ലാലുള്ളപ്പോൾ ആ കഥാപാത്രം ചെയ്യാൻ കമൽഹാസനും രജിനിയും വേണ്ടെന്ന് അയാൾ, പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല: സിബി മലയിൽ
Entertainment
ലാലുള്ളപ്പോൾ ആ കഥാപാത്രം ചെയ്യാൻ കമൽഹാസനും രജിനിയും വേണ്ടെന്ന് അയാൾ, പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 9:01 am

മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. സിയാദ് കോക്കർ ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം നിർമിച്ചത്.

മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന അതിഥി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ വലിയ വിജയമാവുന്നതിൽ ഈ കഥാപാത്രം വലിയ പങ്കുവഹിച്ചിരുന്നു. നിരഞ്ജൻ എന്ന കഥാപാത്രമാവാൻ ഒരുപാട് പേരുടെ പേര് പരിഗണനയിൽ ഉണ്ടായിരുന്നുവെന്നും ബിജു മേനോനെ ആദ്യം വിചാരിച്ചിരുന്നുവെന്നും സംവിധായകൻ സിബി മലയിൽ പറഞ്ഞു.

എന്നാൽ സ്റ്റാർഡമുള്ള ഒരാൾ വേണമെന്ന് തോന്നിയപ്പോൾ കമൽഹാസൻ, രജിനികാന്ത് എന്നിവരെയെല്ലാം ഓർത്തിരുന്നുവെന്നും ഒടുവിൽ മോഹൻലാൽ ഇവിടെ ഉള്ളപ്പോൾ മറ്റൊരാളെ എടുക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചെന്നും സിബി മലയിൽ പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിരഞ്ജൻ എന്ന കഥാപാത്രമാവാൻ പലരും ചർച്ചയിൽ വന്നു. ലാൽ എന്ന ചിന്തയിലേക്ക് അങ്ങനെ ആദ്യം പോയില്ല. ലൊക്കേഷനിൽ വെച്ച് തന്നെയാണ് ഈ കഥ എഴുത്തും നടക്കുന്നത്. എഴുതി ഷൂട്ടിങ്ങിന്റെ പകുതി ഘട്ടമൊക്കെ ആയപ്പോഴാണ് രഞ്ജിത്ത് പറയുന്നത്, ഇങ്ങനെ ഒരു ക്യാരക്ടർ വരുന്നുണ്ടെന്ന്.

അവസാനം നമുക്കൊരു ആളെ വേണ്ടി വരും. ഞങ്ങൾ പലരെയും വിചാരിച്ചു. അന്നുണ്ടായിരുന്ന ബിജു മേനോനെയൊക്കെ ചിന്തിച്ചു. സുരേഷും ജയറാം സിനിമയിൽ ഉണ്ടല്ലോ. പെട്ടെന്ന് നമുക്ക് അപ്രോച്ചബിൾ ആയിട്ടുള്ള വ്യക്തി ബിജുമാണ്. എല്ലാവരും ബിജുവിന്റെ പേരൊക്കെ പറയുന്നുണ്ട്.

ഇവരെ രണ്ട് പേരേക്കാളും ഈ പെൺകുട്ടി ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്ന ഒരാളാണെന്ന് പറയുമ്പോൾ പ്രേക്ഷകരുടെ മനസിൽ അവരുടെ മുകളിൽ നിൽക്കുന്ന കാഴ്ചപ്പാടിൽ ഉള്ള ഒരാൾ വേണമല്ലോ. ഒരു സ്റ്റാർഡത്തിലേക്ക് പോവേണ്ടി വരും.

അങ്ങനെ പലരെയും ആലോചിച്ചു, കമൽഹാസൻ വേണോ രജിനികാന്ത് വേണോ എന്നൊക്കെ ചിന്തിച്ചു തുടങ്ങി. അങ്ങനെ പെട്ടെന്നാണ് ആരോ പറഞ്ഞത്, ലാൽ ഉണ്ടല്ലോയെന്ന്. വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനാ എന്ന് പറയുന്ന പോലെ അപ്പോൾ തന്നെ എല്ലാവർക്കും അത് ഓക്കെയായി.

ആർക്കും അതിൽ സംശയം ഇല്ലായിരുന്നു. പിന്നെ ഞാൻ ലാലിനെ നേരിട്ട് പോയി കണ്ടു. ലാൽ അപ്പോൾ തന്നെ ഓക്കെ പറഞ്ഞു. രണ്ട് ദിവസത്തെ ഷൂട്ട്‌ ആയിരുന്നു. ഒരു ദിവസം ഷൂട്ട്‌ ചെയ്തത് മാത്രമേ ഇപ്പോൾ സിനിമയിലുള്ളൂ. കുറച്ച് സീൻ ഉപയോഗിച്ചില്ല,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil Talk About Mohanlal’s Character In Summer In Bathalahem