അദ്ദേഹം പറഞ്ഞിരുന്ന പല വാചകങ്ങളും എനിക്ക് മനസിലായിട്ടില്ല; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരു വനിത പ്രധാനമന്ത്രിയായിരുന്നു ; മുല്ലപ്പള്ളിക്ക് മറുപടി പറഞ്ഞ് ശൈലജ ടീച്ചര്‍
COVID-19
അദ്ദേഹം പറഞ്ഞിരുന്ന പല വാചകങ്ങളും എനിക്ക് മനസിലായിട്ടില്ല; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരു വനിത പ്രധാനമന്ത്രിയായിരുന്നു ; മുല്ലപ്പള്ളിക്ക് മറുപടി പറഞ്ഞ് ശൈലജ ടീച്ചര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th June 2020, 10:38 pm

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ റോക്ക്ഡാന്‍സര്‍ പ്രയോഗത്തിന് മറുപടി പറഞ്ഞ് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൈരളി ടി.വിയുടെ ജെ.ബി ജംങ്ഷന്‍ പരിപാടിയിലൂടെയായിരുന്നു മന്ത്രിയുടെ മറുപടി.

അദ്ദേഹം അങ്ങനെ പറയേണ്ടിയിരുന്നോ എന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെയെന്നും, അങ്ങനെ പറയുമ്പോള്‍ മോശമാകുന്നത് ഞാനോ ഗവണ്‍മെന്റോ അല്ല അദ്ദേഹം തന്നെയാണെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ എന്താണ് ചെയ്തതെന്ന് കോഴിക്കോട്ടെ ജനതയ്ക്ക് മുഴുവന്‍ അറിയുന്ന കാര്യമാണ്. കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് വേര്‍തിരിവ് ഒന്നും ഉണ്ടായിരുന്നില്ല അന്ന്. കോഴിക്കോട് പോയി ഗസ്റ്റ് ഹൗസ് തന്നെയാണ് താന്‍ താമസിച്ചത്. അവിടെ പോയി വിശ്രമം എടുക്കാന്‍ അല്ല പോയത്. ഞാന്‍ അവിടെ പോയി ചങ്ങരംകുളം ഗ്രാമത്തില്‍ പോയിട്ടുണ്ട്. എന്റെ കൂടെ വിദഗ്ധരായ ആളുകള്‍ ഉണ്ടായിരുന്നു. ആ ഗ്രാമത്തില്‍ നിന്ന് കൂട്ടത്തോടെ ആളുകള്‍ പലായനം ചെയ്യുന്നുണ്ടായിരുന്നു. അന്ന് അവരെ കാണാനാണ് നമ്മള്‍ പോയത് എന്നും മന്ത്രി പറഞ്ഞു.

അദ്ദേഹം വന്നിരുന്നോ ഇല്ലയോ എന്ന് എന്റെ പ്രശ്‌നമല്ല. അദ്ദേഹം പറഞ്ഞിരുന്ന പല വാചകങ്ങളും എനിക്ക് മനസിലായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മഹാകഷ്ടമായി പോയെന്നും അങ്ങനെ ഒരു ചിന്ത പാടില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെ പോലെ ഒരു പാര്‍ട്ടി അതും ഒരു വനിത പ്രധാനമന്ത്രിയായ പാര്‍ട്ടിയിലുള്ളയാള്‍ ആണ് പറഞ്ഞതെന്നും സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇതിനെ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കക്ഷി രാഷ്ട്രീയം പോലും മറന്ന് മുല്ലപ്പള്ളിക്കെതിരെ ആളുകള്‍ രംഗത്ത് വന്നെന്നും രാഷ്ട്രീയപരമായി ഏറെ എതിര്‍പ്പുള്ള ശോഭ സുരേന്ദ്രന്‍ പോലും പിന്തുണച്ചെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്ട് നിപ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

അതേസമയം, പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് വിവാദമായതിന് ശേഷവും മുല്ലപ്പള്ളി പറഞ്ഞത്. മന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ മുല്ലപ്പള്ളി മന്ത്രിക്കെതിരെ വീണ്ടും അധിക്ഷേപം നടത്തുകയും ചെയ്തു. ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്.

കൊവിഡ് പ്രതിരോധ രംഗത്ത് സര്‍ക്കാരിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ആര്‍ക്കും അത് നിഷേധിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരാളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് ഞാന്‍ മോശമായി സംസാരിക്കാറില്ല എന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ