ഇഷ്ട്ടമായി,’സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

അതേസമയം സൂക്ഷ്മദർശിനിയെന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് സിദ്ധാർത്ഥ് ഭരതൻ ഒടുവിൽ അഭിനയിച്ചത്. നസ്രിയ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നേടുന്നത്. നോൺസെൻസ് എന്ന സിനിമയ്ക്ക് ശേഷം എം.സി.ജിതിൻ സംവിധാനം ചെയ്ത സിനിമയാണ് സൂക്ഷ്മദർശിനി.

Content Highlight: Sidharth Barathan About Barathan’s First Film