Nationl News
മോദി ഉദ്ഘാടനം ചെയ്ത ശിവജി പ്രതിമ തകര്‍ന്ന സംഭവം; കണ്‍സള്‍ട്ടന്റിന് പിന്നാലെ ശില്‍പിയും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 05, 03:51 am
Thursday, 5th September 2024, 9:21 am

മുംബൈ: മഹാരാഷ്ട്ര രാജ്‌കോട്ടയിലെ ശിവജി പ്രതിമ തകര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിമയുടെ ശില്‍പിയും കരാറുകാരനുമായ ജയ്ദീപ് ആപ്‌തെയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിമ തകര്‍ന്ന വിവരം പുറത്ത് വന്നതുമുതല്‍ ഇയാളെ പൊലീസ് തിരയുകയായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കിടയില്‍ ഇയാള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

പിന്നാലെ ഇയാളെ കണ്ടെത്താന്‍ വേണ്ടിയുള്ള ശ്രമത്തിനൊടുവില്‍ പൊലീസ് താനെ ജില്ലയിലെ കല്ല്യാണിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിമ തകര്‍ന്നതില്‍ അശ്രദ്ധ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴോളം സംഘങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ആപ്‌തെക്കൊപ്പം സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെതിരെയും മാല്‍വന്‍ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത 25 അടി വലിപ്പമുള്ള ശിവജിയുടെ പ്രതിമ ആഗസ്റ്റ് 26 നാണ് തകര്‍ന്നുവീണത്. ഇതിനെ തുടര്‍ന്ന് വിവാദങ്ങളുടെ പരമ്പര തന്നെ മഹാരാഷ്ട്ര സര്‍ക്കാരും ബി.ജെ.പിയും നേരിടേണ്ടി വന്നിരുന്നു.

പ്രതിമ തകര്‍ന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനുള്‍പ്പെടെ പ്രധാനമന്ത്രിയുടെയും മുഖച്ഛായക്കും കോട്ടം തട്ടിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പ്രതിമയുടെ നിര്‍മാണത്തിലുണ്ടായ വീഴ്ച വലിയ തോതിലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിമ നിര്‍മാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ ഖജനാവില്‍ നിന്നും 256 കോടി രൂപ എടുത്തെന്നും അതില്‍ ഒരുകോടി മാത്രമേ പ്രതിമക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളൂ എന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നിലവില്‍ ആപ്‌തെയെ അറസ്റ്റ് ചെയ്തതിന്റെ ക്രഡിറ്റിനെ കുറിച്ചുള്ള അവകാശവാദങ്ങളും സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. സര്‍ക്കാര്‍ വാദങ്ങള്‍ ഉയര്‍ത്താന്‍ യോഗ്യരല്ലെന്നും ഇത് സര്‍ക്കാരിന്റെ കടമയാണെന്നുമാണ് പ്രതിപക്ഷം പറയുന്നത്.

സംസ്ഥാനസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ കൂടാതെ എഞ്ചിനിയര്‍മാര്‍, ഐ.ഐ.ടി വിദഗ്ദര്‍, നാവികസേന ഉദ്യോഗസ്ഥര്‍ തുടങ്ങി സാങ്കേതിക സമിതിയെയും അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

Content Highlight: shivaji statue collapsed in maharashtra; sculptor apte arrested