Sports News
ഓസീസിനെതിരെ തിരിച്ചുവരാനൊരുങ്ങി സ്റ്റാര്‍ ബാറ്റര്‍, പരിക്ക് ഗുരുതരമല്ല!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 19, 03:38 pm
Tuesday, 19th November 2024, 9:08 pm

ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നവംബര്‍ 22നാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.

എന്നാല്‍ അപ്രതീക്ഷിതമായി ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന്റെ പിടിയില്‍ വീഴുന്ന കാഴ്ചയാണ് പ്രാക്ടീസ് സെക്ഷനില്‍ കാണാന്‍ സാധിച്ചത്. ഇതോടെ വിരലിന് പറ്റിയ പരിക്ക് കാരണം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ശുഭ്മന്‍ ഗിന് ആദ്യ മത്സരം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ആശ്വസിക്കാവുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗില്ലിന്റെ വിരലില്‍ ഒടിവില്ലെന്നും പരിക്ക് സാരമല്ലെന്നുമാണ്. ഒരാഴ്ചക്കുള്ളില്‍ താരത്തിന്റെ പരിക്ക് മാറാമെന്നും ഇതോടെ ആദ്യ ടെസ്റ്റിന് ഗില്‍ ഒരുക്കമാണെങ്കില്‍ കളിക്കാമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട.

‘ശുഭ്മാന്‍ ഗില്ലിന്റെ കൈവിരലിന് ഒടിവൊന്നുമില്ല; ഇത് ഒരു ചെറിയ ടിഷ്യുവിനെയാണ് ബാധിച്ചത്, അത് ഗുരുതരമല്ല. ഇത് മാറാന്‍ എടുക്കുന്ന പരമാവധി സമയം ഒരാഴ്ചയാണ്, ഇല്ലെങ്കില്‍ രണ്ടാം ഗെയിമിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്. അത് ഒരു മുന്‍കരുതല്‍ ആയിരിക്കും,’ റെവ് സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് എക്‌സില്‍ എഴുതി.

പരിക്ക് മൂലം ആദ്യ ടെസ്റ്റിന് ഗില്ലിന്റെ പകരക്കാരെ മാനേജ്മെന്റ് തെരഞ്ഞെടുത്തിരുന്നു. സായി സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരെയാണ് ഓപ്ഷനുകളാക്കിയത്. എന്നിരുന്നാലും ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ ഗില്‍ തിരിച്ചുവരുമെന്നു തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Shubhman Gill Will Come Back In First Test Against Australia, Report