തെരഞ്ഞെടുപ്പിന് ശേഷം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ശശി തരൂര്‍
Kerala News
തെരഞ്ഞെടുപ്പിന് ശേഷം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2023, 7:53 am

പത്തനംതിട്ട: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം തെരഞ്ഞെടുപ്പിന് ശേഷം സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ. ശശി തരൂര്‍. ഒരു ഹിന്ദു വിശ്വാസി എന്ന നിലയില്‍ രാമക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുമെന്നും അത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ ജില്ല നേതൃയോഗത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് മത വിശ്വാസത്തിന് വിലക്കില്ലെന്നും എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കളുടെ വ്യക്തിപരമായ കാര്യമാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ തരൂര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിലെ നാലോ അഞ്ചോ നേതാക്കള്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അവരുടേതായ നിലപാടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് നിലപാട് അതില്‍ നിന്നും വ്യത്യസ്തമാണെന്നും തരൂര്‍ പറഞ്ഞു.

ക്ഷേത്ര നിര്‍മാണമല്ല, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തലാണ് സര്‍ക്കാറിന്റെ ചുമതലയെന്നും രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സമര്‍പ്പണ ചടങ്ങും ബി.ജെ.പി രാഷ്ട്രീയമായി ഉപോയോഗിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് പോലും ബി.ജെ.പിയെ സഹായിക്കുമെന്നും തരൂര്‍ പറഞ്ഞു.

അതേ സമയം രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ നിലപാടിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്നും ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

content highlights: Shashi Tharoor will visit Ram temple in Ayodhya after elections