Movie Day
ആര്‍.ഡി.എക്‌സിലെ റോബര്‍ട്ടിനെ പോലെ ഒരു എവല്യൂഷന്‍ എനിക്കും സംഭവിച്ചിട്ടുണ്ട്: ഷെയ്ന്‍ നിഗം
ആര്‍.ഡി.എക്‌സിലെ റോബര്‍ട്ട് എന്ന കഥാപാത്രത്തിന് സംഭവിച്ചതുപോലൊരു എവല്യൂഷന്‍ തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം
രണ്ട് കാലഘട്ടങ്ങളിലെ റോബര്‍ട്ടിനെ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നും രണ്ടാം പകുതിയില്‍ തിരിച്ചുവരുന്ന നായകന് അല്‍പം കൂടി പക്വതയുണ്ടെന്നും അത്തരത്തിലൊരു എവല്യൂഷന്‍ തന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ടെന്നുമാണ് ഷെയ്ന്‍ പറയുന്നത്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍. തൊട്ടാല്‍ തിരിച്ചടിക്കുന്ന ആ നായകനില്‍ എത്ര ശതമാനമുണ്ട് ഷെയ്ന്‍ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘ആര്‍.ഡി.എക്‌സിലെ റോബര്‍ട്ടിന് രണ്ടു കാലങ്ങളുണ്ട്. പെട്ടെന്ന് പ്രകോപിതനാകുന്ന ചോരത്തിളപ്പുള്ള കാലമാണ് ആദ്യത്തേത്. രണ്ടാം പകുതിയില്‍ തിരിച്ചു വരുന്ന നായകന് കുറച്ചുകൂടി പക്വതയുണ്ട്.
ആ എവല്യൂഷന്‍ എനിക്കും ഉണ്ടെന്നത് സത്യമാണ്. പെട്ടെന്ന് ദേഷ്യപ്പെടുന്ന ശീലം മാറി, പക്വത കൂടുന്നുണ്ടല്ലോ. പത്ത് വര്‍ഷം കൊണ്ടു സിനിമയില്‍ നിന്നു പഠിച്ച പ്രധാന കാര്യം ഇതാണ്, പല കാര്യങ്ങളും നമ്മുടെ പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. അവയെ അതിന്റെ വഴിയേ അങ്ങ് വിടുക. ഗുണമുള്ള കാര്യങ്ങള്‍ക്കു വേണ്ടി എനര്‍ജി ചെലവാക്കാമെന്നു തീരുമാനിച്ചു. എനിക്കു മാത്രമല്ല, എല്ലാവര്‍ക്കും തിരിച്ചടികളുണ്ട് എന്നും തിരിച്ചറിയുന്നു,’ ഷെയ്ന്‍ പറഞ്ഞു.
സിനിമയില്‍ നിന്നും നേരിട്ട വിലക്കിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ‘ആര്‍.ഡി.എക്‌സിന്റെ ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് ആയി വീട്ടില്‍ വന്ന ദിവസം. ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ കാലിന് പരിക്കു പറ്റിയിരുന്നു. വേദനയും നീരും കൂടി ആശുപത്രിയില്‍ പോയെങ്കിലും മാറുന്നില്ല. വൈകിട്ട് ഉമ്മച്ചിയും അനിയത്തിമാരുമായി ചായ കുടിച്ചിരിക്കുമ്പോഴാണ് ഫോണ്‍, നിങ്ങളെ മലയാള സിനിമയില്‍ നിന്നു വിലക്കിയല്ലോ. എന്താണ് പ്രതികരണം?
2023 ഏപ്രില്‍ 13 ന് ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയില്‍ സഹകരിക്കുന്നില്ല എന്നു പറഞ്ഞ് ഏപ്രില്‍ 25 നാണു വിലക്കു വന്നത്. എന്റെ ഭാഗം ന്യായീകരിക്കാന്‍ നിന്നാല്‍ സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത ഷെയ്ന്‍ ആഞ്ഞടിച്ചു എന്നാകും.
2019 മുതല്‍ അമ്മയില്‍ അംഗമാണ്. കഥയില്‍ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച കത്തിനു പിന്നിലുള്ള കാര്യങ്ങള്‍ ഇടവേള ബാബു ചേട്ടന് അറിയാം. ചേട്ടന്‍ ഇടപെട്ടാണ് വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ജൂണ്‍ ആറിനു വിലക്കു നീക്കി.’ ഷെയ്ന്‍ നിഗം പറഞ്ഞു.
ആര്‍.ഡി.എക്‌സിലൂടെയുള്ള തിരിച്ചുവരവിനെ മധുരപ്രതികാരം എന്ന് പറയാമോ എന്ന ചോദ്യത്തിന് മധുരപ്രതികാരം എന്നൊന്നും പറഞ്ഞു ചുമ്മാ പ്രശ്‌നമുണ്ടാക്കല്ലേ എന്നായിരുന്നു ഷെയ്‌ന്റെ തമാശരൂപേണയുള്ള മറുപടി.
‘റിയലിസ്റ്റിക് കഥാപാത്രങ്ങളില്‍ നിന്നു വേറിട്ടൊരു റോള്‍ മോഹിച്ചിരിക്കുമ്പോഴാണ് ആര്‍.ഡി.എക്‌സ് വരുന്നത്. കുറച്ചുകൂടി സ്‌റ്റൈലിഷായി, ഹീറോ ഇമേജില്‍ എന്നെ കാണണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു.
സിനിമ റിലീസായപ്പോള്‍ എല്ലാ മുഖത്തും ചിരി വിരിഞ്ഞു. അതാണ് ഏറ്റവും സന്തോഷം. മഞ്ജു വാരിയരും ജോജു ചേട്ടനുമൊക്കെ ഗുഡ് ജോബ്, എക്‌സലന്റ്…’ എന്നു മെസേജ് ഇട്ടു. മുന്‍പും സിനിമയില്‍ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും നീല നിലവേ.. പോലെ ഓളമുണ്ടായിട്ടില്ല. ഇപ്പോഴും ആ പാട്ടിനു റീല്‍സ് ചെയ്ത് എന്നെ ടാഗ് ചെയ്യുന്നവരുണ്ട്,’ ഷെയ്ന്‍ പറഞ്ഞു.
Content Highlight: Shane Nigam about his Character Change Before and After RDX