'ആര്‍ത്തവകാല ബുദ്ധിമുട്ട് നേരിട്ട് അറിയാത്ത, കണ്ടില്ലെന്ന് നടിക്കുന്ന പുരുഷകേസരികള്‍'; കുസാറ്റിലെ ആര്‍ത്തവ അവധിയിലെ വിദ്വേഷ കമന്റുകളില്‍ ഷിംന അസീസ്
Kerala News
'ആര്‍ത്തവകാല ബുദ്ധിമുട്ട് നേരിട്ട് അറിയാത്ത, കണ്ടില്ലെന്ന് നടിക്കുന്ന പുരുഷകേസരികള്‍'; കുസാറ്റിലെ ആര്‍ത്തവ അവധിയിലെ വിദ്വേഷ കമന്റുകളില്‍ ഷിംന അസീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 8:48 pm

കോഴിക്കോട്: കുസാറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കിയ വാര്‍ത്തക്ക് താഴെയുള്ള വിദ്വേഷ കമന്റുകളില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ്. ആര്‍ത്തവകാല ബുദ്ധിമുട്ട് നേരിട്ട് അറിയുകയോ, ഇതുവരെ ആരോടും ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലാത്ത, അതല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്ന ഒരു കൂട്ടം പുരുഷകേസരികളാണ് കുസാറ്റ് നല്‍കാന്‍ തീരുമാനിച്ച ആര്‍ത്തവാവധിയുടെ വാര്‍ത്തയുടെ കീഴില്‍ കിടന്ന് മെഴുകുന്നതെന്ന് ഷിംന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

സ്ത്രീകള്‍ക്ക് മാത്രമല്ല, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളില്‍ ആര്‍ത്തവമുള്ളവര്‍ക്കും ഈ അവധി ബാധകമാവണമെന്നും ഷിംന പറഞ്ഞു.

‘ആര്‍ത്തവകാലം പലര്‍ക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവും ഒരു പരിധി വിട്ട് വന്ന് കയറും. ആര്‍ത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് സ്റ്റാര്‍ട്ട് ചെയ്ത് പിരീഡ്സ് തുടങ്ങി ഏതാണ്ട് രണ്ട് ദിവസമാകും വരെയൊക്കെ ഇത് തന്നെ സ്ഥിതി. വയറുവേദനയും ബ്രസ്റ്റ് വേദനയും പുറമെ. ഈ ദിവസങ്ങളില്‍ ശരീരവേദന സഹിക്കവയ്യാതെ ബെഡില്‍ കിടന്ന് ഉരുളുന്നവരെയും തല കറങ്ങി വീഴുന്നവരെയും ഛര്‍ദ്ദിയും വയറിളക്കവും പ്രശ്നം സൃഷ്ടിക്കുന്നവരെയുമൊക്കെ അറിയാം. വല്ലാത്ത സഹനമാണ് കുറച്ച് ദിവസത്തേക്കെങ്കിലും ഇവര്‍ക്കുണ്ടാവുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് വരുന്ന ക്ഷീണവും പുകിലും വേറെയും.

ആ ദിവസങ്ങളില്‍ പഠനത്തിനും ജോലിക്കുമൊക്കെ പോകേണ്ടി വരുന്നത് വല്ലാത്തൊരു കടമ്പയാണ്. ഒരേയിരിപ്പും വാഷ്റൂമില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതും മുതല്‍ ഭക്ഷണവിരക്തിയും ആരോടും മിണ്ടാന്‍ തോന്നാത്തതും വേദനകളും വിഷമവുമെല്ലാം ഒരു ചിരിയിലൊതുക്കേണ്ടി വരും. ചില്ലറ നയിപ്പല്ല സംഗതി,’ ഷിംന അസീസ് പറഞ്ഞു.

ജെന്‍ഡര്‍ ഇക്വിറ്റി എന്നത് വൈവിധ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തല്‍ കൂടിയാണ്. ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ജൈവപരമായ പ്രത്യേകതകള്‍ കൊണ്ട് സ്ത്രീയാണ് അനുഭവിക്കുന്നത്. ഇവിടെ അതിന് തക്ക കരുതല്‍ നല്‍കേണ്ടതുമവള്‍ക്കാണ്.
ആ ദിവസങ്ങള്‍ വിശ്രമിക്കാനായി ലഭിച്ചാല്‍ കൂടുതല്‍ പ്രൊഡക്റ്റിവിറ്റിയോടെ വരും ദിവസങ്ങളെ നേരിടാന്‍ അവള്‍ക്ക് സാധിക്കും.

സ്ത്രീകള്‍ക്ക് മാത്രമല്ല, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളില്‍ ആര്‍ത്തവമുള്ളവര്‍ക്കും ഈ അവധി ബാധകമാവണം.
ആര്‍ത്തവാവധി സ്വാഗതാര്‍ഹമായ തീരുമാനമാണ്. കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ഇത് കടന്ന് വരട്ടെയെന്നും അവര്‍ പറഞ്ഞു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഈ സെമസ്റ്റര്‍ മുതലാണ് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്. എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റ ഇടപെടലിലാണ് പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം അധിക അവധി നല്‍കാന്‍ സര്‍വകലാശാല അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് ക്യാമ്പസിലും സര്‍വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും അവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കും.

Content Highlight: Shimna Azeez’s respond on hateful comments on menstrual leave in Cusat