നിങ്ങള്‍ എന്തിനാണ് ലാലേട്ടനെ ഇങ്ങനെ കാണിക്കുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്: ശാന്തി മായദേവി
Entertainment news
നിങ്ങള്‍ എന്തിനാണ് ലാലേട്ടനെ ഇങ്ങനെ കാണിക്കുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്: ശാന്തി മായദേവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th December 2023, 5:59 pm

ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ സിനിമയാണ് നേര്. ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയത്.

സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ഈ സിനിമ. ജിഞ്ചര്‍ മീഡിയ എന്റെര്‍ടെയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ചും നേര് സിനിമയെ കുറിച്ചും സംസാരിക്കുകയാണ് താരം.

‘ഈ സിനിമയില്‍ ലാലേട്ടനെ ഒരു സാധാരണക്കാരനായി തന്നെയാണ് കാണാന്‍ കഴിയുക. ഒരു സാധാരണ വക്കീലാണ്. ഇനി സാധാരണയിലും താഴെയുള്ള വക്കീല്‍ ആണോ എന്നറിയില്ല.

ഇപ്പോള്‍ പ്രേക്ഷകര്‍ നിങ്ങള്‍ എന്തിനാണ് ലാലേട്ടനെ ഇങ്ങനെ കാണിക്കുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. ഇത് കഥയാണ്. നമ്മള്‍ ഒരു കഥ ഉണ്ടാക്കുന്നു.

കഥ ചെയ്യുന്ന ആള്‍ക്ക് അത് ഇഷ്ടമാകുന്നു. അത് പ്രൊഡ്യൂസ് ചെയ്യാന്‍ മറ്റൊരാള്‍ തയ്യാറാകുന്നു. ഷൂട്ട് ചെയ്യുമ്പോഴും നമ്മള്‍ അത് ഇഷ്ടത്തോടെയാണ് ചെയ്യുന്നത്.

ഡബ്ബിങ് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴുമൊക്കെ അതേ ഇഷ്ടമുണ്ട്. ലാലേട്ടനും അത് ഇഷ്ടമാണെന്നാണ് എന്റെ വിശ്വാസം. നമുക്ക് അത് കാണുംതോറും ഇഷ്ടമാണ്. പിന്നെ ഇനി പ്രേക്ഷകര്‍ക്കാണ് ഇഷ്ടപെടേണ്ടത്.

സിനിമയൊക്കെ ഒരു വിധിയാണ്. ചില സിനിമകള്‍ എല്ലാവര്‍ക്കും ഇഷ്ടപെടും. ചിലത് ഇപ്പോള്‍ ഇഷ്ടപ്പെടില്ല എന്നാല്‍ കുറേ കഴിഞ്ഞ് ആ സിനിമ ഇഷ്ടപെടാം.

നമുക്ക് എല്ലാവരെയും തൃപ്തിപെടുത്തി കൊണ്ട് ഒരു സിനിമ ചെയ്യാന്‍ കഴിയില്ല. നീതി പുലര്‍ത്തുക എന്നതേ പറ്റുകയുള്ളൂ. ഒരു കോ-റൈറ്റര്‍ എന്ന രീതിക്ക് എനിക്ക് സിനിമയില്‍ നീതി പുലര്‍ത്താന്‍ പറ്റി എന്നുള്ളതാണ് എന്റെ വിശ്വാസം.

ഡയറക്ടര്‍ എന്ന നിലയില്‍ ജീത്തു സാര്‍ അതിഗംഭീരമായി ചെയ്തു എന്നും ഞാന്‍ വിശ്വസിക്കുന്നു. ലാലേട്ടന്‍ ഓരോ ഡയലോഗുകള്‍ പറയുമ്പോഴും കോടതി മുറിയിലെ വക്കീല്‍ ആയി മാറുമ്പോഴുമൊക്കെ നമുക്ക് വലിയ തൃപ്തിയാണ്.

ഇനി അത് കാണുന്നവര്‍ക്കാണ്. അത് അവര്‍ ഏത് രീതിയില്‍ എടുക്കുമെന്ന് അവര്‍ക്ക് മാത്രമേ അറിയുകയുള്ളു. പിന്നെ ഇപ്പോള്‍ മാസ് സിനിമകളൊക്കെയാണ് ഇറങ്ങുന്നത്.

അത് കാണുന്നവരാണ് കൂടുതല്‍. ഇപ്പോള്‍ കാണുന്ന സിനിമയിലൊക്കെ വയലന്‍സ് കൂടി കൂടി വരികയാണ്. പണ്ട് നമുക്ക് വയലന്‍സ് കാണാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കണ്ട് കണ്ട് അതൊക്കെ മാറി. അതിനിടയില്‍ ഒരു കുഞ്ഞു സിനിമ കാണുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് പ്രേക്ഷകര്‍ക്കേ അറിയുകയുള്ളു,’ ശാന്തി മായദേവി പറഞ്ഞു.


Content Highlight: Shanthi Mayadevi Talks About Mohanlal In Neru Movie