പ്രിയദര്‍ശന്റെ സിനിമയില്‍ മതനിന്ദ; മാപ്പ് പറഞ്ഞ് പ്രമുഖ താരം
Entertainment news
പ്രിയദര്‍ശന്റെ സിനിമയില്‍ മതനിന്ദ; മാപ്പ് പറഞ്ഞ് പ്രമുഖ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th February 2023, 3:54 pm

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയാണ് ‘കമാല്‍ ധമാല്‍’. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന മലയാളം സിനിമയുടെ റീമേക്കായിരുന്നു ആ സിനിമ. സിനിമയിലെ ഒരു സീനിനെതിരെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സിനിമക്കെതിരെ ഉയര്‍ന്ന മതനിന്ദ ആരോപണത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ശ്രേയസ് തല്‍പാണ്ഡെ.

ജെംസ് ഓഫ് ബോളിവുഡ് ഫാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രത്തിലെ വിവാദ സീനിന്റെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു മിനി ലോറിയുടെ ബോണറ്റില്‍ ചവിട്ടി അതിന്റെ ഡ്രൈവറോട് കയര്‍ക്കുന്ന ശ്രേയസിന്റെ കഥാപാത്രത്തെയാണ് വീഡിയോയില്‍ കാണുന്നത്. സാധാരണ വണ്ടിയില്‍ പേര് എഴുതുന്ന സ്ഥാനത്ത് ഓംകാര ചിഹ്നമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ശ്രേയസിന്റെ കഥാപാത്രം ഇതില്‍ ചവിട്ടിയത് മതനിന്ദയാണെന്ന തരത്തിലാണ് ആരോപണങ്ങള്‍ വന്നത്. ഈ വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് നടന്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്.

സിനിമയുടെ ചിത്രീകരണത്തില്‍ ഒരു അഭിനേതാവിന്റെ മാനസികാവസ്ഥ പല ഘടകങ്ങളെയും ആശ്രയിച്ചാണുള്ളതെന്നും അതുകൊണ്ട് തന്നെ പല പരിമിതികളും ഉണ്ടാകുമെന്നും ശ്രേയസ് പറഞ്ഞു. എന്നാലും ചിത്രീകരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഒരു സിനിമയുടെ ചിത്രീകരണത്തില്‍ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംവിധായകന്റെ ആവശ്യങ്ങള്‍, സമയ പരിമിതി തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരു അഭിനേതാവിന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ നിര്‍ണയിക്കും, പ്രത്യേകിച്ചും ചിത്രീകരിക്കുന്നത് ഒരു ആക്ഷന്‍ രംഗം ആണെങ്കില്‍. ഇത് ഞാന്‍ സ്വയം ന്യായീകരിക്കുന്നതല്ല. സിനിമ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു,’ ശ്രേയസ് ട്വീറ്റ് ചെയ്തു.

നീരജ് വോറയായിരുന്നു സിനിമയുടെ തിരക്കഥ എഴുതിയത്. നാന പടേക്കര്‍, പരേഷ് റാവല്‍, ഓം പുരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പെര്‍സെപ്റ്റ് പിക്‌ച്ചേഴ്‌സ് നിര്‍മിച്ച് സിനിമക്ക് പശ്ചാത്തല സംഗീതം ഒരിക്കിയത് ഔസേപ്പച്ചനായിരുന്നു. മേരിക്കുണ്ടൊരു കുഞ്ഞാട് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

content highlight: shreyas thalpade apology post, priyadarshan movie