നിഫ്റ്റ്, ഫാറൂഖ് കോളേജ്...'; ഓട്ടോണമസ് കോളേജുകളിലെ വിവാദത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതി
Education
നിഫ്റ്റ്, ഫാറൂഖ് കോളേജ്...'; ഓട്ടോണമസ് കോളേജുകളിലെ വിവാദത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതി
ഷിജു. ആര്‍
Wednesday, 21st March 2018, 3:30 pm

ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ അധ്യാപകന്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചു നടത്തിയ ഹീനമായ ലൈംഗിക പരാമര്‍ശത്തോട് സോഷ്യല്‍ മീഡിയ സക്രിയമായി പ്രതികരിച്ചു കഴിഞ്ഞു. ചില പ്രതികരണങ്ങളെങ്കിലും ആണധികാരത്തിന്റെയും ആണ്‍നോട്ടത്തിന്റെയും പദാവലികളിലും വീക്ഷണത്തിലും കുരുങ്ങിപ്പോയെങ്കിലും പൊതുവേ നമ്മുടെ സമൂഹമാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ സാക്ഷരതയുടെ അടയാളങ്ങള്‍ തന്നെയാണ് ഒട്ടുമിക്ക പ്രതികരണങ്ങളും. അവയോടെല്ലാം പൊതുവേ ഐക്യപ്പെട്ടുകൊണ്ട് ചിലതു പറയാനുണ്ട്.

ഫാറൂഖ് കോളേജ് ഒരു ഓട്ടോണമസ് സ്ഥാപനമാണ്. അക്കാദമികവും അഡ്മിനിസ്‌ട്രേറ്റീവുമായ സ്വയംഭരണാവകാശങ്ങള്‍ ഉള്ള സ്ഥാപനം. ആധുനിക പൗരബോധവും ജനാധിപത്യ പ്രതികരണ ശേഷിയും ഏറെ വര്‍ധിച്ച സമൂഹങ്ങളിലെന്നപോലെയാവില്ല, പേരില്‍ ഔപചാരിക ജനാധിപത്യവും, ആത്മാവില്‍ മത/ ഫ്യൂഡല്‍ ബന്ധക്രമങ്ങളും പേറുന്ന നമ്മുടേത് പോലൊരു സമൂഹത്തില്‍ ഇത്തരം ഓട്ടോണോമികള്‍ പെരുമാറുക എന്ന് പണ്ടേ ശങ്കിച്ചവരുണ്ട്. അതു ശരിവയ്ക്കും വിധത്തിലാണ് കഴിഞ്ഞ ദിവസം ഫാറൂഖ് കോളേജിലെ അധ്യാപകര്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ ക്വട്ടേഷന്‍ ഗുണ്ടകളെപ്പോലും തോല്പിക്കും വിധത്തില്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ നാം കണ്ടത്. അവര്‍ക്ക് അതിനുള്ള ധൈര്യം പകര്‍ന്നത് ഈ സ്വയംഭരണ പദവിയും സമുദായ പിന്‍ബലവും തന്നെയാണ്. ഭരണകൂട ഇടപെടലുകള്‍ പോലും പ്രതിരോധിക്കാനും നിയന്ത്രിക്കാനും കെല്‍പുള്ള സമാന്തര ഭരണകൂടങ്ങളാണ് സംഘടിത സമുദായ സ്ഥാപനങ്ങളെല്ലാം തന്നെ.

തൊണ്ണൂറുകളിലെ കേരളീയ വിദ്യാഭ്യാസ സമരങ്ങളിലെ കേന്ദ്ര മുദ്രാവാക്യങ്ങളിലൊന്നു ഓട്ടോണമസ് കോളേജുകള്‍ക്ക് എതിരായിരുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ നടന്ന സമരങ്ങള്‍ പോലെ അത് ശ്രദ്ധിക്കപ്പെട്ടില്ല. അല്‍പം താമസിച്ചെങ്കിലും ആഗോളവത്കരണത്തിന്റെ കച്ചവടയുക്തികള്‍ കേരളവിദ്യാഭ്യാസത്തെ നിര്‍ണ്ണയിക്കുക തന്നെ ചെയ്തു. അതിന്റെ നാള്‍വഴികളും അതിനോടുള്ള പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും എങ്ങനെ ഒറ്റുകൊടുക്കപ്പെട്ടുവന്നതും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. അതവിടെ നില്‍ക്കട്ടെ.

പറഞ്ഞു വന്നത് അതല്ല, വിദ്യാഭ്യാസം, സംസ്‌കാരം, പ്രകൃതി തുടങ്ങിയ എല്ലാത്തിനെയും വിപണിവല്‍ക്കരിച്ച മുതലാളിത്തയുക്തിയുടെ അക്രമോത്സുകവും സ്വാഭാവികവുമായ വികാസമാണ് ആഗോളീകരണം. ഈ വിപണി മൂല്യത്തിലധിഷ്ഠിതമായ നോട്ടമാണ് സമസ്ത വസ്തുക്കളെയും ജീവികളെയും എന്തിന്, മനുഷ്യനെത്തന്നെയും “ചരക്കുവത്കരിക്കുന്ന നോട്ടമായി ” ചരിത്രത്തില്‍ വികസിച്ചത്. ആഗോളീകരണത്തിനുമുമ്പ് തന്നെ രൂപം കൊണ്ട, ഒരു പക്ഷേ സ്വകാര്യ സ്വത്തുടമാ സങ്കല്പത്തോട് ചേര്‍ന്ന് രൂപപ്പെട്ട അധികാരത്തിന്റെ നോട്ടമാണത്. പലകാലങ്ങളിലൂടെ മനുഷ്യര്‍ രൂപപ്പെടുത്തിയ നൈതിക വിചാരങ്ങളും നീതിബോധവുമാണ് ഈ വസ്തുവല്‍കരണത്തിന് എതിരായ വിമോചന ചിന്തകള്‍ക്കും ഊര്‍ജ്ജവും ഇന്ധനവുമായത്. പ്രകൃതിയില്‍ മനുഷ്യനെന്ന പോലെ, അടിമയ്ക്ക് മേല്‍ ഉടമയുടേതെന്ന പോലെ, നാടിനുമേല്‍ നാടുവാഴിയുടേതെന്ന പോലെ പെണ്ണിനു മേല്‍ ചരിത്രപരമായി സ്ഥാപിച്ചുറപ്പിച്ച ഈ വസ്തുവല്‍കരണത്തിന്റെ അധികാരനോട്ടത്തെയാണ് നാം ആണ്‍നോട്ടം (male gaze ) എന്നു പറയുന്നത്.

Related:  ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്റെ അധിക്ഷേപ പരാമര്‍ശവും പ്രതിഷേധങ്ങളും വാര്‍ത്തയാക്കി ബി.ബി.സിയും

ഈ ആണ്‍നോട്ടത്തിന്റെ ആശയാടിത്തറയിലാണ് നമ്മുടെ കാമനാലോകങ്ങളും സദാചാരബോധവും നാഗരികക്രമങ്ങളും സൗന്ദര്യശാസ്ത്രവും എന്തിന് ശാസ്ത്ര വിജ്ഞാന ലോകം പോലും കെട്ടി ഉയര്‍ത്തപ്പെട്ടത്. ചരിത്രം പിന്നിടുമ്പോള്‍ ഈ വസ്തുവല്‍കരണം കൂടിക്കൂടി വരികയാണോ കുറഞ്ഞു വരികയാണോ എന്ന ചോദ്യത്തിന് ഒറ്റ വാക്കില്‍ ഒരു ഉത്തരം നല്‍കുക എളുപ്പമല്ല. അതിന്റെ രീതിശാസ്ത്രങ്ങളും സങ്കല്പങ്ങളും മാറി മാറി വന്നു എന്നെ പറയാനാവൂ.

പലകാലങ്ങളില്‍ രൂപം കൊണ്ട മതങ്ങളും തത്വചിന്തകളും രാഷ്ട്രീയ ചിന്തകളും ഈ വസ്തുവല്‍കരണത്തെ വിമര്‍ശനാത്മകമായി വിലയിരുത്തിയിട്ടുണ്ട്. പക്ഷേ കേന്ദ്രത്തെ സ്പര്‍ശിക്കാത്തതു കൊണ്ട്, പലപ്പോഴും ആണ്‍ബോധത്തില്‍ തന്നെ ചെന്നു വീഴുന്ന സ്ഥിതിയാണ് ഉണ്ടായത്.

 

ഉദാഹരണത്തിന് സ്ത്രീയുടെ വ്യഭിചാരം ഗുരുതര തെറ്റായി കാണുന്ന മതം (ഏതു മതം ആയാലും ) അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും തന്റെ ചാരിത്ര്യം സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം അവളെ തന്നെ ഏല്പിക്കുന്നു. മാനുഷികമായ പല ആഹ്ലാദങ്ങളെയും ജൈവികമായ ചോദനകളെയും സാമൂഹ്യാനുഭവങ്ങളെയും റദ്ദ് ചെയ്തുകൊണ്ട് അത് സംരക്ഷിക്കേണ്ടതുണ്ട് എന്നാണ് എല്ലാ മതങ്ങളും അവളെ പഠിപ്പിക്കുന്നത്. ആ പഠനത്തില്‍ നിന്നാണ് മറക്കുടയും ഘോഷയും എല്‍.കെ.ജി കുഞ്ഞുങ്ങള്‍ക്ക് പോലും ഉള്ള പര്‍ദ്ദകളും രൂപം കൊള്ളുന്നത്.

“”ബേക്കറി പലഹാരം ചില്ലിട്ടു വയ്ക്കുന്നത് ഈച്ച കയറാതിരിക്കാന്‍”” ആണെന്ന് സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി ഉദാഹരിക്കുന്ന മതപ്രസംഗങ്ങള്‍ ധാരാളം ഉണ്ട്. ഉദാഹരണത്തിലെ “ഈച്ച” താനും തന്നെപ്പോലുള്ളവരും ആണെന്ന് ഈ പ്രബോധകനോ അയാള്‍ക്ക് കയ്യടിക്കുന്ന ആണ്‍കൂട്ടമോ ഓര്‍ക്കാറില്ല. (തീര്‍ച്ചയായും സ്ത്രീകളും ഉണ്ട്. അതെപ്പറ്റി വഴിയേ പറയാം) തങ്ങളുടെ ലിംഗാധിഷ്ഠിത മസ്തിഷ്‌കങ്ങള്‍ക്ക് ഒരു നവീകരണവും വേണമെന്നും അവര്‍ക്ക് തോന്നാറില്ല. പകരം “നിങ്ങള്‍ ഒളിച്ചു നില്‍ക്കൂ… ഒഴിഞ്ഞു മാറൂ ” എന്ന് അവര്‍ മനുഷ്യകുലത്തില്‍ മറുപാതിയോട് പറയുകയാണ്.

ആ അധമ ബോധത്തിന്റെ കുറേക്കൂടി അക്രമോല്‍സുക ഉദാഹരണമാണ് ഇപ്പോള്‍ വിവാദമായ വത്തക്ക പരാമര്‍ശം. വ്യാപാരികള്‍ വിപണിയില്‍ വില്‍ക്കാന്‍ വച്ച വത്തക്കയുടെ ഗുണം അറിയാന്‍ അല്പ ഭാഗം ചൂഴ്ന്നു വച്ച പോലെയാണ് മാറിടം തുണിയിട്ട് മൂടി മറയ്ക്കാത്ത സ്ത്രീകള്‍ ചെയ്യുന്നത് എന്നത് ഈ ചരക്കു ബോധത്തില്‍ നിന്നും ഉളവായ ഉദാഹരണമാണ്. സദാചാരം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചു താന്‍ ചെന്നു വീണ അബദ്ധം ഇനിയും അയാള്‍ക്കോ അയാളെ പിന്തുണയ്ക്കുന്ന സദാചാര വാദികള്‍ക്കോ ഇനിയും മനസിലായിട്ടില്ല. വാസ്തവത്തില്‍ നേരിട്ട് നടത്തുന്ന അധിക്ഷേപത്തെക്കാള്‍ ഹീനമാണീ ചരക്കുവല്‍ക്കരണവും അപവാദ പരാമര്‍ശവും.

മതം അസ്വാതന്ത്രയാക്കിയ സ്ത്രീയെ മുതലാളിത്തം സ്വതന്ത്രയാക്കുകയല്ല ; പകരം കൂടുതല്‍ സാങ്കേതിക മികവുള്ള തടവറകള്‍ തീര്‍ക്കുകയാണ് ചെയ്യുന്നത്. മതാത്മക കാലത്തിന്റെ സ്ത്രീ നിര്‍മ്മിതിയെക്കാള്‍ സ്വത്വ ബോധമുള്ള സ്ത്രീ തന്നെയാണ് എന്തുകൊണ്ടും മുതലാളിത്ത കാലത്തെ സ്ത്രീ. പക്ഷേ സ്വാതന്ത്ര്യ ബോധം എന്നതു പോലെ പുതിയ കാലത്തെ തടവറകളും സാങ്കേതിക മികവാര്‍ന്നവ തന്നെയാണ്.

എണ്‍പതുകള്‍ വരെ കേരളത്തില്‍ കുളം, പുഴ, തോടുകള്‍ തുടങ്ങിയ പൊതു ജലാശയങ്ങളില്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ ആളുകള്‍ കുളിച്ചിരുന്നു. അതുപോലെ ബ്ലൗസിനൊപ്പം ലുങ്കിയുടുത്ത് തോര്‍ത്ത് ചുറ്റി തൊഴിലെടുക്കുന്ന തൊഴിലാളി യുവതികള്‍ ഉണ്ടായിരുന്നു. കുപ്പായമിടാത്ത പുരുഷന്‍മാര്‍ കവലകളില്‍ ഒക്കെ സര്‍വ്വ സാധാരണമായിരുന്നു. നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ പുരോഗതി മാത്രമല്ല, സ്ത്രീ ശരീരം വസ്തുവല്‍കരിച്ച് കൊണ്ട് ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ച സിനിമകള്‍ കൂടിയാണ് അവ നാട്ടിന്‍പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമാക്കിയത്.

Related:  ‘പെണ്‍കുട്ടികളെ ഒന്നടങ്കം അധിക്ഷേപിച്ച അധ്യാപഹയന്‍ കുട്ടികളോട് മാപ്പ് പറയുക തന്നെ വേണം’: ഫാറൂഖ് കോളേജ് ചെയര്‍പേഴ്‌സണ്‍ മിന ഫര്‍സാന

സാങ്കേതികവിദ്യ ഒരു തലത്തില്‍ നിങ്ങളെ സ്വതന്ത്രമാക്കുമ്പോള്‍ മറുതലം കൊണ്ട്, കൂടുതല്‍ ബന്ധുരമായ കാഞ്ചനക്കൂടുകളില്‍ മോഹിപ്പിക്കുന്ന ബന്ധനങ്ങള്‍ ഒരുക്കി വയ്ക്കുന്നുണ്ട്. വിദ്യാലയങ്ങളില്‍ ക്ലാസ്സ് മുറികളിലേക്ക് വരെ ചെല്ലുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍, തുടങ്ങി അന്താരാഷ്ട്ര ചാര ഉപഗ്രഹ ശൃംഖലകള്‍ വരെയുള്ള നോട്ടങ്ങളില്‍ അധികാരത്തിന്റെ ശക്തമായ വസ്തുവല്‍ക്കരണം ഉണ്ട്. ഗാര്‍ഹിക വേലകളില്‍ സാങ്കേതികോപകരണങ്ങള്‍ ഇടപെട്ട് തുടങ്ങിയപ്പോള്‍ മധ്യവര്‍ഗ്ഗ സ്ത്രീകള്‍ക്കുണ്ടായ ഉണ്ടായ മിച്ചസമയത്തെ വിപണിയും ഭരണകൂടവും വിവിധ തൊഴിലിടങ്ങളില്‍ കൂടി ചൂഷണം ചെയ്യുന്നു. ( തിരിച്ചും പറയാം, തൊഴിലിടങ്ങളില്‍ സ്ത്രീ പങ്കാളിത്തം അനിവാര്യമായ ഘട്ടത്തില്‍ ഗാര്‍ഹിക ജോലികള്‍ക്കുള്ള സാങ്കേതിക വിദ്യകള്‍ വികസിച്ചതുമാവാം).

 

ചരിത്രത്തില്‍ ഒരു പ്രതിഭാസവും ഏകപക്ഷീയ ഫലങ്ങള്‍ അല്ല ഉളവാക്കുക. മുതലാളിത്തം പകര്‍ന്നു തന്ന സാങ്കേതിക വിദ്യയെ, അത് സൃഷ്ടിച്ച മിച്ച സമയത്തെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകി വരിക തന്നെയാണ്. സാങ്കേതികവിദ്യ മനുഷ്യനെ മോചിപ്പിക്കും എന്ന അതിവാദം പോലെ ഒരതിവാദമാണ് അതില്‍ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കിലുക്കം മാത്രമാണുള്ളത് എന്ന്.

ഓട്ടോണമസ് കോളേജ് എന്ന നിയോ ലിബറല്‍ വിദ്യാഭ്യാസ-കച്ചവടകേന്ദ്രം സ്ഥാപനവല്‍കരിക്കപ്പെട്ട മതവും മൂലധനവും തമ്മിലുള്ള അവിശുദ്ധ സൗഹൃദത്തിന്റെ മികച്ച ഉദാഹരണമാണ്. അവിടെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ അദ്ഭുതമില്ല.

മതസംഘടനകളും സ്ഥാപനങ്ങളും മാത്രമല്ല, മതേതര ജനാധിപത്യ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സ്ത്രീവിരുദ്ധവും പുരുഷ കേന്ദ്രിതവുമായ സദാചാര സങ്കല്‍പങ്ങളാല്‍ തന്നെ നയിക്കപ്പെടുന്നു എന്ന വൈരുധ്യവും ഇതോടു ചേര്‍ത്ത് കാണണം. കണ്ണൂര്‍ ജില്ലയില്‍ ഇടതുപക്ഷാശയങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന NIFT ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സദാചാരാക്രമങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ വരുന്നു. രാഷ്ട്രീയ എതിരാളികളായി വ്യക്തിത്വമുള്ള സ്ത്രീകള്‍ കടന്നു വരുമ്പോള്‍ അവരെ സ്വഭാവഹത്യ ചെയ്യാത്ത ഏതു പാര്‍ട്ടിയുണ്ട് നമ്മുടെ ജനാധിപത്യത്തില്‍ ?

 

മക്കളെത്തന്നെ നിക്ഷേപമായും അതിന്റെ വിപണിമൂല്യം വര്‍ധിപ്പിക്കാനുള്ള ഉപാധിയായി വിദ്യാഭ്യാസത്തെയും കാണുന്നതിന്റെ ദുരന്തം ചെറുതല്ല, നമ്മുടെ ഉന്നത വിദ്യാഭ്യാസത്തില്‍. എല്ലാവിധ വിമോചന / നവോത്ഥാന മൂല്യങ്ങളും അധിക ബാധ്യതയായി എണ്ണുന്ന നമ്മുടെ കലാലയങ്ങള്‍ തൊഴില്‍ നൈപുണികളുടെ പരിശീലന കേന്ദ്രങ്ങള്‍ മാത്രമാവുന്നു. സംരംഭക യുക്തിയുടെയും അതിനുള്ള മാനേജ്‌മെന്റ് അനുശീലനങ്ങളുടെയും മേല്‍ക്കോയ്മ, ഭാഷാ, മാനവിക, ശാസ്ത്ര പഠനത്തിന്റെ രൂപ ഭാവങ്ങളെ നിഷേധാത്മകമായി സ്വാധീനിച്ചിട്ടുണ്ട്.

വ്യക്തിവൈവിധ്യങ്ങളെ, അഭിരുചിയിലെ വൈവിധ്യങ്ങളെ ഒന്നുകില്‍ റദ്ദ് ചെയ്യുകയോ, അല്ലെങ്കില്‍ സ്വാംശീകരിച്ചു നിര്‍വീര്യമാക്കുകയോ ചെയ്യുന്ന മാനേജ്‌മെന്റ് രീതിയും മനഃശാസ്ത്ര പദ്ധതികളും അതിന്റെ ഭാഗമാണ്. റുസ്സയും നാക് സെര്‍ട്ടിഫിക്കേഷനും എന്തെല്ലാം നേട്ടങ്ങളുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ തത്വചിന്തയുടെ ആത്മാവായ വിമര്‍ശനാവബോധം വിപണിക്ക് കീഴ്പെട്ടു പോവുന്നുണ്ട്.

സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ പോലുള്ള എഡ്യൂക്കേഷന്‍ ഹബ്ബുകള്‍ പെരുകി വരുന്നു. ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ, ഫീസ് അടയ്ക്കാന്‍ വൈകുന്നവരെ കൈകാര്യം ചെയ്യാന്‍ അധികൃതര്‍ പണം കൊടുത്തു നിര്‍ത്തുന്ന ഗുണ്ടാ സംഘങ്ങള്‍ വരെ ഉണ്ട് മറ്റു സംസ്ഥാനങ്ങളില്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട് (ഏതാണ്ട് അതുപോലെയാണ് ഫാറൂഖ് കോളേജിലെ ഹോളി ആഘോഷിച്ച കുട്ടികളോട് അധ്യാപകര്‍ പെരുമാറിയത്.)

അത്യധികം സങ്കീര്‍ണ്ണമായ ഒരു സാമൂഹ്യാവസ്ഥയുടെ പ്രതിഫലനവും പ്രതികരണങ്ങളുമാണ് വത്തക്ക വിവാദത്തില്‍ ഉണ്ടായത്. അതില്‍ ഉടന്‍ പ്രതികരണങ്ങളെന്ന പോലെ ദീര്‍ഘകാലിക ഇടപെടലുകളും അനിവാര്യമാണ്. മതവും മൂലധനവും ഭരണകൂടരാഷ്ട്രീയവും പങ്കിട്ടെടുക്കുന്ന, ചരക്കുവല്‍ക്കരിക്കുന്ന മനുഷ്യ സര്‍ഗ്ഗാത്മകതയെ തിരികെ പിടിക്കാനുള്ള സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഈ പ്രതീകാത്മക പ്രതികരണങ്ങള്‍ക്ക് സാധിക്കുമോ എന്നതാണ് ചോദ്യം.