അടുത്ത ടി-ട്വന്റി ലോകകപ്പില്‍ രണ്ടുപേര്‍ക്കും സാധ്യത ഉണ്ട്
Sports News
അടുത്ത ടി-ട്വന്റി ലോകകപ്പില്‍ രണ്ടുപേര്‍ക്കും സാധ്യത ഉണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th January 2024, 2:48 pm

അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ 2-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി മാച്ച് വിന്നിങ് പ്രകടനം നടത്തിയ ശിവം ദുബെയും യശ്വസി ജെയ്‌സ്വാളുമാണ് ഇപ്പോള്‍ സംസാര വിഷയം.

മത്സരത്തില്‍ 34 പന്തില്‍ 68 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ മികച്ച പ്രകടനമാണ് ഓപ്പണിങ്ങില്‍ കാഴ്ചവെച്ചത്. ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 68 റണ്‍സാണ് താരം നേടിയത്. 200 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.

കോഹ്ലി പുറത്തായശേഷം നാലാമനായി ശിവം ദുബെയുമെത്തിയതോടെ സ്‌കോര്‍ അതിവേഗം ഉയരുകയും ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച് ദുബെ പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 32 പന്തില്‍ പുറത്താകാതെ 63 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 196.88 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ നിറഞ്ഞാടിയത്. കഴിഞ്ഞ മത്സരത്തിലും ദുബെ 40 പന്തില്‍ നിന്ന് 60 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ഇതോടെ ഇരുവരും വരാനിരിക്കുന്ന ഐ.സി.സി ടി20 ലോകകപ്പില്‍ ഇടം നേടുമെന്ന് നിരവദി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോള്‍ ഇരുവര്‍ക്കും ഉടന്‍ കേന്ദ്ര കരാര്‍ ലഭിക്കുമെന്നാണ് ഐ.സി.സിയുടെ വിശ്വസനീയമായ ഒരു ഉറവിടം പറയുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ പരിക്കും ദുബെയുടെ തിരിച്ചുവരവും ജെയ്‌സ്വാളിന്റെ മിന്നും ഫോമും ഇതിന് വഴിയൊരുക്കുകയാണ്.

‘ഒരു കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചുവരുകയാണെന്ന് സെലക്ടര്‍മാര്‍ മനസ്സിലാക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ അദ്ദേഹം ബൗളിങ്ങില്‍ സജീവമാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച സംഭാവന നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,’ബി.സി.സി.ഐയിലെ ഒരു വിശ്വസനീയമായ ഉറവിടം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


ജനുവരി 17നാണ് അഫ്ഗാനെതിരെയുള്ള അവസാന മത്സരം. റെഡ് റബര്‍ മത്സരത്തില്‍ രണ്ടു പേര്‍ക്കും മികച്ച ഫോം കണ്ടെത്താന്‍ സാധിച്ചാല്‍ ടി20 സാധ്യതകള്‍ നിലനില്‍ക്കുകയും ചെയ്യും.

 

Content Highlight: Shivam Dube and Yashwasi Jaiswal are likely to play in the next T20 World Cup