'ലൈംഗികാതിക്രമത്തിന് ഇരയായയാള്‍ കാണിച്ചേക്കാവുന്ന തരത്തിലുള്ള പെരുമാറ്റ രീതികള്‍ പരാതിക്കാരിയായ സ്ത്രീ പ്രകടിപ്പിച്ചിട്ടില്ല'; തരുണ്‍ തേജ്പാലിനെതിരെയുള്ള കേസില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോടതി
India
'ലൈംഗികാതിക്രമത്തിന് ഇരയായയാള്‍ കാണിച്ചേക്കാവുന്ന തരത്തിലുള്ള പെരുമാറ്റ രീതികള്‍ പരാതിക്കാരിയായ സ്ത്രീ പ്രകടിപ്പിച്ചിട്ടില്ല'; തരുണ്‍ തേജ്പാലിനെതിരെയുള്ള കേസില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th May 2021, 2:38 pm

പനജി: മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ സ്ത്രീക്കെതിരെ സെഷന്‍സ് കോടതിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.

ലൈംഗികാതിക്രമത്തിന് ഇരയായയാള്‍ കാണിച്ചേക്കാവുന്ന തരത്തിലുള്ള പെരുമാറ്റ രീതികള്‍ പരാതിക്കാരിയായ സ്ത്രീ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോടതിയുടെ പരാമര്‍ശം.

മെയ് 21 നാണ് 500 പേജുള്ള വിധിന്യായം ജഡ്ജി ക്ഷാമ ജോഷി പ്രസ്താവിച്ചത്. പ്രോസിക്യൂഷനും പ്രതിഭാഗവും സമര്‍പ്പിച്ച തെളിവുകള്‍ ഇരയുടെ സത്യസന്ധതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുവെന്നും പറയുന്നു.

2013 ലെ ബലാത്സംഗക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു സെഷന്‍സ് കോടതിയുടെ വിധി.

സഹപ്രവര്‍ത്തകയെ റിസോര്‍ട്ടിന്റെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് തേജ്പാലിനെതിരായ കേസ്. 2013 നവംബര്‍ 30-നാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്.

2017-ല്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി. പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചു.

 

എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയും ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തരുണ്‍ തേജ്പാല്‍ നിലവില്‍ ജാമ്യത്തിലാണ്.

വിഷയത്തില്‍ തെഹല്‍ക്ക സ്വീകരിച്ച സമീപനവും തന്നെ വളരെയേറെ വിഷമിപ്പിച്ചെന്നും ഇതിനാല്‍ രാജിവെക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

‘നവംബര്‍ ഏഴ് മുതലുണ്ടായ സംഭവങ്ങള്‍ ഒരു ജീവനക്കാരി എന്ന നിലയിലാണ് എന്നെ തേജ്പാല്‍ തോല്‍പ്പിച്ചതെങ്കില്‍, തെഹല്‍ക്ക സ്ത്രീ, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സ്ത്രീപക്ഷവാദികള്‍ എന്ന നിലയിലൊക്കെ പരാജയപ്പെട്ടുപോയി’, എന്നായിരുന്നു രാജിക്കത്തിലെ പെണ്‍കുട്ടിയുടെ പരാമര്‍ശം.

നേരത്തെ തരുണ്‍ തേജ്പാല്‍ വിഷയത്തില്‍ തെളിവിനായി സമര്‍പ്പിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രൈം ടൈം ഷോകള്‍ വഴി ടൈംസ് നൗ പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: She didn’t show normative behaviour of a sexual assault victim’: Court questions conduct of victim while acquitting Tarun Tejpal