സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മുത്താരം കുന്ന് പി.ഒ. ഒരു ഗുസ്തി ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രത്തിനായി കഥ ഒരുക്കിയത് ജഗദീഷും ശ്രീനിവാസനും ചേർന്നായിരുന്നു. ഹ്യൂമറിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ നെടുമുടി വേണു, ലിസി, മുകേഷ്, ശ്രീനിവാസൻ തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു.
ഒരു പാരലൽ കോളേജിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥയെ ഗുസ്തിയിലേക്ക് മാറ്റിയത് ശ്രീനിവാസനാണെന്ന് പറയുകയാണ് സിബി മലയിൽ. ചിത്രത്തിൽ മമ്മൂട്ടി ഡബ്ബ് ചെയ്തിട്ടുണ്ടെന്നും അന്ന് മമ്മൂട്ടി സ്റ്റാർഡത്തിന്റെ പീക്കിൽ നിൽക്കുന്ന സമയമാണെന്നും സിബി മലയിൽ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കഥ അന്വേഷിക്കുന്ന സമയത്താണ് ജഗദീഷ് എന്നോട് ഇങ്ങനെയൊരു കഥയുടെ ഔട്ട് ലൈൻ എന്റെ അടുത്ത് പറയുന്നത്. ജഗദീഷ് അത് ശ്രീനിവാസന്റെ അടുത്തും പറഞ്ഞിട്ടുണ്ടായിരുന്നു. ശ്രീനിവാസനും അത് താത്പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു.
പക്ഷെ ശ്രീനിവാസൻ ഒന്നുകൂടെ അതിന്റെ പശ്ചാത്തലം മാറ്റിയാണ് എഴുതിയത്. ജഗദീഷ് പറഞ്ഞ കഥ ഒരു പാരലൽ കോളേജിലെ പ്രിൻസിപ്പളുടെ മകളും അവിടെ പഠിക്കുന്ന കുറെ ചെറുപ്പക്കാരും തമ്മിലുള്ള ഒരു ബന്ധത്തെ കുറിച്ചെല്ലാമായിരുന്നു. തമാശയും പ്രണയവുമൊക്കെയായിരുന്നു.
എന്നാൽ ശ്രീനിയാണ് പറഞ്ഞത് അതിനെ ഒരു ഗുസ്തി പശ്ചാത്തലാത്തിലേക്ക് മാറ്റമെന്ന്. അങ്ങനെയാണ് നെടുമുടി വേണുവിന്റെ കഥാപാത്രവും പോസ്റ്റോഫീസുമെല്ലാം അതിൽ വരുന്നത്. കുറച്ചുകൂടെ ഗ്രാമീണമാക്കി ഹ്യൂമറിൽ പറയുന്ന കഥയാക്കി അതിനെ മാറ്റി.
അന്ന് മമ്മൂട്ടിയൊക്കെ സ്റ്റാർഡത്തിന്റെ പീക്കിൽ നിൽക്കുന്ന സമയമാണ്. അദ്ദേഹം അതിനകത്ത് ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരു കത്ത് വായിക്കുന്ന ശബ്‌ദം മമ്മൂട്ടിയുടേതാണ്. അതൊരു ഫ്രഷ്നെസ് ഉണ്ടായിരുന്ന സിനിമയായിരുന്നു. സ്ലാപ്സ്റ്റിക്ക് കോമഡിക്കപ്പുറം റിയലിസ്റ്റിക്ക് കോമഡി നന്നായി കാണിച്ച ചിത്രമായിരുന്നു അത്.