Kerala News
ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നത് കുറയ്ക്കണം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Monday, 24th March 2025, 8:06 pm

തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ആനയെ എഴുന്നള്ളിക്കുന്നത് പരിമിതപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആന എഴുന്നള്ളിപ്പിനെത്തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ബോര്‍ഡിന്റെ നിര്‍ദേശം.

അതത് ക്ഷേത്രത്തിന്റെ ആചാരപ്രകാരം ആനയെ എഴുന്നള്ളിക്കുന്നത് അനിവാര്യമല്ലെങ്കില്‍ നിര്‍ത്തിവെക്കണമെന്നും ഒഴിവാക്കാന്‍ പറ്റാത്ത ഉത്സവങ്ങളില്‍ മാത്രം ആനയെ ഉപയോഗിക്കണമെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിമാരും നടത്തിയ യോഗത്തില്‍ ആണ് നിര്‍ദേശം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആനയെ ഒഴിവാക്കുന്ന ഉത്സവങ്ങളില്‍ ആനയ്ക്ക് പകരമായി ദേവവാഹനങ്ങള്‍ ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

15 വര്‍ഷം മുമ്പ് തുടങ്ങിയ ആന എഴുന്നള്ളിപ്പുകള്‍ ആചാരത്തിന്റെ ഭാഗമായല്ലെങ്കില്‍ നിര്‍ത്തലാക്കണം. ഇനി പുതുതായി എഴുന്നള്ളിപ്പ് തുടങ്ങുന്നവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഒരു ആനയെ എഴുന്നള്ളിക്കേണ്ട അവസരത്തില്‍ ഒമ്പത് എണ്ണത്തെ ഉപയോഗിക്കേണ്ട അവസരം ഉണ്ടാക്കരുതെന്നും ബോര്‍ഡ് നിഷ്‌കര്‍ഷിച്ചു.

ഇനി ക്ഷേത്രത്തില്‍ ആനയെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്ത്രിമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതിന് പുറമെ എഴുന്നള്ളിപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ട്.

ഏകപക്ഷീയമായി എഴുന്നള്ളിപ്പുകള്‍ നിര്‍ത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയ തന്ത്രി സമാജവും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

യോഗത്തില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ സംസ്ഥാനത്തെ മറ്റ് ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന് പ്രത്യേക യോഗത്തില്‍ തീരുമാനമായി. പിന്നീട് സര്‍ക്കാര്‍ ഇത് വിലയിരുത്തിയശേഷം അന്തിമ തീരുമാനമെടുക്കും.

Content Highlight: Elephant processions in temples should be reduced: Thiruvithamkoor Dewaswam Board