ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് മണിരത്‌നം. റോജ, ദളപതി, നായകന്‍, ബോംബേ, ദില്‍സേ, അലൈപായുതേ, ഒ.കെ. കണ്‍മണി എന്നിങ്ങനെ ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന ചിത്രങ്ങളുടെ ലിസ്റ്റ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തില്‍ എത്തിനില്‍ക്കുകയാണ്. വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള താരങ്ങള്‍ അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസിലും കുതിക്കുകയാണ്.
ഒടുവിലിറങ്ങിയ മണിരത്‌നം ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു രാവണ്‍. രാമായണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രം തമിഴിലും ഹിന്ദിയിലും റിലീസ് ചെയ്തിരുന്നു. ഐശ്വര്യ റായിയും വിക്രവും ഇരുഭാഷകളിലും പ്രധാനകഥാപാത്രങ്ങളായി എത്തിയപ്പോള്‍ തമിഴിലും ഹിന്ദിയിലും വ്യത്യസ്ത വേഷങ്ങളില്‍ പൃഥ്വിരാജും അഭിഷേക് ബച്ചനും അഭിനയിച്ചിരുന്നു. മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്.
ഏത് മണിരത്‌നം ചിത്രങ്ങളിലേതെന്ന പോലെ തന്നെ രാവണിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതില്‍ തന്നെ ഏറ്റവും ശ്രദ്ധ നേടിയ പാട്ടായിരുന്നു ശ്രേയ ഘോഷാല്‍ പാടിയ കള്‍വരേ. റഹ്‌മാന്‍ സംഗീതത്തിനും ശ്രേയയുടെ ശബ്ദ മാധുര്യത്തിനും പുറമേ ഐശ്വര്യയുടെ നൃത്തവും ഈ ഗാനത്തെ സുന്ദരമാക്കുന്ന പ്രധാനഘടകമായിരുന്നു. എന്നാല്‍ ഈ നൃത്തം കൊറിയോഗ്രഫി ചെയ്തത് ശോഭനയാണെന്ന കാര്യം അധികം പേര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഐശ്വര്യക്കായി ഈ ഗാനത്തില്‍ ചുവടുകള്‍ അണിയിച്ചൊരുക്കിയത് ശോഭനയായിരുന്നു.
ഇതിനെ പറ്റി മണിരത്‌നത്തിന്റെ പങ്കാളിയായ സുഹാസിനി തന്നെ ഇടക്ക് പറഞ്ഞിട്ടുണ്ട്. ‘ഐശ്വര്യയുടെ ഡാന്‍സ് കാണുമ്പോള്‍ എനിക്ക് ശോഭനയെ ആണ് ഓര്‍മ വരുന്നത്. ആ കഥാപാത്രം ശോഭനക്ക് ചെയ്യാന്‍ പറ്റിയില്ല, എന്നാല്‍ ആ ഡാന്‍സ് എങ്കിലും ശോഭന കളിക്കണം എന്ന് പറഞ്ഞാണ് മണി ശോഭനയെ വിളിക്കുന്നത്,’ എന്നാണ് സുഹാസിനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
മുമ്പ് ദളപതി ചിത്രത്തില്‍ സുബ്ബലക്ഷ്മിയായി പ്രേക്ഷകമനം കവര്‍ന്ന ശോഭന രാവണില്‍ സ്‌ക്രീനില്‍ വന്നില്ലെങ്കിലും പിന്നണിയിലൂടെ ചിത്രത്തിലെ ഒരു പാട്ടിനെ മനോഹരമാക്കി.
Content Highlight: shobhana choreographed for aishwarya rai in ravan