ലാഹോര്‍: ടി-20 ലോകകപ്പിലെ തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേര്‍ക്കുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ മുന്‍ താരം ഷോയിബ് അക്തര്‍. ഇന്ത്യന്‍ ടീമിന് മേല്‍ അമിത സമ്മര്‍ദ്ദം ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അക്തര്‍ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ ടീമിനെതിരെ എന്തിനാണ് ഇത്രയും വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുന്‍ താരങ്ങളും ടീമിന് അമിത സമ്മര്‍ദ്ദം നല്‍കുകയാണെന്ന് അക്തര്‍ പറഞ്ഞു.
‘ഇന്ത്യന്‍ ടീം അജയ്യരാണോ? അവര്‍ ഒരിക്കലും തോല്‍ക്കില്ലേ? അത്തരം പ്രതീക്ഷകള്‍ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്,’ അക്തര്‍ പറഞ്ഞു.
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റതോടെയാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ ടീമിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. പ്രധാനമായും മുഹമ്മദ് ഷമിയ്‌ക്കെതിരെയായിരുന്നു ആക്രമണം.
എന്നാല്‍ ന്യൂസിലാന്റിനെതിരേയും പരാജയപ്പെട്ടതോടെ ടീമംഗങ്ങളേയും കുടുംബാംഗങ്ങളേയും ലക്ഷ്യമിട്ട് വിദ്വേഷ പ്രചരണം തുടങ്ങി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം മാത്രം പ്രായമായ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി വരെ ഉയര്‍ന്നിട്ടുണ്ട്.