ഇത് ഞാൻ നേരത്തെ തുറന്ന് പറയണമായിരുന്നു: പിതാവിൽ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് പറഞ്ഞ് ഖുശ്‌ബു സുന്ദർ
national news
ഇത് ഞാൻ നേരത്തെ തുറന്ന് പറയണമായിരുന്നു: പിതാവിൽ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് പറഞ്ഞ് ഖുശ്‌ബു സുന്ദർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2024, 4:22 pm

മുംബൈ: മലയാള സിനിമ രംഗത്തെ ലൈംഗികാരോപണങ്ങളെക്കുറിച്ച് പറയുന്ന ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തനിക്ക് സ്വന്തം പിതാവിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് തെന്നിന്ത്യൻ താരവും രാഷ്ട്രീയക്കാരിയുമായ ഖുശ്‌ബു സുന്ദർ. തന്റെ എക്സ് പോസ്റ്റിലൂടെയാണവർ തനിക്കുണ്ടായാ ദുരനുഭവം പങ്ക് വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അഭിനന്ദിച്ച് കൊണ്ട് എക്‌സിൽ എഴുതിയ കുറിപ്പിലാണ് തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ചും ഖുശ്‌ബു പറഞ്ഞത്.

എട്ടാമത്തെ വയസിൽ തന്റെ പിതാവിൽ നിന്ന് തനിക്ക് ദുരനുഭവമുണ്ടായെന്ന് നടി വെളിപ്പെടുത്തി. എട്ടാം വയസിൽ പിതാവ് തന്നെ ഉപദ്രവിച്ചെന്നും 15-ാം വയസ്സിൽ അതിനെതിരെ പ്രതികരിച്ചെന്നും അതിനുശേഷം പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുവെന്നും ഖുശ്‌ബു പറഞ്ഞു. ഒപ്പം ഹേമകമ്മിറ്റി കൊണ്ടുവരുന്നതിൽ വിജയിച്ച എല്ലാ സ്ത്രീകളെയും അവർ അഭിനന്ദിക്കുകയും ചെയ്തു.

‘ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന് വിജയിച്ച സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ. സ്ത്രീകൾക്ക് നേരെ ഉണ്ടായ ദുരുപയോഗങ്ങൾ തകർക്കാൻ ഹേമ കമ്മിറ്റി വളരെ ആവശ്യമായിരുന്നു. ഈ വിഷയത്തെക്കുറിച്ച് എൻ്റെ 24-ഉം 21-ഉം വയസ്സുള്ള പെൺമക്കളുമായി ഞാൻ സംസാരിച്ചു. ഇരകളോടുള്ള അവരുടെ സഹാനുഭൂതി എന്നിൽ ആശ്ചര്യം ഉണ്ടാക്കി. അവർ ഇരകൾക്ക് പിന്തുണ നൽകുകയും ഈ ഘട്ടത്തിൽ അവരോടൊപ്പം നിൽക്കുകയും ചെയ്യുന്നു. അക്രമത്തെക്കുറിച്ച് നിങ്ങൾ എപ്പോൾ സാംസാരിക്കുന്നു എന്നത് പ്രശ്‌നമേയല്ല. ഉടൻ തന്നെ സംസാരിക്കുന്നത് കൂടുതൽ ഫലപ്രദമായ അന്വേഷണത്തിന് സഹായിക്കും.

നീ എന്തുകൊണ്ട് മറച്ച് വെച്ചു? എന്തിനത് പുറത്ത് പറഞ്ഞു തുടങ്ങിയ ചോദ്യങ്ങളിലൂടെ അവളെ തകർക്കാൻ എളുപ്പമാണ്. എന്നാൽ ഈ അവസരത്തിൽ അവളോടൊപ്പം നിന്ന് എല്ലാ പിന്തുണയും നൽകുകയാണ് വേണ്ടത്,’ ഖുശ്‌ബു കുറിച്ചു.

പിന്നീട് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചും ഖുശ്‌ബു പങ്കുവെച്ചു.

‘ഞാൻ വീണാൽ എന്നെ പിടിക്കാൻ ഉണ്ടാകുമെന്ന് കരുതിയ ഏറ്റവും ശക്തമായ ആ കൈകളിൽ നിന്ന് തന്നെ ഞാൻ അപമാനിക്കപ്പെട്ടു. ചിലർ എന്നോട് എൻ്റെ പിതാവിൻ്റെ അധിക്ഷേപത്തെക്കുറിച്ച് സംസാരിക്കാൻ എന്താണ് ഇത്രയും സമയമെടുത്തത് എന്ന് ചോദിച്ചു. അതെ ഞാൻ നേരത്തെ സംസാരിക്കേണ്ടതായിരുന്നു. പക്ഷെ കഴിഞ്ഞില്ല. ഇരയുടെ കൂടെ നിൽക്കാനും നിങ്ങളുടെ അചഞ്ചലമായ പിന്തുണ നൽകാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’ അവർ പറഞ്ഞു.

 

 

Content Highlight: Should’ve spoken earlier about father’s abuse: Actor Khushbu on Hema Committee report