അമേരിക്കയുടെ അണ്ടര്‍ 19 വനിതാ ടീമിന്റെ കോച്ചായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ശിവ്‌നരേയ്ന്‍ ചന്ദ്രപോളിനെ നിയമിച്ചു. ഒന്നരവര്‍ഷത്തേക്കാണ് താരത്തെ പരിശീലകനായി യു.എസ്. ക്രിക്കറ്റ് നിയമിച്ചരിക്കുന്നത്.
ജൂലൈ 5 മുതല്‍ 9 വരെ ട്രിനിഡാഡിലും ട്രിബാന്‍ഗോയിലും നടക്കുന്ന അണ്ടര്‍ 19 റൈസിങ് സ്റ്റാര്‍സ് ടി-20 ചാമ്പ്യന്‍ഷിപ്പിനായുള്ള ടീമിനെ സജ്ജമാക്കിയെടുക്കുകയാണ് ചന്ദ്രപോളിന്റെ പ്രധാന ജോലിയും വെല്ലുവിളിയും.
ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരമായി വിലയിരുത്തപ്പെട്ട ചന്ദ്രപോള്‍ ഇപ്പോള്‍ കോച്ചിങ്ങിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
അമേരിക്കന്‍ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും താരം പറയുന്നു.
‘യു.എസ് ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനായി നിയമിക്കപ്പെട്ടതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. വനിതാ ക്രിക്കറ്റിനെ ഏറെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ഞാന്‍.
ഓര്‍ലാന്‍ഡോയിലെ താമസക്കാരനെന്നതില്‍ അമേരിക്കന്‍ ക്രിക്കറ്റ് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. എന്നാലിപ്പോള്‍ ടീമിന്റെ പരിശീലകനായി വന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്,’ ശിവനരെയ്ന്‍ ചന്ദ്രപോള്‍ പറയുന്നു.
ജനുവരിയില്‍ നടക്കുന്ന അണ്ടര്‍ 19 വനിതാ ലോകകപ്പാണ് തന്റെ അടുത്ത ലക്ഷ്യമെന്നും തന്റെ എക്‌സ്പീരിയന്‍സ് അതിനായി വിനിയോഗിക്കുമെന്നും താരം പറയുന്നു.
നിലവില്‍ സി.പി.എല്ലിലെ സൂപ്പര്‍ ടീമായ ജമൈക്ക തല്ലവാസിന്റെ മുഖ്യപരിശീലകനാണ് ചന്ദ്രപോള്‍. കൂടാതെ അണ്ടര്‍ 19 വിന്‍ഡീസ് ദേശീയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1994 മുതല്‍ 2015 വരെയുള്ള തന്റെ സൂദീര്‍ഘമായ കരിയറില്‍ 164 ടെസ്റ്റാണ് താരം വിന്‍ഡീസിനായി കളിച്ചിട്ടുള്ളത്. 30 സെഞ്ച്വറിയടക്കം 11, 867 റണ്‍സാണ് താരം വിന്‍ഡീസിനായി അടിച്ചുകൂട്ടിയിട്ടള്ളത്.