ബി.ജെ.പി നേതാവിന്റെ പങ്കാളിത്തം; ലിറ്ററേചര്‍ ഫെസ്റ്റിവലുകളില്‍ നിന്നും പിന്മാറുന്ന പാനലിസ്റ്റുകള്‍ | D Nation
ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നേതാവായ ഷാസിയ ഇല്‍മി പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ നിന്നും പാനലിസ്റ്റുകള്‍ പിന്മാറിയതില്‍ പ്രതികരിച്ച് ഇല്‍മി.

ഷാസിയ ഇല്‍മി പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ (ജെ.എല്‍.എഫ്) നിന്ന് ചില പാനലിസ്റ്റുകള്‍ പിന്മാറിയത്.

ഈ വിഷയത്തിന്മേലാണ് ഫെസ്റ്റിവല്‍ അവസാനിച്ചതിന് പിന്നാലെ ഇല്‍മി തന്നെ പ്രതികരിച്ചിരിക്കുന്നത്.

”ന്യൂയോര്‍ക്കിലേക്ക് ഞാന്‍ ഫ്‌ളൈറ്റ് കയറുന്നതിന് മുമ്പ് തന്നെ എന്നെ ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കണമെന്ന് സംഘാടകരുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നെ പരിപാടിയില്‍ നിന്നും പിന്‍വലിക്കാന്‍ അവര്‍ പങ്കെടുക്കുന്നവര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും കത്തെഴുതി.

ഫെസ്റ്റിവലില്‍ എനിക്ക് രണ്ട് സ്പീക്കിങ് എന്‍ഗേജ്‌മെന്റ്‌സ് ഉണ്ടായിരുന്നു. ആദ്യത്തേത് എന്റെ പാര്‍ട്ടിയില്‍ നിന്നുള്ള ഗുരു പ്രകാശ് പാസ്വാനുമായും പ്രശാന്ത് ഝായുമായും ദളിത് ഐഡന്റിറ്റിയെയും ഇന്റര്‍സെക്ഷ്വാലിറ്റിയെയും കുറിച്ചുള്ള ഒരു പാനല്‍ ചര്‍ച്ചയായിരുന്നു. രണ്ടാമത്തേത് ഒരു കലാപ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സമാപന ചടങ്ങിലായിരുന്നു.

അവിടെ വിദ്യാര്‍ത്ഥികളടക്കമുള്ള പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നു. അഴിമതി, ഹിജാബ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എന്നിവയില്‍ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ മാറ്റമില്ലാതെ തുടരുന്ന കാഴ്ചപ്പാടുകളെക്കുറിച്ച് വളരെക്കുറച്ച് പേര്‍ക്കേ അറിയൂ.

ഇടതുപക്ഷം നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരുന്ന വിമര്‍ശനം മനസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ ബി.ജെ.പിയില്‍ എന്ന് അവര്‍ എന്നോട് നേരിട്ട് ചോദിക്കില്ല.

ഞാന്‍ സ്വയം ഒരു പെട്ടിയില്‍ അടക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു,” എന്നാണ് ഷാസിയ ഇല്‍മി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

ബി.ജെ.പിയുടെ ഇന്ത്യയില്‍ നിന്നുള്ള ദേശീയ വക്താവ് ജെ.എല്‍.എഫില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

ബി.ജെ.പി നേതാവ് പങ്കെടുക്കുന്ന പക്ഷം അമേരിക്കയില്‍ ഹിന്ദുത്വ വാദത്തെ നോര്‍മലൈസ് ചെയ്യാന്‍ ജെ.എല്‍.എഫ് ഉപയോഗിക്കപ്പെടുമെന്നായിരുന്നു വിവിധ എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രതികരിച്ചത്.

ബി.ജെ.പി നേതാവ് പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കണമെന്ന ആക്ടിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും ആഹ്വാനത്തെത്തുടര്‍ന്ന് എഴുത്തുകാരായ മേരി ബ്രെന്നര്‍ (Marie Brenner) ആമി വാള്‍ഡ്മാന്‍ (Amy Waldman) എന്നിവരുള്‍പ്പെടെ കുറഞ്ഞത് മൂന്ന് പാനലിസ്റ്റുകളെങ്കിലും ജെ.എല്‍.എഫില്‍ നിന്ന് പിന്മാറിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ പാനലിസ്റ്റുകള്‍ പിന്മാറിയതില്‍ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കാന്‍ ഫെസ്റ്റിവല്‍ സംഘാടകര്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, കുറഞ്ഞത് മൂന്ന് പേരെങ്കിലും ഫെസ്റ്റിവലില്‍ നിന്ന് പിന്മാറിയതായി തനിക്ക് അറിയാമെന്ന് ബ്രിട്ടീഷ്- ഇന്ത്യന്‍ എഴുത്തുകാരനായ ആതിഷ് തസീര്‍ (Aatish Taseer) പ്രതികരിച്ചു. ഫെസ്റ്റിവലിന്റെ സംഘാടകരുമായി അടുത്ത ബന്ധമുള്ളതിനാലാണ് വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തേണ്ടതില്ലെന്ന് എഴുത്തുകാര്‍ തീരുമാനിച്ചതെന്നും തസീര്‍ കൂട്ടിച്ചേര്‍ത്തു.

”രാഷ്ട്രീയ പ്രസ്താവന നടത്താന്‍ അവര്‍ക്ക് ഭയമാണ്,” എന്നായിരുന്നു തസീര്‍ പറഞ്ഞത്.

2019ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ വിദേശ പൗരത്വം (overseas citizenship of India) റദ്ദാക്കപ്പെട്ടയാള്‍ കൂടിയാണ് ആതിഷ് തസീര്‍.

”ന്യൂയോര്‍ക്കില്‍ നിന്നും ഈ പരിപാടിക്കെത്തുന്ന ലിബറലുകളായ ആളുകള്‍ ഒരിക്കലും ഈ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം പങ്കെടുക്കില്ല,” അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ കാരണം സാഹിത്യോത്സവത്തില്‍ നിന്നും പ്രഭാഷകര്‍ പിന്മാറിയ വിവരം അറിഞ്ഞിട്ടില്ലെന്നും അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അത് അവരുടെ തീരുമാനമാണെന്നുമായിരുന്നു ഇല്‍മി നേരത്തെ പ്രതികരിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സാഹിത്യോത്സവമാണ് ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവല്‍. സെപ്റ്റംബര്‍ 12 മുതല്‍ 14 വരെയായിരുന്നു ന്യൂയോര്‍ക്കില്‍ വെച്ച് ഫെസ്റ്റിവല്‍ നടന്നത്. സമാനമായ രീതിയില്‍ ഇന്ത്യയ്ക്ക് പുറത്ത് വിവിധ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Content Highlight: Shazia Ilmi response as questions raised over her participation in Jaipur Lit Fest and panelist’s withdrawal