IPL
സഞ്ജുവിന് 108.58 കോടി, 200 കടക്കാതെ ധോണി; 200 കോടി നേടിയവര്‍ വെറും രണ്ട് താരങ്ങള്‍ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Saturday, 22nd March 2025, 5:33 pm

ഐ.പി.എല്‍ മാമാങ്കത്തിന്റെ 18ാം എഡിഷന് കൊടിയേറാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 22ന് വൈകീട്ട് 7.30ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

2008ല്‍ ആരംഭിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കുന്ന തരത്തിലായിരുന്നു ഐ.പി.എല്ലിന്റെ വളര്‍ച്ച. ലോകമെമ്പാടുമുള്ള താരങ്ങള്‍ ഭാഗമാകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തന്നെയാണ് ഏറ്റവും പണക്കൊഴുപ്പേറിയ ലീഗ്. കാശെറിഞ്ഞ് കാശ് വാരുക എന്നത് തന്നെയാണ് ഐ.പി.എല്ലിന്റെയും തത്വം.

 

താരങ്ങള്‍ക്ക് ഏറ്റവുമധികം സാലറി നല്‍കുന്ന ഫ്രാഞ്ചൈസി ലീഗും ഐ.പി.എല്‍ തന്നെയാണ്. ഐ.പി.എല്ലിലെ ഒരു സീസണില്‍ നിന്നും ലഭിക്കുന്ന സാലറി പേഴ്‌സ് കൊണ്ട് മാത്രം പല താരങ്ങള്‍ക്കും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് അടക്കമുള്ള ലീഗുകളില്‍ നിന്നുള്ള ടീമുകളെ തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കും.

ഐ.പി.എല്ലില്‍ നിന്നും ഏറ്റവുമധികം സമ്പാദിച്ച താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ 12 താരങ്ങളാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. ഇതില്‍ രണ്ട് താരങ്ങള്‍ ഇതുവരെയുള്ള സീസണുകളില്‍ നിന്നുമായി 200 കോടിയിലധികം നേടിയിട്ടുണ്ട്.

മൂന്ന് വിദേശ താരങ്ങള്‍ക്കാണ് ഇതുവരെ നൂറ് കോടിയിലധികം തുക ലഭിച്ചത്. എ.ബി. ഡി വില്ലിയേഴ്‌സ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് ഈ താരങ്ങള്‍.

102 കോടിയോടെ ഡി വില്ലിയേഴ്‌സാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കുറവ് തുക നേടിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളായ ഡി വില്ലിയേഴ്‌സ് ഐ.പി.എല്ലിന്റെ ഭാഗമല്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ഐ.പി.എല്‍ 2025ലെ സാലറി പേഴ്‌സിന് പിന്നാലെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ താരങ്ങളുമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷബ് പന്ത് അടക്കമുള്ളവരാണ് ഈ താരങ്ങള്‍.

ഐ.പി.എല്ലില്‍ നിന്നും നൂറ് കോടിയിലധികം സമ്പാദിച്ച താരങ്ങള്‍

(താരം – തുക എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലേഴ്‌സ് – 102 കോടി

റാഷിദ് ഖാന്‍ – 103 കോടി

ഹര്‍ദിക് പാണ്ഡ്യ – 105.65 കോടി

സഞ്ജു സാംസണ്‍ – 105.58 കോടി

സുരേഷ് റെയ്‌ന – 110.74 കോടി

കെ.എല്‍. രാഹുല്‍ – 113.10 കോടി

റിഷബ് പന്ത് – 117.80 കോടി

സുനില്‍ നരെയ്ന്‍ – 125.24 കോടി

രവീന്ദ്ര ജഡേജ – 143.01 കോടി

എം.എസ്. ധോണി – 192.84 കോടി

വിരാട് കോഹ്‌ലി – 209.20 കോടി

രോഹിത് ശര്‍മ – 210.90 കോടി

ബി.സി.സി.ഐയും ഐ.പി.എല്ലും ഓരോ സീസണിന് ശേഷവും സാമ്പത്തികമായി ഏറെ നേട്ടമുണ്ടാക്കുന്നുണ്ട് എന്നതിനാല്‍ തന്നെ അടുത്ത വര്‍ഷങ്ങളില്‍ നൂറ് കോടി ക്ലബ്ബിലേക്ക് കൂടുതല്‍ താരങ്ങളെത്തുമെന്നും ഉറപ്പാണ്.

Content Highlight: IPL 2025: Players who earner more than 100 crores from IPL