Entertainment
വിജയ്‌യുടെ ആ സിനിമകള്‍ പോലെ ഒന്ന് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത്തരത്തിലുള്ള ശ്രമമാണ് ഗെയിം ചേഞ്ചര്‍: ഷങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 16, 03:41 am
Thursday, 16th January 2025, 9:11 am

ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ എക്കാലത്തും അമ്പരപ്പിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ ചിത്രമായ ജെന്റില്‍മാന്‍ മുതല്‍ എല്ലാ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കഥപറച്ചില്‍ കൊണ്ട് എന്നും മുന്നിട്ട് നിന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. അന്യന്‍, ഇന്ത്യന്‍, മുതല്‍വന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും ആരാധകരുടെ പ്രിയപ്പെട്ടവയാണ്.

തനിക്ക് ചെയ്യാന്‍ താത്പര്യമുള്ള ഴോണറുകളെക്കുറിച്ച് സംസാരിക്കുകയാണ് ഷങ്കര്‍. ആദ്യാവസാനം എന്റര്‍ടൈന്‍ ചെയ്യിക്കുന്ന, ആക്ഷനും പാട്ടുകളുമുള്ള ഒരു മാസ് മസാല സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് ഷങ്കര്‍ പറഞ്ഞു. വിജയ്‌യുടെ ഗില്ലി, പോക്കിരി പോലുള്ള സിനിമകള്‍ താന്‍ എപ്പോഴും ആസ്വദിച്ച് കാണുന്നതാണെന്നും അത്തരത്തില്‍ ഒരു സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷങ്കര്‍ പറഞ്ഞു.

ഗില്ലിയും പോക്കിരിയും തെലുങ്ക് സിനിമകളായ ഒക്കഡു, പോക്കിരി എന്നീ സിനിമകളുടെ റീമേക്കാണെന്നും അത്തരം സിനിമകള്‍ ഏത് ഭാഷയിലാണെങ്കിലും സ്വീകരിക്കപ്പെടുമെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ കൂടുതലും കാണാന്‍ ആഗ്രഹിക്കുന്നത് അതുപോലുള്ള സിനിമകളാണെന്നും ആ ചിന്തയില്‍ നിന്നാണ് ഗെയിം ചേഞ്ചര്‍ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും ഷങ്കര്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ഷങ്കര്‍.

‘ആദ്യാവസാനം പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ചില സിനിമകളുണ്ടല്ലോ വിജയ് യുടെ ഗില്ലി, പോക്കിരി, അല്ലെങ്കില്‍ ധൂള്‍, ദില്‍ പോലുള്ള സിനിമകള്‍. അതുപോലെ ഒരെണ്ണം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ഇക്കാര്യം ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. ഈ സിനിമകളെല്ലാം ഞാന്‍ എപ്പോഴും ആസ്വദിച്ച് കാണുന്നവയാണ്.

ഗില്ലിയും പോക്കിരിയും തെലുങ്ക് സിനിമകളായ ഒക്കഡു, പോക്കിരി എന്നിവയുടെ റീമേക്കാണ്. തെലുങ്കിലും വലിയ ഹിറ്റായിട്ടുള്ള സിനിമകളാണ് അതൊക്കെ. ഏത് ഭാഷയിലായാലും അത്തരം സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്റെ തെളിവാണ് അതിന്റെയെല്ലാം വിജയം. അത്തരത്തില്‍ ഒരു സിനിമ ചെയ്യുക എന്ന ആഗ്രഹത്തിന്റെ പുറത്തുള്ള ശ്രമമാണ് ഗെയിം ചേഞ്ചര്‍,’ ഷങ്കര്‍ പറയുന്നു.

റാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. 450 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം ഇതുവരെ വെറും 140 കോടി മാത്രമാണ് നേടിയത്. എസ്.ജെ. സൂര്യ വില്ലനായി എത്തുന്ന ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായിക. ദില്‍ രാജു നിര്‍മിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് എസ്. തമനാണ്.

Content Highlight: Shankar says he wish to do films like Ghlli and Pokkiri