നടന്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. വ്യാഴാഴ്ചയാണ് ഗുജറാത്തി സ്വദേശികളായ രണ്ട് യുവാക്കള്‍ ബംഗ്ലാവിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയത്. പുറത്തെ മതിലില്‍ അള്ളിപ്പിടിച്ച് വീടിന്റെ പരിസരത്ത് പ്രവേശിച്ച ശേഷമാണ് സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ പിടികൂടുന്നതെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
20നും 22നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് പിടിയിലായതെന്നും തങ്ങള്‍ ഗുജറാത്തില്‍ നിന്നാണ് വന്നതെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്നും പൊലീസ് പറഞ്ഞു. പത്താന്‍ താരത്തെ കാണാനുള്ള ആഗ്രഹംകൊണ്ടാണ് എത്തിയതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതിക്രമിച്ച് കടക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ സിനിമയായിരുന്നു പത്താന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, സല്‍മാന്‍ ഖാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി തകര്‍ന്നിരുന്ന ബോളിവുഡ് സിനിമക്ക് ഊര്‍ജം പകര്‍ന്ന ചിത്രമായിരുന്നു പത്താന്‍.
ഇന്ത്യക്കകത്തും പുറത്തുമായി ചിത്രം വലിയ വിജയമായി മാറി. 1000 കോടിയെന്ന നേട്ടത്തിലേക്കും ചിത്രം എത്തിപ്പെട്ടു. സിനിമ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴും പത്താന്‍ വിജയകരമായി യാത്ര തുടരുകയാണ്.
ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പത്താനിലെ ബേഷരം രംഗ് എന്ന ഗാനത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഗാനരംഗത്തില്‍ ദീപിക അണിഞ്ഞിരുന്ന കാവി ബിക്കിനി ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് വലതുപക്ഷ സംഘടനകളാണ് രംഗത്ത് വന്നത്.