നിര്‍ണായകമായ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍, കലയിലും സാഹിത്യത്തിലുമെല്ലാം, കയ്യൊപ്പ് പതിപ്പിച്ചുകൊണ്ടായിരിക്കും, കടന്നുപോവുക. എന്‍.എസ്. മാധവന്റെ ‘തിരുത്ത്’ ഓര്‍ക്കുന്നില്ലേ? ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, രാജ്യത്താകെ പ്രതിഷേധമുയര്‍ന്നപ്പോള്‍ എഴുതപ്പെട്ട ചെറുകഥ. മലയാളത്തിലെ മികച്ച ചെറുകഥകളിലൊന്നാണതെന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഒരു വര്‍ഷം മുന്‍പ് മാതൃഭൂമി വാരികയില്‍ പ്രത്യക്ഷപ്പെട്ട, ഇതേ ഗണത്തില്‍ പെട്ട മറ്റൊരു ചെറുകഥയാണ് ‘ഈസ’ എന്ന് ഞാന്‍ കരുതുന്നു. ഈ ചെറുകഥയും എഴുതപ്പെടുന്നത് ചരിത്രത്തിന്റെ നിര്‍ണായകമായ മറ്റൊരു ദശാസന്ധിയിലാണ്.
2019ന്റെ അവസാനത്തില്‍ അവതരിപ്പിക്കപ്പെട്ട പൗരത്വ ഭേദഗഗതി ബില്ലും (Citizen Amentment Act), അതിനെതിരായി നടന്ന രാജ്യവ്യാപക പ്രതിഷേധവും ഓര്‍ക്കുമല്ലോ. ഈയൊരു പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ് ഈസ. എന്നാല്‍ ‘ഈസ’, ‘തിരുത്തി’നെ പോലെ ചര്‍ച്ച ചെയ്യപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ഉണ്ടായില്ല. കൊറോണ മഹാമാരിയില്‍, പൗരത്വ ബില്ലിനെതിരെയുള്ള രാജ്യവ്യാപകമായ പ്രതിഷേധവും ഒപ്പം ‘ഈസ’ എന്ന ചെറുകഥയും വിസ്മൃതിയിലാണ്ട് പോയി.
എന്നാല്‍ ‘ഈസ’ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. നാടകമായി പുനരവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈസ എന്ന ചെറുകഥയുടെ സത്തയും രാഷ്ട്രീയവും ഒട്ടും ചോര്‍ന്നുപോകാതെ, ഒരുപക്ഷെ കൂടുതല്‍ മിഴിവോടെ അവതരിക്കപ്പെട്ടിരിക്കുന്നു. രാജു നരിപ്പറ്റ എന്ന കേരളത്തിലെ മികച്ച നാടക പ്രവര്‍ത്തകന്റെ സംവിധാനത്തികവില്‍. എറണാകുളത്തിനടുത്തുള്ള മുളം തുരുത്തിയിലെ ‘ആല’ എന്ന അഭിനയക്കളരിയാണ് ഈസ നാടകരൂപത്തില്‍ അവതരിപ്പിച്ചത്. 2022 മാര്‍ച്ച് 12 13 തീയ്യതികളില്‍.
ഈസയുടെ ഉള്ളടക്കം വളരെ ചുരുക്കി ഇങ്ങനെ സംഗ്രഹിക്കാം: ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ് ഈസ. കഷ്ടപ്പാടുകള്‍ നിറഞ്ഞ 40 വര്‍ഷത്തെ ഗള്‍ഫ് ജീവിതം. രണ്ട് വര്‍ഷത്തിനിടയില്‍ നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് അയാള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നത്. ഒരു നല്ല ഷര്‍ട്ട് ഇടുന്നതും, ഷേവ് ചെയ്യുന്നതും പോലും അപ്പോള്‍ മാത്രം.
ഇതിനിടയില്‍ ഉത്തരവാദിത്തങ്ങള്‍ ഓരോന്നായി നിറവേറ്റുന്നു. പുരയിടവും വീടും ഉണ്ടാക്കുന്നു. രണ്ട് പെണ്‍മക്കളെയും വാത്സല്യത്തോടെ വളര്‍ത്തി, വിദ്യാഭ്യാസം നല്‍കി കെട്ടിച്ചയക്കുന്നു. ഏത് ഗള്‍ഫുകാരനേയും പോലെ ജീവിതാവസാനത്തില്‍ സ്വന്തം വീട്ടില്‍, സമാധാനത്തോടെ സുഖമായി ജീവിക്കാന്‍ ഈസ ആഗ്രഹിക്കുന്നു. ഭാര്യയേയും കുടുംബത്തെയും മൂത്ത മകളുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് അദ്ദേഹം ഗള്‍ഫിലേക്ക് മടങ്ങുന്നു.
ഗള്‍ഫില്‍ കൊറോണ പിടിപെട്ട് ഈസ മരിക്കുന്നു. അദ്ദേഹത്തിന്റെ ശവശരീരം ഗള്‍ഫില്‍ തന്നെ മറവു ചെയ്യുന്നു. ഗള്‍ഫിലുള്ള ഇളയ മകളുടെ ഭര്‍ത്താവ് ഈസയുടെ ഖബറടക്കത്തിന് സാക്ഷിയത്രേ. എന്നാല്‍ ഈസ സ്വന്തം വീട്ടില്‍ പ്രത്യക്ഷപ്പെടുന്നു.
തനിക്ക് ജീവിച്ച് മതിയായില്ലെന്നും ഈ വീടും പുരയിടവും താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതാണെന്നും തന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഈസ മകളുടെ ഭര്‍ത്താവിനോടും മറ്റ് കുടുംബാംഗങ്ങളോടും വളരെ ദയനീയമായി കെഞ്ചി ആവശ്യപ്പെടുന്നു. ഇങ്ങനെ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം മകളുടെ ഭര്‍ത്താവ് ഈസയെ കല്ലെറിഞ്ഞോടിക്കുന്നു. മരിച്ചുപോയ ആളെ എങ്ങനെ വീട്ടില്‍ കയറ്റി താമസിപ്പിക്കും?
ഗത്യന്തരമില്ലാതെ ഈസയുടെ മരുമകന്‍ സ്ഥലം എം.എല്‍.എയുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുന്നു. നാടകാന്ത്യത്തില്‍ (ചെറുകഥയുടെയും) പൊലീസും, എം.എല്‍.എയും (ഭരണകൂടം) ഈസയുടെത് നിയമവിരുദ്ധമായ അധിനിവേശമാണെന്ന് (ILLEGAL MIGRATION) പ്രഖ്യാപിക്കുകയും വെടിവെക്കാന്‍ (ഫയര്‍) ഉത്തരവിടുകയും ചെയ്യുന്നു.
സമകാലിക രാഷ്ട്രീയം വിമര്‍ശന ബുദ്ധിയോടെ ചര്‍ച്ച ചെയ്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്. ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡും ഇല്ലാത്ത ഈസയെ അധിനിവേശക്കാരനായി ചിത്രീകരിക്കുമ്പോള്‍ ചെറുകഥാകൃത്തും, സംവിധായകനും വിരല്‍ ചൂണ്ടുന്നതെവിടേക്കാണെന്നത് കൃത്യമാണ്. മത പൗരോഹിത്യത്തിന്റെ അപഹാസ്യകരമായ നിലപാടുകളും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.
പരിഭാഷ ചെയ്യപ്പെടുമ്പോള്‍ ചോര്‍ന്നു പോകുന്നതെന്തോ അതാണ് സാഹിത്യം, എന്ന പണ്ടാരോ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതുപോലെ ഒരു സാഹിത്യകൃതി, അത് ചെറുകഥയായാലും നോവലായാലും നാടകമോ സിനിമയോ ആക്കുമ്പോഴും പലപ്പോഴും മൂലകൃതിയോട് നീതി പുലര്‍ത്താറില്ലെന്നും പറയാറുണ്ട്.
എന്നാല്‍ ഇവിടെ ചെറുകഥയുടെ സത്തയും രാഷ്ട്രീയവും ഒട്ടും ചോര്‍ന്നുപോകാതെ, മിഴിവുറ്റതാക്കി അവതരിപ്പിക്കാന്‍ സംവിധായകന്‍ രാജു നരിപ്പറ്റക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നാടകം കണ്ടിറങ്ങുമ്പോള്‍ ഈസയുടെ നിസ്സഹായാവസ്ഥയും ദുഖങ്ങളും നമ്മെ അസ്വസ്ഥരാക്കുന്നു, ഒരു നൊമ്പരമായി പിന്തുടരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ നാടകം അവതരിപ്പിക്കപ്പെട്ടെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നു. ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ- സാംസ്‌കാരിക കാലാവസ്ഥ അതാവശ്യപ്പെടുന്നുണ്ട്.
മുപ്പതോളം നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരുമടങ്ങുന്ന വലിയൊരു കൂട്ടായ്മയുടെ (ആല) അത്യധ്വാനം ഈ നാടകത്തിന് പിറകിലുണ്ട്. ശിഹാബുദ്ദീനും രാജു നരിപ്പറ്റക്കുമൊപ്പം അവരും അഭിനന്ദനമര്‍ഹിക്കുന്നു.
Content Highlight: Shihabuddin Poythumkadavu short story Eesa made into drama by Raju Naripatta