ശ്രീനി ആ കാര്യം മനസിൽ വെച്ച് ആ മോഹൻലാൽ ചിത്രത്തിൽ ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല: സിബി മലയിൽ
Entertainment
ശ്രീനി ആ കാര്യം മനസിൽ വെച്ച് ആ മോഹൻലാൽ ചിത്രത്തിൽ ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st July 2024, 8:50 am

ശ്രീനിവാസൻ തിരക്കഥ ഒരുക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൂരെ ദൂരെ ഒരു കൂടുകൂട്ടാം. മോഹൻലാൽ നായകനായി എത്തിയ ചിത്രം ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമുള്ള സിനിമയാണ്.

ജോലി അത്യാവശ്യമായതിനാൽ യോഗ്യതയില്ലാത്ത ഒരു അധ്യാപകന്റെ വേഷത്തിൽ മോഹൻലാൽ അഭിനയിച്ച ചിത്രത്തിൽ നെടുമുടി വേണു, സുകുമാരി, മേനക, ജഗതി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

സിനിമയിലെ ഏറെ ശ്രദ്ധ നേടിയ ഡയലോഗ് ആയിരുന്നു സാൾട്ട് മംഗോ ട്രീ എന്ന് ഉപ്പുമാവിനെ വിശേഷിപ്പിക്കുന്ന ഭാഗം. ഉപ്പുമാവിന്റെ ഇംഗ്ലീഷ് എന്താണെന്ന് ഒരു കുട്ടി ചോദിക്കുമ്പോൾ മോഹൻലാൽ പറയുന്ന ഡയലോഗ് പ്രേക്ഷകർക്കിടയിൽ ഇന്നും ചിരി നിറയ്ക്കും.

താൻ ചെറുപ്പത്തിൽ ഭക്ഷണത്തിന്റെ പേരുകൾ ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യുമായിരുന്നുവെന്നും അതെല്ലാം ഒരിക്കൽ താൻ ശ്രീനിവാസനോട്‌ പറഞ്ഞിരുന്നുവെന്നും സിബി പറയുന്നു. ശ്രീനിവാസൻ അത് പിന്നീട് കഥയിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും സിബി ക്ലബ്ബ് എഫ്. എമ്മിനോട് പറഞ്ഞു.

‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തിലാണത്. എന്റെ ചെറുപ്പത്തിൽ വീട്ടിലൊക്കെ എന്തെങ്കിലും ഉണ്ടാക്കുമ്പോൾ അതിന്റെ പേര് ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യുന്ന ഒരു സ്വഭാവമുണ്ട്. അതെന്റെ ഒരു ശീലമായിരുന്നു.

ഉപ്പുമാവിന് സാൾട്ട് മംഗോ ട്രീ എന്നായിരുന്നു ഞാൻ ഇങ്ങനെ പറയാറ്. ഇന്നെന്താ കഴിക്കാൻ സാൾട്ട് മംഗോ ട്രീയാണോ എന്നൊക്ക ചോദിക്കുന്ന രീതി എനിക്കുണ്ടായിരുന്നു. അതിങ്ങനെ തമാശയായി ശ്രീനിയോട് ഒരിക്കൽ പറഞ്ഞിരുന്നു.

പല ഭക്ഷണങ്ങളെയും ഞാൻ ഇങ്ങനെ പറയുമായിരുന്നു. മീൻ വറ്റിച്ചതിന്, ഫിഷ് ചീറ്റിങ് എന്നൊക്കെ പറയുമായിരുന്നു. എന്റെ സഹോദരൻമാർക്കും സഹോദരികൾക്കുമൊക്കെ ആ കാര്യം അറിയാം.

ഞാൻ ഒരിക്കൽ ഇതിങ്ങനെ പറഞ്ഞ കൂട്ടത്തിൽ ശ്രീനി നോട്ട് ചെയ്തതാണ്. ശ്രീനി അത് മനസിൽ വെച്ചിട്ട് സിനിമയിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചില്ല,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil Talk About Salt Mango Tree Dialogue