national news
'ഇന്ത്യയ്ക്കുള്ള അതേ സ്വാതന്ത്ര്യം ബ്രിട്ടനുമുണ്ട്, അവിടെ എന്ത് ചര്‍ച്ചചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്'; കര്‍ഷക സമര ചര്‍ച്ചയില്‍ തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 11, 07:01 am
Thursday, 11th March 2021, 12:31 pm

 

ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയതിന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു ജനാധിപത്യ രാജ്യത്ത് എന്ത് കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് തരൂര്‍ പറഞ്ഞു.

”ഫലസ്തീന്‍-ഇസ്രഈല്‍ പ്രശ്‌നങ്ങള്‍ ഇന്ത്യ ചര്‍ച്ചചെയ്തിരുന്നു. മറ്റേതെങ്കിലും രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കുള്ള അതേ അവകാശം ബ്രിട്ടീഷ് പാര്‍ലമെന്റിനുമുണ്ട്,” ശശി തരൂര്‍ പറഞ്ഞു.

”സ്വന്തം നിലപാട് വ്യക്തമാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ ഞാന്‍ വിമര്‍ശിക്കുന്നില്ല. പക്ഷേ മറ്റൊരു വശംകൂടിയുണ്ടെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് തങ്ങളുടെ ഭാഗം പറയാനുള്ള അവകാശമുണ്ട്,” ശശി തരൂര്‍ പറഞ്ഞു.

കര്‍ഷക സമരത്തെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച സംഘടിപ്പിച്ചതിനെതിരെ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിച്ചത്.
ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചത്.

വിദേശകാര്യ സെക്രട്ടറി വി ശ്രിംഗ്‌ളയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് ഡബ്ലിയു. എല്ലിസിനെ വിളിച്ചുവരുത്തി വിമര്‍ശിച്ചത്.
അനാവശ്യവും പക്ഷാപാത”പരവുമായ ചര്‍ച്ച നടത്തിയത് തെറ്റായെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം.

മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മറ്റൊരു രാജ്യത്തെ നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് ബ്രിട്ടീഷ് എം. പിമാര്‍ മാറി നില്‍ക്കേണ്ടതാണ്,’ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi Tharoor on British Parliament discussion about farmers protest