ഞാന്‍ കണ്ടെടോ ഞങ്ങളുടെ പഴയ നാഗവല്ലിയെ: കല്‍ക്കിയില്‍ ശോഭിച്ച് ശോഭന
Entertainment
ഞാന്‍ കണ്ടെടോ ഞങ്ങളുടെ പഴയ നാഗവല്ലിയെ: കല്‍ക്കിയില്‍ ശോഭിച്ച് ശോഭന
അമര്‍നാഥ് എം.
Tuesday, 2nd July 2024, 7:07 pm

പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശാശ്വതാ ചാറ്റര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍… ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട എന്നീ സ്റ്റാറുകളുടെ അതിഥിവേഷം… ഇതിന്റെയിടയില്‍ മലയാളത്തില്‍ നിന്ന് പോകുന്ന ശോഭന എന്ത് ചെയ്യാനാ? ചുമ്മാ ആളെ തികക്കാന്‍ വേണ്ടി കാസ്റ്റ് ചെയ്തതാകും എന്നായിരുന്നു കല്‍ക്കിയില്‍ ശോഭനയുടെ പോസ്റ്റര്‍ ഇറക്കിയപ്പോള്‍ വന്ന ഭൂരിഭാഗം കമന്റുകളും.

എന്നാല്‍ ആളെ തികക്കാന്‍ വേണ്ടി ചുമ്മാ കാസ്റ്റ് ചെയ്ത കഥാപാത്രമല്ല ശോഭനയുടെ മറിയം എന്ന് സിനിമ കണ്ടവര്‍ക്ക് മനസിലായി. തന്റെ പൂര്‍വികരെപ്പോലെ ഭൂമിയെ രക്ഷിക്കാന്‍ വരുന്ന അവതാരത്തെ കാത്തിരിക്കുന്ന മറിയത്തെ ശോഭന കൈയടക്കത്തോടെ അവതരിപ്പിച്ചു. അവതാരത്തെ ഗര്‍ഭപാത്രത്തില്‍ ചുമക്കുന്ന സ്ത്രീയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മറിയം താരത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു.

നല്ലൊരു നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്ന ശംബാല എന്ന നഗരത്തിന്റെ നേതാവിന്റെ കമാന്‍ഡിങ് പവറും അനുയായികളുടെ പ്രതീക്ഷ ഒരുക്കല്‍ പോലും നഷ്ടപ്പെടാതെ കാക്കുന്ന നേതാവായും മികച്ച പ്രകടനമാണ് ശോഭന കാഴ്ചവെച്ചത്. എന്നാല്‍ വെറും ശാന്തസ്വരൂപിണിയാണെന്ന് കരുതിയ സ്ഥലത്ത് ക്ലൈമാക്‌സ് ഫൈറ്റിലെ ട്രാന്‍സ്‌ഫോര്‍മേഷന്‍ എല്ലാവരെയും ഞെട്ടിച്ചു.

ദീപികാ പദുകോണ്‍ അവതരിപ്പിച്ച സുമതി എന്ന കഥാപാത്രത്തെ രക്ഷിക്കാന്‍ വേണ്ടി ക്ലൈമാക്‌സില്‍ ആയുധമെടുത്ത് യുദ്ധത്തിനിറങ്ങുന്ന സീന്‍ രോമാഞ്ചമുണ്ടാക്കുന്നതായിരുന്നു. ഒരു മിനിറ്റ് തികച്ചില്ലാത്ത സീനില്‍ താരം ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിച്ചിത്രത്താഴില്‍ സെക്കന്‍ഡുകള്‍ കൊണ്ട് നാഗവല്ലിയിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ പോലെയായിരുന്നു കല്‍ക്കിയിലെ സീനും.

ഒരേസമയം ശാന്തതയും അതിനോടൊപ്പം കമാന്‍ഡിങ് പവറും ഉള്ള, വേണ്ടിവന്നാല്‍ ആക്ഷന്‍ സീനും ചെയ്യാന്‍ മടിക്കാത്ത മറിയം എന്ന കഥാപാത്രം ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ശോഭന കല്‍ക്കിയിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ മറിയത്തിന്റെ ഫ്‌ളാഷ്ബാക്ക് കാണിക്കുന്ന എന്തെങ്കിലും സീന്‍ ഉണ്ടെങ്കില്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റുള്ള സിനിമയില്‍ തന്റെ കഥാപാത്രവും വലിയ ഇംപാക്ടുള്ളതാക്കാന്‍ ശോഭനക്ക് സാധിച്ചു.

Content Highlight: Shobhana’s perfomance in Kalki 2898 AD

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം