മോഹന്‍ലാലിനെതിരായ ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍ വിഷമമുണ്ടാക്കി എന്ന് സിദ്ദീഖ്. അദ്ദേഹം എന്തിനാണ് അങ്ങനെ പറഞ്ഞതെന്നും പരാമര്‍ശങ്ങള്‍ സംഭവിച്ച് പോയതായിരിക്കാം എന്നും സിദ്ദീഖ് പറഞ്ഞു. അതൊരു പ്രശ്‌നമാക്കാന്‍ മോഹന്‍ലാലും ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ തേഞ്ഞുമാഞ്ഞ് പോകട്ടെ എന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.
‘എനിക്ക് അതിനെ പറ്റി പറയാന്‍ തന്നെ ഇഷ്ടമല്ല. അങ്ങനെയൊന്നും വേണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്തിനാണ് ശ്രീനിയേട്ടന്‍ അങ്ങനെയൊക്കെ പറഞ്ഞത് എന്ന് തോന്നും. കാരണം ശ്രീനിയേട്ടനെ നമ്മള്‍ അത്രയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്.
ശ്രീനിയേട്ടന്റെ വായില്‍ നിന്നും വേറെ ആര്‍ക്കും വിഷമമുണ്ടാവുന്ന ഒരു വാക്ക് വരുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ച് പോയതായിരിക്കാം. മോഹന്‍ലാലും അതൊരു ഇഷ്യു ആക്കാന്‍ ആഗ്രഹിക്കുന്നില്ല. അതങ്ങനെ തേഞ്ഞുമാഞ്ഞ് പോകട്ടെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.
ഈ പറഞ്ഞ വാക്കുകളല്ലേ ആളുകള്‍ ഡിസ്‌കസ് ചെയ്യുന്നത്. എത്രയോ നല്ല സിനിമകളില്‍ അവര്‍ പറഞ്ഞ എത്രയോ വാക്കുകള്‍ മുന്നില്‍ കിടക്കുന്നുണ്ട്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് ഇന്നും ജനങ്ങള്‍ പറയുന്നുണ്ട്,’ സിദ്ദീഖ് പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകളാണ് വിവാദമായത്. പ്രേംനസീര്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതില്‍ താല്‍പര്യമില്ലായിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. മഴവില്‍ മനോരമയില്‍ വെച്ച് മോഹന്‍ലാല്‍ ചുംബിച്ചതിനെ പറ്റി ചോദിച്ചപ്പോള്‍ അപ്പോഴാണ് അദ്ദേഹത്തെ ക്ലംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നതിന്റെ കാരണം മനസിലായതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: siddique about the statements of sreenivasan