2019 ല്‍ ഹെയ്ദി സാദിയ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയതിനു പിന്നിലുള്ള പ്രധാന കാരണം സ്വന്തമായി ഒരു കമ്മ്യൂണിക്കേറ്റിംഗ് പ്ലാറ്റ്ഫോം ഉണ്ടാക്കുകയെന്നതും ഇതിലേക്ക് താന്‍ പ്രതിനിധാനം ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ എത്തിക്കുക എന്നതുമായിരുന്നു. പ്രതീക്ഷിച്ചതിലും പെട്ടന്ന് തന്നെ സാദിയയുടെ കണക്കുകൂട്ടലുകള്‍കപ്പുറത്തേക്ക് അവരുടെ യുട്യൂബ് ചാനല്‍ വളരാന്‍ തുടങ്ങി.
താന്‍ പ്രതിനിധാനം ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുടെ കൊച്ചു ജീവിതവും അവരുടെ ആചാരവും ജീവിത രീതികളുമെല്ലാം ഹെയ്ദി തന്റെ വീഡിയോകളുടെ വിഷയമാക്കി.
ജേര്‍ണലിസം പഠനം കഴിഞ്ഞിരിക്കുന്ന സമയത്ത് ഹെയ്ദി സാദിയ ചെയ്ത ഈ പുത്തന്‍ നീക്കം പൊതുസമൂഹത്തിലും ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റികള്‍ക്കും ഇടയില്‍ വരുത്തിയ നല്ല മാറ്റങ്ങള്‍ ചെറുതല്ല.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങളോടുള്ള അപരിചതത്വം കുറയ്ക്കാന്‍ ഇത്തരം വീഡിയോകള്‍ സഹായിച്ചു. ഒരു വര്‍ഷത്തിനിപ്പുറം നോക്കുമ്പോള്‍ ഹെയ്ദിയുടെ പാത പിന്തുടര്‍ന്ന് നിരവധി ഭിന്നലൈംഗിക വ്യക്തികള്‍ യൂട്യൂബ് ചാനുകള്‍ തുടങ്ങുകയുണ്ടായി. ഹെയ്ദിക്കു മുമ്പേ തുടങ്ങിയവരുണ്ടെങ്കിലും വലിയ തരത്തില്‍ ഒരു ഇമ്പം ആദ്യം സൃഷ്ടിച്ചത് ഇവരുടെ വീഡിയോകള്‍ തന്നെയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ജല്‍സ പോലുള്ള ആചാരങ്ങള്‍, ശാസ്ത്രക്രിയ കാലഘട്ടം, തന്റെ കമ്മ്യൂണിറ്റിയുടെ കുടുംബവ്യവസ്ഥ തുടങ്ങിയവ ഹെയ്ദി തന്റെ വീഡിയോകളില്‍ വിഷയമാക്കി.
‘ നിങ്ങളെ പെണ്‍കുട്ടിയായി കാണാനാണിഷ്ടം ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഹാഷ്ടാഗ് വീഡിയോയില്‍ ഇടേണ്ട എന്നു പറയുന്നവരുണ്ട്. ഇത്തരത്തില്‍ വളരെ പോസിറ്റീവ് ആയ രീതിയിലുള്ള കമന്റ്സുകള്‍ ധാരാളം വരുന്നണ്ട്,’ ഹെയ്ദി പറയുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോട് മുഖം തിരിക്കുന്ന തരത്തിലുള്ള സമീപനം എടുക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരുടെ ആവശ്യമില്ലാതെ തന്നെ തങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കാന്‍ തന്റെ വിഭാഗക്കാര്‍ക്ക് നവമാധ്യമങ്ങള്‍ തുണയാവുണന്നുണ്ടെന്നാണ് ഹെയ്ദി പറയുന്നത്.
‘ഞങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാല്‍ അത് ജനങ്ങളിലേക്കെത്തിക്കാന്‍ മുമ്പായിരുന്നെങ്കില്‍ ഒരുപാട് മീഡിയകളുടെ കാലു പിടിക്കേണ്ടി വരുമായിരുന്നു. അവര്‍ പലപ്പോഴും സത്യാവസ്ഥ അറിയാതെ ദുര്‍വ്യാഖ്യാനം ചെയ്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയുമുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ഇടയില്‍ ഒരുപാട് യൂട്യൂബേര്‍സും മറ്റും ഉള്ളതു കാരണം അത്തരത്തില്‍ ഒരു പ്രശ്‌നം വരുന്നില്ല,’ ഹെയ്ദി സാദിയ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഹെയ്ദി മാത്രമല്ല, ഇന്ന് നവമാധ്യമങ്ങളിലൂടെ സ്വന്തം സര്‍ഗാത്മകത പ്രകടിപ്പിക്കുകയും അതേ സമയം തന്നെ ഒരു ഉപജീവന മാര്‍ഗവും ഉണ്ടാക്കുന്ന ട്രാന്‍സ് ജെന്‍ഡേര്‍സ് അനവധിയാണ്.
എറണാകുളം സ്വദേശിയായ ശ്രുതി സിതാര എന്ന ട്രാന്‍സ്ജെന്‍ഡറുടെ വലിയ ആഗ്രഹമാണ് ഒരു നടിയാവുക എന്നത്. മോഡലിംഗ് ചെയ്തിരുന്ന ശ്രുതി സിതാര തന്റെ കഴിവുകള്‍ ടിക് ടോക് വീഡിയോകളിലൂടെ പ്രകടിപ്പിക്കാന്‍ തുടങ്ങി. പതിയെ വീഡിയോകള്‍ ട്രെന്‍ഡിംഗായി. ടിക് ടോക്കിലൂടെ നിരവധി സുഹൃത്തുക്കളെ ലഭിച്ചു. കൊച്ചുകുട്ടികള്‍ക്കും അമ്മമാര്‍ക്കും ശ്രുതി പ്രിയങ്കരിയായി. ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമല്ലാതെ ഒരുപാട് പേര്‍ തനിക്ക് സുഹൃത്തുക്കളായുണ്ടെന്നാണ് ശ്രുതി പറയുന്നത്.
എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല ശ്രുതിയുടെ സ്ഥിതി. ആണ്‍കുട്ടിയില്‍ നിന്നും പെണ്‍കുട്ടിയാവുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍ ഇവരെ സംബന്ധിച്ചിടത്തോളം വിഷമകരമായിരുന്നു.
‘ ആ സമയത്ത് എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് കോംപ്ലക്സുകളുടെയും സമയമായിരുന്നു. ആരും എന്നെ പിന്തുണയ്ക്കുന്നില്ല. എന്റെ രൂപത്തില്‍ ഞാന്‍ ജാള്യത കാണിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ മാറണമെന്ന് തീരുമാനിച്ചത്,’ ശ്രുതി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തന്റെ വ്യക്തിത്വം തുറന്നുകാട്ടാന്‍ ശ്രുതി ആദ്യം ഉപയോഗിച്ചതും സോഷ്യല്‍ മീഡിയ തന്നെയായിരുന്നു.
‘ ഞാന്‍ സ്ത്രീയാന്‍ മാറാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ട് സ്ത്രീയായി മാറുന്ന ഘട്ടത്തിലെ ഒരു ഫോട്ടോയും പഴയ ഒരു ഫോട്ടോയും വെച്ച് ഫേസ്ബുക്കില്‍ ഞാന്‍ വലിയൊരു കുറിപ്പ് എഴുതിയിരുന്നു. എനിക്ക് വലിയ പിന്തുണയാണ് അന്ന് ലഭിച്ചത്. പിന്നീട് കുറേ നാള്‍ കഴിഞ്ഞാണ് ഞാന്‍ ടിക് ടോക് ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നെ കൂടുതലും സപ്പോര്‍ട്ട് ചെയ്യുന്നത് പെണ്‍കുട്ടികള്‍ തന്നെയാണ്,’ ശ്രുതി പറയുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ എം.കോം വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ ശ്രുതി. ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ച ശേഷം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
രഞ്ജു രഞ്ജിമാറും യുട്യൂബും
കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന സെലിബ്രറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ രജ്ജു രജ്ജിമാര്‍ സോഷ്യല്‍ മീഡിയക്കു മുമ്പും ശേഷവും ട്രാന്‍സ് ജെന്‍ഡറുകളുടോടുള്ള പൊതുസമൂഹത്തിന്റെ സമീപനം കണ്ടറിഞ്ഞ വ്യക്തിയാണ്. ഇന്ന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങള്‍ക്ക് സമൂഹ്യമാധ്യമങ്ങള്‍ വഴി കിട്ടുന്ന സ്വീകാര്യത വിലപ്പെട്ടതാണെന്നാണ് രജ്ജു പറയുന്നത്.
‘കമന്റുകള്‍ കാണുമ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. കാരണം ഒരുകാലത്ത് മാറ്റി നിര്‍ത്തപ്പെട്ട ഞങ്ങളെ ഇന്ന് ചേര്‍ത്ത് നിര്‍ത്താനായിട്ട് ഒരുപാട് പേര്‍ ആഗ്രഹിക്കുന്നുണ്ട്.’ രഞ്ജു രജ്ഞിമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കുറച്ചു കാലം മുമ്പേ തന്നെ രഞ്ജുവും ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. എന്നാല്‍ ജോലിത്തിരക്കുകള്‍ കാരണം ആ സമയങ്ങളില്‍ ചാനലിലേക്കു ശ്രദ്ധ കൊടുത്തിരുന്നില്ല. ലോക്ഡൗണിനു ശേഷമാണ് ഇവര്‍ യൂട്യൂബ് വീഡിയോകള്‍ നിരന്തരം ചെയ്യാന്‍ തുടങ്ങിയത്.
ലൈം ലൈറ്റില്‍ നില്‍ക്കുന്നയാളെന്ന നിലയിലും തൊഴില്‍ മേഖലയില്‍ രജ്ജുമാര്‍ക്കുള്ള പ്രശ്സ്തിയും കൊണ്ട് തന്നെ ഇവരുടെ യൂട്യൂബ് വീഡിയോകള്‍ പെട്ടന്ന് തന്നെ ഹിറ്റായി. യൂട്യൂബ് വീഡിയോയിലൂടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്തു കൊണ്ട് സംസാരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കുകയും ചെയ്തു. ഒരു ടെലിവിഷന്‍, ഓണ്‍ലൈന്‍ ചാനലിനു കൊടുക്കുന്ന അഭിമുഖത്തേക്കാള്‍ വലിയ മടങ്ങ് ഗുണമാണ് തങ്ങളുടെ ജീവിതത്തെ നേരിട്ട് പ്രേക്ഷകരിലെത്തിച്ചപ്പോള്‍ ഇവര്‍ക്കുണ്ടായത്.
‘ ആയിരക്കണക്കിന് മെസേജുകള്‍ എനിക്ക് നിരന്തരം വരുന്നുണ്ട്. ഒരുപാട് പേര്‍ എന്നെ നേരിട്ട് വിളിക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ എന്നെ വീഡിയോയില്‍ കണ്ടില്ലെങ്കില്‍ വിളിക്കുന്നവരുണ്ട്,’
രഞ്ജു രഞ്ജിമായുടെ യൂട്യൂബ് ചാനലിനിപ്പോള്‍ 1.25 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആണുള്ളത്. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം ഇവര്‍ യൂട്യൂബിലൂടെ കാഴ്ചക്കാരുമായി പങ്കുവെക്കുന്നു. മേക്ക് അപ്പ് ടിപ്സുകളും, ജീവിതാനുഭവങ്ങളും ഇടയ്ക്കുള്ള പ്രചോദന വാക്കുകളുമൊക്കെയായി ഇവരുടെ ചാനല്‍ മുന്നോട്ട് പോവുകയാണ്.
ദീപ്തി കല്യാണിയും വിവാദങ്ങളും
സൂര്യ ടി.വിയെ ഒരു റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും മോഡലും നടിയുമായ ദീപ്തി കല്യാണി എന്ന ട്രാന്‍സ്ജെന്‍ഡര്‍ ടിക് ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഐറ്റം ഡാന്‍സര്‍ ആവുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ ചില വീഡിയോകള്‍ ആരാധക വൃത്തത്തെ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ വിവാദങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ ടിക് ടോക്കില്‍ ചെയ്ത പല വീഡിയോകളും വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു. വിമര്‍ശകര്‍ക്കുള്ള മറുപടിയും ദീപ്തി കല്യാണി നല്‍കുന്നുണ്ട്.
‘പറയുന്നവര്‍ പറഞ്ഞു കൊണ്ടേയിരിക്കും, എല്ലാക്കാര്യത്തിനും ഒരു നല്ല വശവും ചീത്ത വശവും ഉണ്ട്. ഞാനത്തരത്തിലാണ് ചിന്തിക്കുന്നത്. നല്ലത് പറയുന്നവരുമുണ്ട് ചീത്ത പറയുന്നവരമുണ്ട്. വ്യക്തിപരമായി ബാധിക്കുന്ന ചില കമന്റുകള്‍ക്ക് മാത്രമേ മറുപടി പറയാറുള്ളൂ,’ ദീപ്തി കല്യാണി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ട്രാന്‍സ്‌മെന്‍ വ്യക്തിത്വകളെ സംബന്ധിച്ചിടത്തോളം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും യൂട്യൂബ് ചാനലുകളും സുഹൃദ് വലയങ്ങള്‍ സൃഷിക്കാന്‍ സഹായിക്കുന്നുണ്ടെന്നുണ്ടെന്നാണ് ട്രാന്‍സ്‌മെന്‍ ആയ ഷൈന്‍ പറയുന്നത്.
‘ ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയ ശേഷം എന്നെ പോലുള്ള നിരവധി പേര്‍ വിളിക്കുന്നുണ്ട്. വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും എങ്ങനെയെങ്കിലും സഹായിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച്. അത്തരത്തില്‍ നിരവധി പേരെ സഹായിക്കാന്‍ ഇപ്പോള്‍ പറ്റുന്നുണ്ട്,’ ഷൈന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഗേയും സോഷ്യല്‍ മീഡിയയും
സോഷ്യല്‍ മീഡിയകള്‍ക്കൊപ്പം തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഇന്ന് എല്‍.ജി.ബി.ടിക്യു വിഭാഗത്തോട് അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ഗേ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള മുഹമ്മദ് സുഹറാബി പറയുന്നത്.
അതേ സമയം ട്രാന്‍സ് ജെന്‍ഡേഴ്സിനു സമാനമായ രീതിയില്‍ ഗേയായ ഒരു വ്യക്തിയുടെ വിസിബിലിറ്റിയും ഇടപെടലും സോഷ്യല്‍ മീഡിയയില്‍ താരതമ്യേന കുറവാണ്.
‘ സെക്ഷ്വാലിറ്റി എന്നത് എക്സ്പ്രസ് ചെയ്യേണ്ട കാര്യമില്ല. അതേ സമയം ജെന്‍ഡര്‍ അങ്ങനെയല്ല അത് ഒരു ഘട്ടം എത്തുമ്പോള്‍ അവര്‍ പ്രകടിപ്പിച്ചു തുടങ്ങും. ഹെട്രോസെക്ഷ്വല്‍ ആയ ഒരു വ്യക്തി താന്‍ ഹെട്രോസെക്ഷ്വല്‍ ആണെന്ന് പ്രൊജക്ട് ചെയ്യുന്നില്ലല്ലോ. പക്ഷെ അവര്‍ ഒരു പുരുഷനാണെന്ന കാര്യം പ്രൊജക്ട് ചെയ്യും. ജെന്‍ഡര്‍ ഐഡന്റിറ്റി ഒരു പരിധിവരെ ഒളിച്ചു വെക്കാന്‍ പറ്റാത്തതാണ്, ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഇതാണ് സംഭവിക്കുന്നത്. ഇത്തരത്തില്‍ പുറത്തേക്കെത്തുമ്പോള്‍ തന്നെ അവര്‍ക്ക് പൊളിറ്റിക്കലി യൂണൈറ്റഡ് ആയി നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്‍.ജി.ബി.ടിക്യ പ്ലസ് കമ്മ്യൂണിറ്റിയുടെ എല്ലാ അവകാശങ്ങള്‍ക്കു വേണ്ടിയും എല്ലാക്കാലത്തും മുന്നില്‍ നിന്നത് ട്രാന്‍സ്ജെന്‍ഡേഴ്സായിരുന്നു, മുഹമ്മദ് സുഹറാബി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഗേ കമ്മ്യൂണിറ്റിയുടെ ഉള്ളില്‍ തന്നെ ഇപ്പോള്‍ നൂതനപരമായ പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
ബീയിംഗ് ഗേ വിത്ത് വിത്ത് മിസ്റ്റര്‍ Z
ഗേ സംഭാഷണങ്ങള്‍ക്കായി അടുത്തിടെ കേരളത്തില്‍ തുടങ്ങിയ ഒരു പോഡ്കാസ്റ്റാണിത്. പോഡ് കാസ്റ്റ് അവതരിപ്പിക്കുന്ന അരുണ്‍ ഗീതാ വിശ്വനാഥന്‍ പറയുന്നതിങ്ങനെ,
‘ പോഡ്കാസ്റ്റ് തുടങ്ങിയത് ക്യൂര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി തന്നെയാണ്. ക്യൂര്‍ കമ്മ്യൂണിറ്റിയുടെ ഉള്ളില്‍ തന്നെ നോക്കുകയാണെങ്കില്‍ പല ഗേ വ്യക്തികളും ട്രാന്‍സ്ഫോബിക് ആണ്. ഇത്തരത്തിലുള്ള വിഷയങ്ങളിലെ ഇടപെടലാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ ഗേ എന്ന വിഭാഗം ഇവിടെയുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തലും,’ അരുണ്‍ ഡൂള്‍ ന്യൂസിനോട് പഞ്ഞു.
നല്ല മാറ്റങ്ങള്‍ക്കിടയിലും വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നാണ് ഇവരെല്ലാം പറയുന്നത്. എന്നാല്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പിന്തുണ നല്‍കുന്ന ഒരു കൂട്ടം പേരെ സാമൂഹ്യമാധ്യമങ്ങളില്‍ സൃഷ്ടിക്കാനായത് ഇതിനെയെല്ലാം കവച്ചുവെച്ച് മുന്നേറാന്‍ ഇവരെ സഹായിക്കുന്നു.