മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മികച്ച വിജയം നേടാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എൻ.സി.പി നേതാവ് ശരദ് പവാര്‍. മഹാ വികാസ് അഘാഡി നേതാക്കള്‍ ഒന്നിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശരദ് പവാറിന് പുറമേ എം.വി.എ സഖ്യകക്ഷി നേതാക്കളായ ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തെ പിന്തുണച്ചതിന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേതാക്കള്‍ നന്ദി പറഞ്ഞു.
‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയൊക്കെ റോഡ് ഷോകളും റാലികളും നടത്തിയോ അവിടെയെല്ലാം എം.വി.എയും ഇന്ത്യാ മുന്നണിയുമാണ് വിജയിച്ചത്. അതുകൊണ്ട് പ്രധാനമന്ത്രിയോട് നന്ദി പറയേണ്ടത് എന്റെ കടമയാണ്. എം.വി.എയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങള്‍ നന്ദി പറയുന്നു,’ ശരദ് പവാര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയ മഹാരാഷ്ട്രയില്‍ ഒമ്പത് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ഇത്തവണ നേടാനായത്.
മഹാരാഷ്ട്രയിലെ 18 ലോക്‌സഭാ സീറ്റുകളില്‍ മോദി ഒന്നിലധികം പൊതുയോഗങ്ങളും റോഡ് ഷോകളുമാണ് നടത്തിയത്. എന്നാല്‍ ഇതിൽ 15 മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടു.
മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്കൊപ്പം ഒന്നിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ അടുത്തിടെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അവസാനം നടക്കാനിരുക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഉദ്ധവ് താക്കറെയുടെ ശിവസേന നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.