കിടിലോക്കിടിലന്‍ കളിക്കാരന്‍; അവന്‍ ഒറ്റക്ക് വിചാരിച്ചാല്‍ ഈ ലോകകപ്പ് കൊണ്ടുപോകാം; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസം
Sports
കിടിലോക്കിടിലന്‍ കളിക്കാരന്‍; അവന്‍ ഒറ്റക്ക് വിചാരിച്ചാല്‍ ഈ ലോകകപ്പ് കൊണ്ടുപോകാം; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th October 2022, 8:51 pm

ടി-20 ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. സന്നാഹമത്സരങ്ങളില്‍ ജയിച്ചും തോറ്റും വരുന്ന ഇന്ത്യയില്‍ പ്രതീക്ഷ കൈവിടാതെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചരിത്രത്തിലെ ആദ്യ ടി-20 ലോകകപ്പ് കീരിടം സ്വന്തമാക്കിയ ഇന്ത്യക്ക് 2007ന് ശേഷം ഇതുവരെയും ആ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അന്ന് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ നേടിയ കിരീടനേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയും ടീമും ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുള്ളത്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചും വിജയസാധ്യതയെ കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍താരം ഷെയ്ന്‍ വാട്‌സണ്‍.

ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെ പുകഴ്ത്തിയ വാട്‌സണ്‍, അദ്ദേത്തിന് ഒറ്റക്ക് നിന്ന് കളിച്ച് വരെ വിജയകിരീടം നേടാനാകുമെന്നും പറഞ്ഞു.

‘ഹാര്‍ദിക് പാണ്ഡ്യ വളരെ കഴിവുള്ള ഒരു ക്രിക്കറ്ററാണ്. 140 വേഗതയിലുള്ള അവന്റെ ബൗളിങ് അതിഗംഭീരമാണ്. വിക്കറ്റെടുക്കാനും റണ്‍സ് വിട്ടുകൊടുക്കാതിരിക്കാനും അവന്‍ മിടുക്കനാണ്.

പിന്നെ ബാറ്റിങ്ങിന്റെ കാര്യം പറയാനുണ്ടോ, സ്റ്റേഡിയം കടക്കുന്ന ബൗണ്ടറികളാണ് ഇപ്പോഴും പാണ്ഡ്യയുടെ ബാറ്റില്‍ നിന്നും വരുന്നത്. അവന്‍ വെറുമൊരും ഫിനിഷര്‍ മാത്രമല്ല, നല്ലൊരു ഹിറ്റര്‍ കൂടിയാണ്. അങ്ങനെ ഒരു ക്രിക്കറ്ററുടെ എല്ലാ കഴിവും അവനുണ്ട്.

കഴിഞ്ഞ ഐ.പി.എല്ലില്‍ അവന്റെ മാസ്മരിക പ്രകടനം നമ്മളൊക്കെ കണ്ടതാണ്. സത്യം പറഞ്ഞാല്‍, അവന്‍ ഒറ്റക്ക് വിചാരിച്ചാല്‍ ഈ ടി-20 ലോകകപ്പ് ജയിക്കാം. അങ്ങനെയൊള്ള മാച്ച് വിന്നറാണ് അവന്‍,’ വാട്‌സണ്‍ പറഞ്ഞു.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയില്‍ വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യന്‍ ടീമും വെച്ചുപുലര്‍ത്തുന്നത്. ഇക്കഴിഞ്ഞ പരമ്പരകളിലും ഏഷ്യ കപ്പിലും താരം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

ഒക്ടോബര്‍ 23നാണ് ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മാച്ച്. പാകിസ്ഥാനെയാണ് ടീം നേരിടുക.

Content Highlight: Shane Watson about Hardik Pandya and T-20 World Cup