സായ് പല്ലവിയും ശിവകാര്‍ത്തികേയനും ഒന്നിച്ച ഏറ്റവും പുതിയ സിനിമയാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്. ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തിയപ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തിയത് സായ് പല്ലവി ആയിരുന്നു.
അമരനില്‍ തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടി ആയിട്ടാണ് സായ് അഭിനയിക്കുന്നത്. സിനിമയില്‍ സായ് പല്ലവിയുടെ സഹോദരനായി അഭിനയിച്ചത് ശ്യാം മോഹനായിരുന്നു. അമരനില്‍ നിന്ന് വളരെ മികച്ച ഒരു എക്‌സ്പീരിയന്‍സായിരുന്നു ലഭിച്ചതെന്ന് പറയുകയാണ് ശ്യാം. സെറ്റില്‍ ആരും തന്നെ ഒരു ന്യൂ കമറായിട്ട് ട്രീറ്റ് ചെയ്തിട്ടില്ലെന്നും നടന്‍ പറയുന്നു.
‘അമരനില്‍ നിന്ന് വളരെ മികച്ച ഒരു എക്‌സ്പീരിയന്‍സായിരുന്നു ലഭിച്ചത്. അവിടെ ആരും ഒരു ന്യൂ കമറായിട്ട് എന്നെ ട്രീറ്റ് ചെയ്തിട്ടില്ല. ഒരു എസ്റ്റാബിളിഷ്ഡായ ആര്‍ട്ടിസ്റ്റിന് കിട്ടുന്ന അതേ റെസ്‌പെക്ടായിരുന്നു എനിക്ക് ലഭിച്ചത്. അത്തരത്തിലാണ് അമരന്റെ സെറ്റില്‍ എല്ലാവരും എന്നോട് പെരുമാറിയത്.
ശിവകാര്‍ത്തികേയന്‍ സാര്‍ ഒരു ദിവസം ഭക്ഷണം വൈകിയപ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാങ്ങി തന്നിരുന്നു. അന്ന് ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ലേറ്റായി നില്‍ക്കുകയായിരുന്നു. ആ സമയത്ത് ഭക്ഷണം എത്തിയിരുന്നില്ല. ആ സമയത്ത് സാര്‍ ഞങ്ങളുടെ ഓരോരുത്തരുടെയും അടുത്ത് വന്ന് എന്താണ് കഴിക്കുകയെന്ന് ചോദിച്ച് മനസിലാക്കി. എന്നിട്ട് ഫുഡ് ഓര്‍ഡറ് ചെയ്ത് വാങ്ങി തന്നു,’ ശ്യാം മോഹന്‍ പറഞ്ഞു.
താന്‍ അമരന്‍ സിനിമ ചെയ്യുന്നത് പ്രേമലു റിലീസാകുന്നതിന് മുമ്പായിരുന്നെന്നും ശ്യാം മോഹന്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് മെസേജ് അയക്കുകയായിരുന്നെന്നും എന്നാല്‍ താന്‍ വിശ്വസിച്ചില്ലെന്നും നടന്‍ പറയുന്നു. ലൊക്കേഷനില്‍ എത്തിയപ്പോഴാണ് പൂര്‍ണമായ വിശ്വാസം വരുന്നതെന്നും ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Shyam Mohan Talks About Amaran shooting Experience