മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മമ്മൂട്ടിയെ നായകനാക്കി സിബി മലയിൽ ഒരുക്കിയ ചിത്രമായിരുന്നു ‘സാഗരം സാക്ഷി’. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുണ്ടായ മറക്കാനാവാത്ത ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.
ചിത്രത്തിലേക്ക് ഒരു കുഞ്ഞിനെ ആവശ്യമായി വന്നപ്പോൾ തന്റെ മകളെ അഭിനയിപ്പിക്കേണ്ടി വന്നെന്നും ഷൂട്ടിൽ ഒരു സീൻ എടുക്കുന്നതിനിടയിൽ നടി സുകന്യയുടെ കൈയിൽ നിന്ന് കുഞ്ഞ് വീഴാൻ പോയെന്നും പറയുകയാണ് സിബി മലയിൽ. തുടർന്നുള്ള ഷൂട്ടിന് വരാൻ അവൾക്ക് പേടിയായിരുന്നുവെന്നും സിബി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിക്കാൻ ഒരു കുഞ്ഞിനെ വേണമായിരുന്നു. ഷൂട്ടിങ് തുടങ്ങി കുറെ ദിവസം അന്വേഷിച്ചിട്ടും തൃപ്തികരമായി ആരെയും ഞങ്ങൾക്ക് കിട്ടിയില്ല. ഒടുവിൽ ആ കുട്ടിയില്ലെങ്കിൽ ഷൂട്ടിങ് നിന്നു പോകും എന്നുള്ള അവസ്ഥയിലെത്തി.
കാരണം ഇനിയുള്ള ദിവസങ്ങളിൽ കുഞ്ഞുമുള്ള സീനുകളാണ് ഷൂട്ട് ചെയ്യാൻ ഉള്ളത്. ഒരു കൈകുഞ്ഞിനെ ആണ് വേണ്ടത്. അങ്ങനെ ഇരിക്കുമ്പോഴാണ് സിനിമയുടെ നിർമാതാവ് എന്നോട് പറയുന്നത് നമ്മൾ എന്തിനാണ് ഇങ്ങനെ തെരഞ്ഞു നടക്കുന്നത് സിബിയുടെ വീട്ടിൽ ഒരു കുഞ്ഞില്ലേ, അവളെ പോരെയെന്ന്. ഞാൻ അപ്പോൾ തന്നെ പറഞ്ഞു, അവളെ കൊണ്ടുവരാൻ പറ്റില്ലായെന്ന്.
പക്ഷെ ഒടുവിൽ ഇവരുടെ നിർബന്ധം കാരണം എനിക്ക് അവളെ ഷൂട്ടിങ്ങിന് കൊണ്ട് വരേണ്ടി വന്നു. ഷൂട്ടിങ് നിന്ന് പോകാതിരിക്കാൻ മറ്റൊരു മാർഗം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. അങ്ങനെ കുഞ്ഞിനെ കൊണ്ട് വന്നു. ആദ്യത്തെ ദിവസമൊന്നും കുഴപ്പമില്ലായിരുന്നു.
മമ്മൂട്ടിയും സുകന്യയും സംസാരിച്ചു തെറ്റുന്നതാണ് ആദ്യത്തെ സീൻ. മമ്മൂട്ടി ബെഡ് റൂമിൽ നിന്ന് തോക്കെടുത്ത് പുറത്തേക്ക് പോകുമ്പോൾ സുകന്യ തടയാൻ ശ്രമിക്കുന്നതാണ് സീൻ. മമ്മൂക്ക പോകുന്ന വഴിക്ക് പെട്ടെന്ന് സുകന്യയെ തട്ടി മാറ്റിയപ്പോൾ സുകന്യയുടെ ബാലൻസ് തെറ്റുകയും കയ്യിലുള്ള കുഞ്ഞ് താഴേക്ക് മലർന്ന് വീഴാൻ പോകുന്ന ഒരു ഘട്ടത്തിലേക്ക് എത്തി. ഞാനാണെങ്കിൽ ക്യാമറയുടെ പിന്നിലാണ് ഉള്ളത്. എനിക്ക് എന്ത് ചെയ്യണമെന്നും അറിയില്ല. ആ ഷോട്ട് കട്ട് ചെയ്തു. കുഞ്ഞാകെ വല്ലാതെ പേടിച്ചു പോയി.
അന്ന് തൊട്ട് അവൾ കരച്ചിൽ തുടങ്ങി. ഷൂട്ടിങ് എന്ന് കേട്ടാൽ പിന്നെ അവൾക്ക് പേടിയായിരുന്നു. ഞാൻ ഒരുങ്ങുന്നത് കണ്ടാൽ അവൾ കരയുമായിരുന്നു. അവളെ എന്തിനാണ് കൊണ്ട് പോകുന്നതെന്നൊന്നും അവൾക്ക് അറിയില്ലായിരുന്നു.
പേടിച്ചിട്ട് അവൾ അമ്മയുടെ അടുത്തേക്ക് പോവുമായിരുന്നു. പിന്നീട് ലൊക്കേഷനിൽ വന്നാലും അവൾ കരച്ചിലായിരുന്നു. അവൾ കാരണം ഷൂട്ടിലെ ഒരുപാട് സമയം പോവുമെന്ന ടെൻഷനായിരുന്നു എനിക്ക്.