ആദ്യം നിര്‍മിച്ച ചിത്രം നമ്പര്‍ വണ്‍ ഫ്‌ളോപ്പായിരുന്നുവെന്ന് ഷീലു; അച്ഛനായിരുന്നു നായകന്‍, എന്തുകൊണ്ട് ഫ്‌ളോപ്പായി എന്നിനി ചോദിക്കണ്ടെന്ന് ധ്യാന്‍
Film News
ആദ്യം നിര്‍മിച്ച ചിത്രം നമ്പര്‍ വണ്‍ ഫ്‌ളോപ്പായിരുന്നുവെന്ന് ഷീലു; അച്ഛനായിരുന്നു നായകന്‍, എന്തുകൊണ്ട് ഫ്‌ളോപ്പായി എന്നിനി ചോദിക്കണ്ടെന്ന് ധ്യാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th December 2022, 8:55 pm

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാവുന്ന വീകം ഡിസംബര്‍ ഒമ്പതിന്‌ റീലിസിനൊരുങ്ങുകയാണ്. സാഗര്‍ ഹാരി സംവിധാനം ചെയ്യുന്ന ചിത്രം ആബാം മൂവിസിന്റെ ബാനറില്‍ ഷീലും എബ്രഹാമും എബ്രഹാം മാത്യുവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഷീലുവും ധ്യാന്‍ ശ്രീനിവാസനും.

അഭിമുഖത്തില്‍ നിര്‍മാതാവെന്ന നിലയിലുള്ള അനുഭവങ്ങളും ഷീലു പങ്കുവെച്ചു. ആബാം മൂവിസിന്റെ ബാനറില്‍ താന്‍ പ്രൊഡ്യൂസ് ചെയ്ത ആദ്യ സിനിമയായ വീപ്പിങ് ബോയ് നമ്പര്‍ വണ്‍ ഫ്‌ളോപ്പായിരുന്നുവെന്നാണ് ഷീലു പറഞ്ഞത്.

അതിലെന്റെ അച്ഛനുണ്ടായിരുന്നു, അച്ഛനായിരുന്നു അതില്‍ നായകന്‍, എന്തുകൊണ്ട് ഫ്‌ളോപ്പായി എന്ന് ഇനി ചോദിക്കണ്ട, എന്നാണ് ഇതിന് പിന്നാലെ ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തത്.

‘വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെ ശ്രീനിയേട്ടന്റെ കൂടെയാണ് എന്റെ സ്റ്റാര്‍ട്ടിങ്. ആ സിനിമ ഫ്‌ളോപ്പായപ്പോള്‍ പൈസ തിരിച്ച് പിടിക്കാനായി അടുത്ത പടം ചെയ്തു. ഇതൊരു ബിസിനസ് ആണല്ലോ. പടം പിടിച്ച് കുത്തുപാളയെടുക്കുക എന്നൊരു താല്‍പര്യത്തിലല്ലല്ലോ നമ്മള്‍ വരുന്നത്. രണ്ടാമത്തെ സിനിമക്ക് പ്ലാന്‍ ചെയ്തതിനെക്കാള്‍ മുതല്‍മുടക്കായി. അപ്പോള്‍ ആ സിനിമയും കുറച്ച് നഷ്ടത്തില്‍ വന്നു.

ഇത് രണ്ടും കൂടി തിരിച്ചുപിടിക്കാനായി അടുത്ത പടം ചെയ്തു. അതില്‍ പക്ഷേ രക്ഷപ്പെട്ടു. ഞങ്ങളുടെ ബാനര്‍ കുഴപ്പമില്ലാത്ത ഒരു ബാനറായി. ഒരു സിനിമയും പെട്ടിക്കകത്ത് ഇരുന്നിട്ടില്ല. എല്ലാ സിനിമയും ബിസിനസ് ചെയ്യാന്‍ പറ്റുന്നുണ്ട്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അതാണ് പ്രധാനം. മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ. അതിലെല്ലാം ഞാനും അഭിനയിച്ചിരുന്നു.

സിനിമകള്‍ തിയേറ്ററില്‍ ഇറങ്ങുന്നുണ്ട്. പിന്നെ സിനിമ ചെയ്ത് കുത്തുപാളയെടുത്തിട്ടില്ല. ചെറിയ എന്തെങ്കിലും നഷ്ടങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അടുത്ത ചിത്രത്തില്‍ അത് നികത്തും. പിന്നെ എല്ലാം ഓക്കെയായി പോയിട്ടുണ്ട്.

പിന്നെ വന്ന കനല്‍, പുതിയ നിയമം, പുത്തന്‍ പണം, സോളോ മുതലായ ചിത്രങ്ങളെല്ലാം വലിയ ആര്‍ട്ടിസ്റ്റുകളെ വെച്ചുള്ള സിനിമകളായിരുന്നു. ഇതൊക്കെ ബിസിനസ് നടക്കുന്ന സിനിമകളായിരുന്നല്ലോ. കൊറോണ കാലത്തും സിനിമകള്‍ ചെയ്തു. അതുപോലും കുഴപ്പമില്ലാതെ പോയിരുന്നു. ഇപ്പോള്‍ ധ്യാനിനെ വെച്ച് അടുത്ത സിനിമ ചെയ്യുകയാണ്. ഇതിന്റേയും ബിസിനസ് ഓള്‍റെഡി സെറ്റാണ്. അതുകൊണ്ട് കുഴപ്പമില്ല,’ ഷീലു പറഞ്ഞു.

അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: sheelu abraham and dhyan sreenivasan funny talk about weeping boy