സിനിമ നിരൂപണങ്ങളിൽ വന്ന വലിയ മാറ്റങ്ങൾ വലിയ രീതിയിലുള്ള ചർച്ചകൾക്ക് സിനിമ മേഖലയിൽ വഴി വച്ചിട്ടുണ്ട്. പ്രശ്നത്തിൽ ഹൈക്കോടതിയടക്കം ഇടപെട്ട സാഹചര്യത്തിൽ നിലവിലെ സിനിമ നിരൂപണത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഷറഫുദ്ദീൻ.
‘എല്ലാവരും പറയുന്നത് പോലെ സിനിമ നിരൂപണത്തിൽ നിന്ന് ഒരു വരുമാനം നേടാൻ കഴിയുന്നുണ്ടെങ്കിൽ അതൊരു റിവ്യൂ തന്നെയാണോ എന്ന് നമ്മൾ ഒന്നൂകൂടി പരിശോധിക്കേണ്ടതുണ്ട്,’ഷറഫുദ്ദീൻ പറയുന്നു.
ജോർജ് കോരയൊരുക്കുന്ന ‘തോൽവി എഫ്. സി’ യെന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകരോടൊപ്പം സംസാരിക്കുകയായിരുന്നു താരം.
‘സിനിമ റിവ്യൂ ഒരിക്കലും വേണ്ടായെന്ന് വെക്കാൻ നമുക്ക് കഴിയില്ല. റിവ്യൂ ചെയ്യാൻ പാടില്ല എന്ന് പറയാനുള്ള അധികാരം ആർക്കുമില്ല. അതിനുള്ള അവകാശം ഒരാൾക്കുമില്ല. തീർച്ചയായും എല്ലാവരും സിനിമാ നിരുപണം നടത്തണം. പക്ഷെ ഒരു പോസിറ്റീവ് ആയിട്ടുള്ള രീതിയിലായിരിക്കണമത്.
സിനിമയുടെ ഒരു സ്വഭാവമുണ്ട്. അതിനെ സംബന്ധിച്ച് ഒരു സിനിമ എങ്ങനെയുണ്ടെന്ന് സിനിമാ ഇൻഡസ്ട്രിയിലുള്ള ഒരാളോട് ചോദിച്ചാൽ അത് നല്ല സിനിമയാണെന്നാവും അയാൾ പറയുക. അത് എത്ര മോശം സിനിമയാണെങ്കിലും സിനിമയെ സംബന്ധിച്ച് അങ്ങനെ ഒരാൾ പറയുന്നത് ഒരു പോസിറ്റീവാണ്. അത് സിനിമയുടെ സ്വഭാവത്തിലുള്ളതാണ്.
എല്ലാവരും പറയുന്നത് പോലെ സിനിമാ നിരൂപണത്തിൽ നിന്ന് ഒരു വരുമാനം നേടാൻ കഴിയുന്നുണ്ടെങ്കിൽ അതൊരു റിവ്യൂ തന്നെയാണോ എന്ന് നമ്മൾ ഒന്നൂടെ പരിശോധിക്കേണ്ടതുണ്ട്. അതിൽ നിന്ന് ഒരാൾക്ക് സാമ്പത്തികമായി ലാഭം ലഭിച്ചാൽ അതെങ്ങനെ നിരൂപണമാവും. അത് ശരിക്കും ഒരു റിവ്യൂ തന്നെയാണോ? അല്ല എന്നാണ് എന്റെ അഭിപ്രായം. അത് വേറെന്തോ പരിപാടിയാണ്. അതിനെ ഒരു ജോലിയായിട്ട് മാത്രമേ കാണാൻ പറ്റുള്ളൂ,’ ഷറഫുദ്ദീൻ പറയുന്നു.