ലൈംഗീകാരോപണ വെളിപ്പെടുത്തലുകള്‍ 'ചുമ്മാ ഷോ'; ഇപ്പോള്‍ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ച്: ശാരദ
Cinema
ലൈംഗീകാരോപണ വെളിപ്പെടുത്തലുകള്‍ 'ചുമ്മാ ഷോ'; ഇപ്പോള്‍ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ച്: ശാരദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd September 2024, 10:03 am

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ ആരോപണങ്ങള്‍ കനത്തിരുന്നു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം വന്ന ലൈംഗീകാരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കമ്മിറ്റിയിലെ അംഗവും നടിയുമായ ശാരദ. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മുമ്പും ഉണ്ടായിരുന്നെന്നും അന്ന് ആ കാര്യം ആളുകള്‍ പുറത്തു പറഞ്ഞിരുന്നില്ലെന്നും ശാരദ പറയുന്നു.

ഇന്ന് പുതുതായി ഉണ്ടായതല്ല ഇതെന്ന് പറഞ്ഞ ശാരദ അഭിമാനം കരുതിയും ഭയം കാരണവുമാണ് ഒരു വിവരവും പുറത്തുവരാതിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ വിദ്യാഭ്യാസമുള്ള തലമുറക്ക് ധൈര്യമുള്ളത് കൊണ്ടാണ് അവര്‍ തുറന്നു പറയാന്‍ തയ്യാറായെന്നും പറയുന്നു.

ഇപ്പോള്‍ ഇത്രയധികം വെളിപ്പെടുത്തലുകള്‍ വരുന്ന സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന ചോദ്യത്തിന് ഇതൊക്കെ ഒരു ഷോ ആണെന്നായിരുന്നു ശാരദയുടെ മറുപടി. ഇപ്പോള്‍ ചിന്തിക്കേണ്ടത് ദുരന്തം നടന്ന വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇതെല്ലാം ചുമ്മാ. ഇതെല്ലാം ഒരു ഷോയാണ്. ദയവായി എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണ്. പാവം എത്രയോ പേര്‍ മരിച്ചു പോയി. എത്രയോ പേര്‍ക്ക് അച്ഛനും അമ്മയും ഇല്ലാതായി,’ ശാരദ പറഞ്ഞു. ഈ കമ്മിറ്റിയുടെ ഭാഗമെന്ന നിലക്ക് ഈ റിപ്പോര്‍ട്ടിന് ഒരു പ്രാധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന് ഹേമ മാഡം വളരെ നല്ലയാളാണെന്നും അവരോട് ചോദിച്ചാല്‍ വിവരം തരുമെന്നും ആയിരുന്നു മറുപടി.

Content Highlight: Sharada Talks About Hema Committee Report