കോഴിക്കോട്: ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ച ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബിന്ദുവിനെതിരായ ആക്രമണത്തെ ശക്തമായും വ്യക്തമായും അപലപിക്കുന്നു. തരംതാണ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ശബരിമലയെ ഒരു സംഘര്‍ഷ രാഷ്ട്രീയഭൂമിയാക്കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു. ഒരു ആരാധനാലയം അശുദ്ധമാക്കാന്‍ അവരെ അനുവദിച്ചുകൂടാ.’- അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കെത്തിയ ബിന്ദുവിനെ നേരത്തെ ആസൂത്രണം ചെയ്ത് ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
അതേസമയം ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു. പൊലീസ് ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് നീക്കാനുള്ള ശ്രമത്തിലാണ്.
തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസില്‍ എത്തിയതായാണ് വിവരം. കഴിഞ്ഞ മണ്ഡലകാലത്ത് ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയിരുന്നു.
ഇന്ന് നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അഞ്ചംഗ സംഘമാണ് ഇവരുടെ ഒപ്പമുള്ളത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് സംഘത്തിലുള്ള മറ്റ് യുവതികള്‍.
സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയച്ചിരുന്നെന്നും എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.