അന്ന് സിനിമ നിർത്തണമെന്ന് തോന്നി, അത്രയും സ്‌ട്രെയിനായിരുന്നു: ശങ്കർ
Entertainment
അന്ന് സിനിമ നിർത്തണമെന്ന് തോന്നി, അത്രയും സ്‌ട്രെയിനായിരുന്നു: ശങ്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th December 2024, 3:25 pm

അഞ്ച്‌ പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന മികച്ച നടിമാരിൽ ഒരാളായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

മികച്ച സഹ നടിക്കുള്ള നാഷണൽ അവാർഡും സ്വന്തമാക്കിയ സുകുമാരി മലയാളത്തിൽ പ്രിയദർശൻ, ലാൽജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ നിറസാന്നിധ്യമായിരുന്നു.

സുകുമാരിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ ലാൽജോസും നടൻ ശങ്കറും. വർഷത്തിൽ ഒരുപാട് സിനിമകൾ ചെയ്തിരുന്ന സമയത്ത് സിനിമ നിർത്തണമെന്നെല്ലാം തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാൽ അന്നെല്ലാം കൃത്യമായി സെറ്റിൽ എത്തിയിരുന്ന ആളാണ് സുകുമാരിയെന്നും ശങ്കർ പറയുന്നു.

സിനിമയ്ക്ക് അത്യാവശ്യമുള്ള വസ്ത്രങ്ങളെല്ലാം സുകുമാരിയുടെ കയ്യിൽ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ടൊക്കെ എനിക്ക് പോലും തോന്നിയിട്ടുണ്ട്, ഇത് നിർത്തണമെന്ന്. കാരണം ഇരുപത്തിയേഴ് സിനിമകളൊക്കെ ഒരു വർഷമൊക്കെ ചെയ്യുന്ന സമയത്ത് അത്രയും സ്‌ട്രെയിൻ ആയിരുന്നു. അന്നൊക്കെ ചേച്ചി രാവിലെ തന്നെ ലൊക്കേഷനിൽ എത്തുമായിരുന്നു. ഒറ്റയ്ക്ക് ട്രെയിൻ ബുക്ക് ചെയ്യും ലൊക്കേഷനിൽ എത്തും. അങ്ങനെയൊക്കെ ആയിരുന്നു. അത്യാവശ്യം വേണ്ട ഡ്രെസ്സും ആഭരണങ്ങളുമൊക്കെ ചേച്ചിയുടെ കയ്യിൽ തന്നെ ഉണ്ടാവുമായിരുന്നു,’ശങ്കർ പറയുന്നു.

സിനിമ ഒരു എക്സൈറ്റ്മെന്റും നൽകാറില്ലെന്ന് ചില പുതിയ നടൻമാർ പറയാറുണ്ടെന്നും എന്നാൽ സുകുമാരി ശ്വസിച്ചിരുന്നത് പോലും സിനിമയിലൂടെയാണെന്ന് ലാൽജോസും കൂട്ടിച്ചേർത്തു.

‘എത്രയോ പുതിയ നടന്മാർ പറയുന്നത് ഞാൻ കേട്ടിട്ടിട്ടുണ്ട്, എന്നെ എക്സൈറ്റ് ചെയ്യുന്ന ഒന്നും സിനിമയിൽ ഇല്ലെന്ന്. എന്ത് എക്സൈറ്റ്മെന്റ്. സുകുമാരി ചേച്ചിയൊക്കെ 2500 സിനിമകളിൽ അഭിനയിച്ചത് വേറൊരു എക്‌സൈറ്റ്മെന്റിന്റെ ഭാഗമായിട്ടാണ്. സുകുമാരി ചേച്ചിയൊക്കെ ബ്രീത്ത് ചെയ്തിരുന്നത് സിനിമയാണ്,’ലാൽജോസ് പറയുന്നു.

 

Content Highlight: Shankar Shares Memoires With Sukumari