സാർ ശരിക്കുമൊരു വക്കീൽ ആയിരുന്നുവെങ്കിൽ ഇതിനപ്പുറമുള്ള ചോദ്യങ്ങൾ ചോദിക്കും: ശാന്തി മായാദേവി
Entertainment
സാർ ശരിക്കുമൊരു വക്കീൽ ആയിരുന്നുവെങ്കിൽ ഇതിനപ്പുറമുള്ള ചോദ്യങ്ങൾ ചോദിക്കും: ശാന്തി മായാദേവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th December 2023, 11:48 am

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തവണ ഒരു കോർട്ട് റൂം ഡ്രാമയുമായാണ് ജീത്തുവിന്റെ വരവ്.

ദൃശ്യം 2 ൽ ഒരു പ്രധാന വേഷത്തിൽ എത്തിയ നടിയും അഡ്വക്കറ്റുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ കഥ ഒരുക്കിയിട്ടുള്ളത്. ശാന്തി ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ.

ചിത്രത്തിനായി എഴുതിയ പല നിയമ ചോദ്യങ്ങളും ജീത്തു ജോസഫുമായി ചർച്ച നടത്തിയപ്പോൾ ഗംഭീരമായി മാറിയെന്നും അദ്ദേഹം ഒരു വക്കീൽ ആയിരുന്നുവെങ്കിൽ മികച്ച ചോദ്യങ്ങൾ ചോദിക്കുമെന്നും ശാന്തി പറയുന്നു. താൻ എഴുതി വെച്ചതിനുമപ്പുറം എത്രയോ പടി മുകളിലാണ് മോഹൻലാലടക്കമുള്ള താരങ്ങൾ സിനിമയിൽ അവ അവതരിപ്പിച്ചിട്ടുള്ളതെന്നും ശാന്തി പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ചില സമയത്ത് സാക്ഷികൾ പറയുന്ന ചില ഉത്തരങ്ങൾ ന്യായധിപനെ തന്നെ വളരെ ആകുലതപ്പെടുത്തും. ഒരു വക്കീൽ വാദിക്കുമ്പോൾ എല്ലാവരും അയാളെ തന്നെ ശ്രദ്ധിക്കണം. സിനിമയിൽ സിദ്ദിഖ് ഇക്കയുടെ ഒരു ടീം ഉണ്ട്. ലാലേട്ടന്റെ കഥാപാത്രമായ അഡ്വക്കറ്റ് വിജയ് മോഹൻ വാദിക്കുമ്പോൾ ഓപ്പോസിറ്റുള്ള ഓരോ വ്യക്തിയും ശ്രദ്ധിക്കും. അഡ്വക്കറ്റ് വിജയ് മോഹന്റെ വാക്കുകളെല്ലാം ശ്രദ്ധിച്ചിരിക്കണം. ഒരു നിമിഷം പോലും കണ്ണെടുക്കാൻ പാടില്ല.

അതുപോലെ പ്രേക്ഷകരും തിയേറ്ററിൽ ഇരുന്നേ പറ്റു. ഓരോ ചോദ്യങ്ങൾക്കും അതിന്റെ അർത്ഥമുണ്ട്. ആ ചോദ്യത്തിന്റെ മോഡുലേഷനിൽ വ്യത്യാസമുണ്ട്. വിജയ് മോഹനൊക്കെ ആ ചോദ്യം ചോദിക്കുമ്പോൾ ഓരോ ചോദ്യത്തിനും വ്യത്യസ്ത മോഡുലേഷൻ ഉണ്ട്. ഞാൻ എഴുതി വെച്ചപ്പോൾ മനസിൽ വിചാരിച്ച ഒരു മോഡുലേഷനുണ്ട്.

സാറുമായി ചർച്ച ചെയ്തപ്പോൾ സാർ ചില ചോദ്യങ്ങളിലൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. സാറൊരു വക്കീൽ ആയിരുന്നുവെങ്കിൽ ഇതിനപ്പുറം ചോദിച്ചേനേ. അങ്ങനെ കുറേ ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളുടെ അർത്ഥമുണ്ട്, ഇവർ അതെല്ലാം പറയുന്ന മോഡുലേഷനുണ്ട്.

ആ മോഡുലേഷൻ ഒന്ന് മാറിയാൽ ചോദ്യത്തിന്റെ അർത്ഥം തന്നെ മാറും. പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടില്ല. അതിലൊക്കെ നമ്മൾ എഴുതി വെച്ചതിന്റെ എത്രയോ പടി മുകളിലാണ് കാണാൻ സാധിച്ചത്,’ ശാന്തി മായാദേവി പറയുന്നു.

Content Highlight: Shanthi Mayadevi Talk About Neru Movie Dialogues