Kerala News
സിദ്ദീഖ് കാപ്പന്റെ മാതാവ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 18, 12:20 pm
Friday, 18th June 2021, 5:50 pm

കോഴിക്കോട്: യു.പിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു. 90 വയസ്സായിരുന്നു. മലപ്പുറം വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം.

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെയാണ് യു.എ.പി.എ. ചുമത്തി സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഹാത്രാസ് സന്ദര്‍ശനത്തിനിടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിദ്ദീഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തിയ ഈ കേസില്‍ നിന്ന് കാപ്പനെ മഥുര കോടതി കഴിഞ്ഞ ദിവസം ഒഴിവാക്കുകയും ചെയ്തിരുന്നു.

കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെയുള്ള കേസും റദ്ദാക്കിയിട്ടുണ്ട്. അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരായിരുന്നു കാപ്പനൊപ്പം ഈ കേസില്‍ അറസ്റ്റിലായിരുന്നവര്‍.

സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തവരും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ ഹാജാരാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് റദ്ദാക്കിയത്. കുറ്റം ചുമത്തിയതിന് തെളിവുകള്‍ ആറു മാസത്തിനുള്ളില്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

അതേസമയം, സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി. പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു.

മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാപ്പനെ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ച സിദ്ദീഖ് കാപ്പനെ പൊലീസ് രഹസ്യമായി ജയിലിലേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Siddique Kappan’s Mother Died