തിരുവനന്തപുരം: സിദ്ദീഖ് കാപ്പന്‍ കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പത്രപ്രവര്‍ത്തക യൂണിയനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെ.യു.ഡബ്ല്യു.ജെ. സുപ്രീംകോടതിയില്‍ യൂണിയനെതിരെ നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ പിന്‍വലിക്കണമെന്നും പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനു പരസ്യമായി മാപ്പ് പറയണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.
യൂണിയനെതിരെ കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതിയില്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉന്നത നീതിന്യായ പ്രതിനിധി തയാറായത് സുപ്രധാന വിഷയങ്ങള്‍ പോലും എത്ര അനവധാനതയോടെയാണ് ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണെന്ന് യൂണിയന്‍ അഭിപ്രായപ്പെട്ടു.
തുഷാര്‍ മേത്തക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കു പരാതി സമര്‍പ്പിക്കുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജി, ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ് എന്നിവര്‍ അറിയിച്ചു.
സിദ്ദീഖ് കാപ്പന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാറിന് അയച്ച കത്തില്‍പോലും കെ.യു.ഡബ്ല്യ.ജെയുടെ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് കത്തെഴുതുന്നതെന്നു വ്യക്തമാക്കുന്നുണ്ട്. യൂണിയന്‍റെ ചില ശത്രുക്കള്‍ പറഞ്ഞുനടക്കുന്ന കഥകള്‍ മുമ്പ് കാപ്പന്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനു വേണ്ടി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതു തുഷാര്‍ മേത്തയാണെന്നും യുണിയന്‍ പറഞ്ഞു.
ആറു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പാക്കുന്ന പത്രപ്രവര്‍ത്തക ആരോഗ്യപദ്ധതിയും പെന്‍ഷന്‍ പദ്ധതിയും രാജ്യത്തെതന്നെ മാതൃകാ പദ്ധതികളാണ്. കേരള സര്‍ക്കാര്‍ മാധ്യമ രംഗത്തു നടപ്പാക്കുന്ന ഏതു പരിപാടിയും യൂണിയന്റെ സഹകരണത്തോടെയാണു നടപ്പാക്കുന്നത്. ഇന്ത്യയില്‍ പത്രപ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള ആദ്യ പ്രസ് ക്ലബിന് കൊച്ചിയില്‍ തുടക്കമിട്ടതും കെ.യു.ബ്ല്യു.ജെ ആണെന്നും യുണിയന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കേരളത്തിലെ വര്‍ക്കിങ് ജേണലിസ്റ്റുകളുടെ ഏക സംഘടനയായ കെ.യു.ബ്ല്യു.ജെയില്‍ 3500ഓളം അംഗങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. അംഗങ്ങളല്ലാത്ത ആയിരത്തിലേറെ പേര്‍ യൂണിയനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെ വേതന വ്യവസ്ഥയ്ക്കു നിലവിലുള്ള മജീതിയ വേജ്‌ബോര്‍ഡിനായി കെ.യു.ഡബ്ല്യു.ജെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ നടന്ന ഐതിഹാസികമായ നിയമപോരാട്ടം അഭിഭാഷക സുഹൃത്തുക്കളോടോ മാധ്യമ പ്രവര്‍ത്തകരോടോ മേത്ത ചോദിച്ചറിയണമെന്നും യൂണിയന്‍ പറഞ്ഞു.
സിദ്ദീഖ് കാപ്പനെ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ബുധനാഴ്ച്ച നിര്‍ദ്ദേശിച്ചിരുന്നു. ദല്‍ഹി എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലോ ചികിത്സ നല്‍കണമെന്നാണ് നിര്‍ദേശം.
സിദ്ദിഖ് കാപ്പനെ ദല്‍ഹിയിലേക്ക് മാറ്റേണ്ട കാര്യമില്ലെന്ന് യു.പി സര്‍ക്കാരും കേന്ദ്രവും വാദിച്ചെങ്കിലും സാങ്കേതിമായ കാരണങ്ങള്‍ക്കല്ല ആരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. കാപ്പന് അടിയന്തര ചികിത്സ നല്‍കണമെന്ന ഹരജിയിലാണ് കോടതി തീരുമാനമറിയിച്ചത്.
നേരത്തെ കാപ്പന്റെ ആരോഗ്യനില സംബന്ധിച്ച് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാപ്പന്‍ കൊവിഡ് മുക്തനായെന്നാണ് യു.പി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കാപ്പന് മുറിവേറ്റിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആശുപത്രിയില്‍ നിന്നും സിദ്ദിഖ് കാപ്പനെ ഡിസ്ചാര്‍ജ്ജ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 21ാം തിയതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആ സമയത്ത് ശരീരത്തില്‍ മുറിവുണ്ടായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാപ്പന്‍ കൊവിഡ് ബാധിതനായിരുന്നു. അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ തിരികെ ജയിലില്‍ എത്തിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
സിദ്ദിഖ് കാപ്പന് ഗുരുതരമായ പരിക്കായിരുന്നു പറ്റിയതെന്നും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് കാപ്പന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക