വി.എം. വിനുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് ബാലേട്ടന്‍. 2003ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ദേവയാനി, നിത്യാദാസ്, ഹരിശ്രീ അശോകന്‍, ഇന്നസെന്റ് എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.
ടി.എ. ഷാഹിദ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ബാലേട്ടനില്‍ വില്ലനായി എത്തിയത് റിയാസ് ഖാന്‍ ആയിരുന്നു. അത്താണിപറമ്പില്‍ ബാലചന്ദ്രമേനോന്‍ എന്ന ബാലേട്ടനായി മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ ഭദ്രന്‍ എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ അഭിനയിച്ചത്.
ചിത്രത്തില്‍ റിയാസ് ഖാന് ശബ്ദം നല്‍കിയത് ഷോബി തിലകന്‍ ആയിരുന്നു. മോഹന്‍ലാലിന്റെ എതിരെ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ നല്ല ആവേശമാണെന്ന് പറയുകയാണ് ഷോബി. ഒപ്പം ബാലേട്ടനില്‍ റിയാസ് ഖാനും മോഹന്‍ലാലും ഒരുമിച്ചുള്ള ഒരു സീന്‍ ഡബ്ബ് ചെയ്ത അനുഭവവും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.
‘ലാലേട്ടന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രങ്ങളാണെങ്കില്‍ അവര്‍ക്ക് ശബ്ദം നല്‍കാന്‍ നമുക്ക് നല്ല ആവേശമാകും. ബാലേട്ടന്‍ സിനിമയില്‍ റിയാസ് ഖാനും ലാലേട്ടനുമുള്ള ഒരു സീനുണ്ട്. ഒരു റൗണ്ട് ട്രോളി ഷോട്ടായിരുന്നു അതില്‍ ഉപയോഗിച്ചത്.
പെങ്ങളെ കല്യാണത്തെ കുറിച്ചൊക്കെ പറയുന്ന സീനായിരുന്നു അത്. അതില്‍ ‘വരനായി ഞാനും വധുവായി നിന്റെ പെങ്ങളും’ എന്നൊക്കെ പറഞ്ഞുള്ള ഒരു ഡയലോഗ് ഉണ്ടായിരുന്നു. ഈ സീനിന് ശബ്ദം കൊടുക്കാന്‍ പോയപ്പോള്‍ ഷാജിയേട്ടന്‍ ഒരു കാര്യം പറഞ്ഞു. എനിക്ക് അത് ഇപ്പോഴും ഓര്‍മയുണ്ട്. ‘ഇത് കുറച്ച് കഷ്ടപ്പെടും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നമുക്ക് നോക്കാമെന്ന് ഞാനും പറഞ്ഞു. ഒറ്റ ടേക്കില്‍ ചെയ്യാനാകുമോയെന്ന് നോക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അങ്ങനെ രണ്ടോമൂന്നോ തവണ റിഹേഴ്‌സല്‍ ചെയ്യുകയും ഡയലോഗ് കാണാപാഠം പഠിക്കുകയും ചെയ്തു. അവസാനം ഒറ്റ ടേക്കില്‍ ആ സീന്‍ ഞാന്‍ ഡബ്ബ് ചെയ്തു,’ ഷോബി തിലകന്‍ പറഞ്ഞു.
Content Highlight: Shobi Thilakan Talks About Mohanlal’s Balettan Movie Dubbing