Kerala News
ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷ ബാധ: മൂന്ന് കുട്ടികള്‍ പരിയാരം മെഡിക്കല്‍കോളേജ് ഐ.സി.യുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 02, 10:43 am
Monday, 2nd May 2022, 4:13 pm

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷ ബാധയേറ്റ കുട്ടികളില്‍ മൂന്ന് പേരെ പരിയാരം മെഡിക്കല്‍കോളേജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ 31 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്.

കുട്ടികളുടെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 16 കാരിയായ ദേവനന്ദ മരണപ്പെട്ടിരുന്നു.32 പേരെയാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയും ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ഫുഡ് പോയിന്റ് കൂള്‍ബാറില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശിനിയായ 16കാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഗുരുതരാവസ്ഥയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; പി.സി. ജോര്‍ജ്ജിനെതിരെ പരാതി സംഭവത്തില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയോ ഫുഡ് സേഫ്റ്റി ലൈസന്‍സോ ഇല്ലാതെയാണ് ഐഡിയല്‍ ഫുഡ് പോയിന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് കട പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.
സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കടയുടെ മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി മുള്ളോളി അനെക്സ്ഗര്‍, ഷവര്‍മ മേക്കറായ നേപ്പാള്‍ സ്വദേശി സന്ദേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

 

 

Contnet Highlights:  Shawarma food poisoning three admitted in ICU