ആയിരമടിച്ചവന്‍ ഒരാള്‍ മാത്രം; ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തിട്ടേ വിശ്രമമുള്ളൂ എന്ന് വിളിച്ച് പറയും പോലെ
ലോകകപ്പിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകരൊന്നാകെ. നീണ്ട 12 വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിലേക്കെത്തിയ ലോകകപ്പില്‍ തന്നെ പത്ത് വര്‍ഷഷമായി തുടരുന്ന കിരീട വരള്‍ച്ച അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
യുവതാരങ്ങളും സീനിയര്‍ താരങ്ങളും ഒത്തുചേരുന്ന പെര്‍ഫെക്ട് ബ്ലെന്‍ഡാണ് ഇന്ത്യന്‍ ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങള്‍ ഫോം കണ്ടെത്തിയതും സ്ഥിരത പുലര്‍ത്തുന്നതുമാണ് ഇന്ത്യന്‍ ടീമിന് ഏറെ ആശ്വാസമാകുന്നത്.
ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേരാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റേത്. 2023ല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗില്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ന്യൂസിലാന്‍ഡിനെതിരെ നേടിയ ഇരട്ട സെഞ്ച്വറിയടക്കം നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറുടെ ബാറ്റില്‍ നിന്നും പിറന്നത്.
ഇതിന് പുറമെ ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം ഗില്‍ നേടുന്ന നാലാമത് അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറി നേട്ടത്തോടെ ഈ വര്‍ഷം 1,000 റണ്‍സ് പൂര്‍ത്തിയാക്കാനും ഗില്ലിനായി. ഈ നേട്ടം പൂര്‍ത്തിയാക്കുന്ന ഏക താരവും ഗില്‍ മാത്രമാണ്.
2023ല്‍ ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ താരങ്ങള്‍
(താരം – രാജ്യം – ഇന്നിങ്‌സ് – റണ്‍സ് – ആവറേജ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 18 – 1,074 – 71.57 – 4
പാതും നിസങ്ക – ശ്രീലങ്ക – 20 – 819 – 45.50 – 2
ബാബര്‍ അസം – പാകിസ്ഥാന്‍ – 15 – 745 – 49.66 – 2
സീന്‍ വില്യംസ് -സിംബാബ്‌വേ – 9 – 720 – 90.00 – 3
ഡാരില്‍ മിച്ചല്‍ – ന്യൂസിലാന്‍ഡ് – 16 – 652 – 43.46 – 3
ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഗില്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ടണ്‍ നേട്ടവും സ്വന്തമാക്കിയിരുന്നു.
മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 36 പന്തില്‍ 74 റണ്‍സാണ് ഗില്‍ നേടിയത്. ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 117.46 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഗില്‍ റണ്ണടിച്ചുകൂട്ടിയത്.
1996ലെ ടൈറ്റന്‍ കപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ മഹൊലിയില്‍ ഓസ്‌ട്രേലിയയെ തോല്‍പിക്കുന്നത്. അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനികളിലൊരാളും ഗില്‍ തന്നെയായിരുന്നു.
ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ ഗില്ലിന്റെ ആറാട്ടിനായിരുന്നു ആരാധകര്‍ സാക്ഷ്യം വഹിച്ചത്. 97 പന്തില്‍ നിന്നും 104 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 107.22 എന്ന പ്രഹരശേഷിയിലായിരുന്നു ഗില്ലിന്റെ റണ്‍ വേട്ട.
ഗില്‍ ഇതേ ഫോം തന്നെ ലോകകപ്പിലും ആവര്‍ത്തിക്കുമെന്നും ഇന്ത്യ ലോകകപ്പ് നേടുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Shubhman Gill scored most runs in 2023