സിദ്ധീഖിന്റേത് ആര്‍.എസ്.എസിന്റെ ആസൂത്രിത കൊലപാതകം; ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി വി.പി.പി മുസ്തഫ
Kerala News
സിദ്ധീഖിന്റേത് ആര്‍.എസ്.എസിന്റെ ആസൂത്രിത കൊലപാതകം; ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി വി.പി.പി മുസ്തഫ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th August 2018, 12:53 pm

കാസര്‍കോട്: കാസര്‍കോട് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് വി.പി.പി മുസ്തഫ. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ബോധപൂര്‍വ്വവും ആസൂത്രിതവുമായ കൊലപാതകമാണിതെന്നും ഇതൊരു രാഷ്ട്രീയ, വര്‍ഗീയ കൊലപാതകമാണെന്നും മുസ്തഫ പറഞ്ഞു.

ഭാസ്‌ക്കര കുമ്പള, മുരളി കുമ്പള, റഫീഖ്, ഫഹദ്, റിയാസ് മൗലവി തുടങ്ങി കാസര്‍കോടില്‍ ആര്‍.എസ്.എസുകാര്‍ നടത്തിയ നിരവധി കൊലപാതകങ്ങളുടെ തുടര്‍ച്ചയാണിതെന്നും ബി.ജെ.പി വര്‍ഗീയ സംഘര്‍ഷവും കലാപവും സൃഷ്ട്ക്കാന്‍ വേണ്ടി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും മുസ്തഫ  ഡൂള്‍ന്യൂസിനോട് പറഞ്ഞു.


Read Also : സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഒന്നാംപ്രതി


 

ബി.ജെ.പി അവര്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നും വഴിതിരിച്ചു വിടാനും നിലവില്‍ ജില്ലയില്‍ വികസന വിഷയങ്ങളിലടക്കം നാണംകെട്ട് നില്‍ക്കുന്ന ബി.ജെ.പി മനപ്പൂര്‍വ്വം നടത്തിയ കൊലപാതകമാണിതെന്നും. രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കാന്‍ കഴിയാത്ത അവര്‍ വര്‍ഗീയ സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയാണെന്നും മുസ്തഫ പറഞ്ഞു.

അതേസമയം സി.പി.ഐ.എം പ്രവര്‍ത്തകന്‍ സിദ്ദിഖിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വിത്തിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ഇയാള്‍ മഞ്ച്വേശരം സ്വദേശിയാണ്.

മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുമെന്നും കാസര്‍കോഡ് എസ്.പി പറഞ്ഞു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായുള്ള സൂചനയെ തുടര്‍ന്ന് അന്വേഷണം അങ്ങോട്ടും വ്യാപിപ്പിച്ചിട്ടുണ്ട്.

സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം അന്വേഷിക്കാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു.