അദ്ദേഹത്തിന് അച്ഛന്‍ കൊടുത്ത ആ ഉറപ്പിന്റെ പുറത്താണ് എനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്: ഷോബി തിലകന്‍
Entertainment
അദ്ദേഹത്തിന് അച്ഛന്‍ കൊടുത്ത ആ ഉറപ്പിന്റെ പുറത്താണ് എനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 2:11 pm

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വര്‍മ പഴശ്ശിരാജ.ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസര്‍ക്കാര്‍ ഇതിന്റെ പ്രദര്‍ശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അന്നത്തെ കാലത്ത് 50 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കേരള വര്‍മ പഴശ്ശിരാജ.

മമ്മൂട്ടി, കനിഹ,പദ്മപ്രിയ, ശരത് കുമാര്‍, തിലകന്‍, തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തില്‍ ശരത് കുമാര്‍ അവതരിപ്പിച്ച എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഷോബി തിലകനായിരുന്നു. ആ വര്‍ഷത്തെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എടച്ചേന കുങ്കനിലൂടെ ഷോബി തിലകന്‍ നേടിയിരുന്നു.

എടച്ചേന കുങ്കന് ശബ്ദം നല്‍കാന്‍ താന്‍ ആണ് നല്ലതെന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഹരിഹരനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് തന്റെ മേല്‍ ഉറപ്പില്ലായിരുന്നെന്ന് ഷോബി തിലകന്‍ പറയുന്നു. അവസാനം അച്ഛന്റെ ഉറപ്പിന്മേലാണ് ഹരിഹരന്‍ തന്നെ കൊണ്ട് എടച്ചേന കുങ്കനെ ഡബ്ബ് ചെയ്യിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഷോബി തിലകന്‍.

‘കേരള വര്‍മ പഴശ്ശിരാജ എന്ന് പറയുന്ന സിനിമയിലെ എടച്ചേന കുങ്കനെ എന്നെ കൊണ്ട് ഡബ്ബ് ചെയ്യാനായിട്ട് ഹരിഹരന്‍ സാറിന് ഒരു കോണ്‍ഫിഡന്‍സ് കൊടുത്തതും, ഉറപ്പ് കൊടുത്തതും എന്റെ അച്ഛനാണ്.

എടച്ചേന കുങ്കനെ ഡബ്ബ് ചെയ്യാനായിട് ഷോബിയെ വിളിച്ചാല്‍ മതി, ഷോബിയുടെ സൗണ്ട് കറക്റ്റ് ആയിരിക്കും എന്ന് പറഞ്ഞ് എന്നെ നിര്‍ദ്ദേശിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ സാറാണ്. എന്നിട്ടും ഞാന്‍ ശരിയാകുമോ എന്ന് ഹരിഹരന്‍ സാര്‍ സംശയിച്ചു നില്‍ക്കുമ്പോഴാണ് അച്ഛന്‍ സ്റ്റുഡിയോയിലേക്ക് ഡബ്ബ് ചെയ്യാന്‍ വരുന്നത്.

എന്താ ഇങ്ങനെ നില്‍ക്കുന്നതെന്ന് അച്ഛന്‍ ഹരിഹരന്‍ സാറിനോട് ചോദിച്ചപ്പോള്‍, ഷോബിയെ കൊണ്ട് എടച്ചേന കുങ്കനെ ഡബ്ബ് ചെയ്യിക്കാമെന്നാണ് ഞാന്‍ വിചാരിക്കുന്നത് എന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞു. ആ അവന്റെ സൗണ്ട് ആ കഥാപാത്രത്തിന് കറക്റ്റ് ആയിരിക്കും എന്ന് അച്ഛന്‍ ഹരിഹരന്‍ സാറിനോട് പറഞ്ഞു.

ആ കോണ്‍ഫിഡന്‍സ് ആണ് പഴശ്ശിരാജ സിനിമയിലേക്ക് ഞാന്‍ എത്തുന്നതും ആ വര്‍ഷത്തെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിക്കുന്നത്,’ ഷോബി തിലകന്‍ പറയുന്നു.

Content Highlight: Shobi Thilakan Says His Father Give Confidence To the Director Hariharan to Select him For Dub a Character In Kerala Varma Pazhassi Raja Movie